തിരുവനന്തപുരം: രാഷ്ട്രീയ നേതാക്കള്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരേ പരാതി നല്കി വിവാദത്തില്പെട്ടയാള്ക്കെതിരേ യുവതി പീഡനത്തിന് പരാതി നല്കി. ഭര്‍ത്താവുമായി പിണങ്ങിക്കഴിയുന്ന തിരുവനന്തപുരം പുത്തന്‍തോപ്പ് സ്വദേശിനിയായ യുവതിയാണ് മെഡിക്കല്‍ കോളജ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. വ്യവഹാരങ്ങളിലൂടെ വിവാദനായകനായ വ്യക്തി വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ ആരോപണം. എന്നാല്‍, ഇതു സംബന്ധിച്ചു യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം മാത്രമേ കേസ് രജിസ്റ്റര്‍ ചെയ്യുകയുള്ളുവെന്നു പോലീസ് അറിയിച്ചു.
യുവതിയുടെ പരാതി ഇങ്ങനെ: ഭര്‍ത്താവുമായി പിണങ്ങി കഴിയുന്ന താന്‍ കഴിഞ്ഞ നാലു വര്‍ഷമായി ആരോപണവിധേയനുമായി അടുപ്പത്തിലായിരുന്നു. വിവാഹ വാഗ്ദാനം നല്‍കിയതിനെ തുടര്‍ന്നാണു ഇയാളുമായി അടുത്തത്. വിവാഹ വാഗ്ദാനം നല്‍കിയതിനെ തുടര്‍ന്നു മതവും മാറി. ഒന്നര വര്‍ഷം മുന്‍പു ഇയാള്‍ ഇടപെട്ടു സൗദി അറേബ്യയിലേക്ക് അയച്ചു. കഴിഞ്ഞ ജനുവരി 17നു ഗള്‍ഫില്‍ നിന്നു മടങ്ങിയെത്തി. മെഡിക്കല്‍ കോളജിനു സമീപത്തെ ലോഡ്ജ് മുറി വാടകയ്ക്ക് എടുത്താണു ഇയാള്‍ തന്നെ താമസിപ്പിച്ചിരുന്നത്. അവിടെ വച്ചു പീഡനത്തിനിരയാക്കി. വീട് വാടകയ്ക്ക് എടുത്തു നല്‍കാമെന്നു പറഞ്ഞെങ്കിലും പിന്നീടു പണവും ആഭരണങ്ങളും ഇലക്ട്രോണിക്സ് സാധനങ്ങളുമായി ആരോപണവിധേയന് മുങ്ങുകയായിരുന്നുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
അതേസമയം, മന്ത്രിയായിരിക്കേ തന്നെ ഭീഷണിപ്പെടുത്തിയ കേസില്‍ പായിച്ചിറ നവാസിനെതിരേയുള്ള അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് അനൂപ് ജേക്കബ് എംഎല്‍എ വ്യാഴാഴ്ച ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. പായിച്ചിറ നവാസ് നിരന്തരം ഭീഷണി മുഴക്കുന്ന സാഹചര്യത്തിലാണ് അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുന്നതെന്ന് അനൂപ് പരാതിയില്‍ പറയുന്നു. പായിച്ചിറ നവാസ് ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖ അടക്കമുള്ള തെളിവുകള്‍ സഹിതമാണു അനൂപ് നേരത്തെ പരാതി നല്‍കിയിരുന്നത്.
താന്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രിയായിരിക്കേ പായിച്ചിറ നവാസ് 2015 നവംബര്‍ 23നു സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ബ്ലോക്കിലെ ഓഫീസിലെത്തി ഭീഷണിപ്പെടുത്തി. തനിക്കെതിരേ തെളിവുകളുണ്ടെന്നു പറയുകയും വിജിലന്‍സില്‍ പരാതി നല്കാതിരിക്കാന് പണം ആവശ്യപ്പെടുകയും ചെയ്തു. ഉടന്‍ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് കന്റോണ്‍മെന്റ് പോലീസ് നവാസിനെ അറസ്റ്റു ചെയ്യുകയും നാലു ദിവസം റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നതായും ഡിജിപിക്കു നല്കിയ കത്തില്‍ അനൂപ് ജേക്കബ് പറയുന്നു.
തനിക്കെതിരായ യുവതിയുടെ ആരോപണം കെട്ടിച്ചമച്ചതാണെന്ന് പായിച്ചിറ നവാസ് പ്രതികരിച്ചു. അഴിമതി വിരുദ്ധ പോരാട്ടം നടത്തുന്ന തനിക്കെതിരേ ചില ഉന്നത ഉദ്യോഗസ്ഥരും മുന്മന്ത്രിമാരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയാണ് പരാതി സൃഷ്ടിച്ചത്. തനിക്കെതിരേ പരാതി നല്കിയ യുവതി മുന്‍പ് പലര്‍ക്കെതിരേയും സമാന പരാതി നല്‍കിയിട്ടുണ്ടെന്നും നവാസ് പറഞ്ഞു.