പിറവം: “സേവ് പിറവം പുഴ’ പ്രവർത്തകർ പുഴയിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് കുപ്പികളടക്കമുള്ള മാലിന്യം ആലുവ ആസ്ഥാനമായുള്ള പ്ലാൻ ആറ്റ് എർത്ത്’ എന്ന സന്നദ്ധ സംഘടന ഏറ്റെടുത്തു. കഴിഞ്ഞ നാലു വർഷത്തിലധികമായി ഭൂമിയോട് നീതി പുലർത്തുക എന്ന ഉദ്ദേശത്തോടെ പ്രവർത്തിക്കുന്ന സംഘടന ജില്ലയിലെ നാല് നഗരസഭകളിലേയും നാല് പഞ്ചായത്തുകളിലേയും പ്ലാസ്റ്റിക് മാലിന്യങ്ങൾ സംഭരിക്കുന്നുണ്ട്.പിറവത്ത് പുഴയിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് കുപ്പികളുൾപ്പെടെയുള്ളവ ജില്ലാ ഭരണകൂടത്തിന്റെ നിർദേശപ്രകാരം ശുചിത്വമിഷൻ ഏറ്റെടുക്കാമെന്ന് അറിയിച്ചെങ്കിലും ഇവർ കയ്യൊഴിഞ്ഞതോടെ പ്രവർത്തകർ ആശങ്കലായി.
മാലിന്യങ്ങൾ വലിയൊരു വള്ളത്തിൽ പുഴയോരത്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് നഗരസഭ ചെയർമാൻ സാബു കെ. ജേക്കബാണ് പ്ലാൻ എർത്ത് പ്രവർത്തകരുമായി ബന്ധപ്പെട്ടത്. സംഘടനയുടെ പ്രസിഡന്റ് മുജീബ് മുഹമ്മദ്, സെക്രട്ടറി സൂരജ് എബ്രാഹം എന്നിവർ പിറവത്തെത്തി ചർച്ച നടത്തിയശേഷം ഏറ്റെടുക്കാമെന്ന് അറിയിക്കുകയായിരുന്നു. വരും ദിനങ്ങളിലും പിറവം നഗരസഭയിലെ പ്ലാസ്റ്റിക് മാലിന്യം ഏറ്റെടുക്കുന്ന സ്ഥിരം സംവിധാനം ഏർപ്പെടുത്തുന്ന കാര്യവും ചർച്ച ചെയ്തുവരുകയാണന്ന് സാബു കെ. ജേക്കബ് അറിയിച്ചു. പ്ലാൻ അറ്റ് എർത്ത് ശേഖരിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ ഹൈദരബാദിലെ റീസൈക്കിളിംഗ് പ്ലാന്റിനാണ് കൈമാറുന്നത്.
നാല് ജില്ലകളിലെ കുടിവെള്ള പദ്ധതികളുടെ പ്രധാന ശ്രോതസായ പിറവം പുഴയിൽ മാലിന്യം കുമിഞ്ഞുകൂടിക്കൊണ്ടിരിക്കുന്നതിനെത്തുടർന്നാണ് പിറവം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജിൽസ് പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ ന്ധസേവ് പിറവം പുഴ’ എന്ന പേരിൽ എതാനും യുവാക്കളുമായി സഹകരിച്ച് പുഴ ശുചിയാക്കുന്ന ജോലിക്ക് തുടക്കമിട്ടത്. വേനൽ കടുത്തതോടെ നീരൊഴുക്ക് കുറയുകയും പുഴയിലെ ജലനിരപ്പ് താഴുകയും ചെയ്തതോടെ മാലിന്യങ്ങൾ ധാരാളമായി മേൽത്തട്ടിൽ കുമിഞ്ഞുകൂടിയിരുന്നു.
കുടിവെള്ള പന്പിംഗ് സ്റ്റേഷനുകളുടെ സമീപത്തെല്ലാം അറവ് മാലിന്യങ്ങളടക്കമുള്ളവ ചാക്കിൽ കെട്ടിയ നിലയിൽ കെട്ടിക്കിടക്കുകയായിരുന്നു. പാഴൂരിലെ ജനറം പദ്ധതിയിലൂടെ പശ്ചിമ കൊച്ചിയിലേക്കും, കളന്പൂരിലെ ജപ്പാൻ പദ്ധതിയിലൂടെ ചേർത്തല താലൂക്ക് മേഖലയിലേക്കും, മേവെള്ളൂർ പദ്ധതിയിലൂടെ വൈക്കം മേഖലയിലേക്കും വെള്ളം കൊണ്ടുപോകുന്നുണ്ട്. പത്ത് ലക്ഷത്തിലധികം ജനങ്ങളാണ് പിറവം പുഴയിലെ വെള്ളം കുടിവെള്ളമായി ഉപയോഗിക്കുന്നത്.
പുഴയുടെ മേൽത്തട്ടിൽ അടിഞ്ഞുകൂടിയിരിക്കുന്ന പ്ലാസ്റ്റിക്-ചില്ലു കുപ്പികളും, മറ്റു മാലിന്യങ്ങളും ഏറെക്കുറെ നീക്കം ചെയ്തുവെങ്കിലും ഇനിയുമുണ്ടെന്ന് പ്രവർത്തകർ പറയുന്നു. പ്ലാൻ അറ്റ് എർത്ത് സംഘടന പ്ലാസ്റ്റിക് മാലിന്യം ഇനിയും ഏറ്റെടുക്കാമെന്ന് അറിയിച്ച സ്ഥിതിക്ക് പുഴയിലെ ശുചീകരണ ജോലികൾ വീണ്ടും ആരംഭിക്കുമെന്ന് ജിൽസ് പെരിയപ്പുറം അറിയിച്ചു. പിറവം ടൗണ്‍ അക്വാറ്റിക് ക്ലബുമായി സഹകരിച്ചാണ് മാലിന്യം ശേഖരിക്കുന്നത്.
ഇന്നലെ പാലത്തിന് സമീപമുള്ള കടവിൽ നടന്ന ചടങ്ങിൽ പുഴയിൽ നിന്നും ശേഖരിച്ച് മാലിന്യങ്ങൾ നഗരസഭ ചെയർമാൻ സാബു കെ. ജേക്കബിന്റെ നേതൃത്വത്തിൽ ചാക്കിൽ നിറച്ച് പ്ലാൻ ആറ്റ് എർത്ത് പ്രവർത്തകർക്ക് കൈമാറി. സേവ് പിറവം പുഴ കോർഡിനേറ്റർ ജിൽസ് പെരിയപ്പുറം, നഗരസഭ വൈസ് ചെയർപേഴ്സണ്‍ ഐഷ മാധവൻ, കൗണ്‍സിലർമാരായ മെബിൻ ബേബി, സിജി സുകുമാരൻ, സോജൻ ജോർജ്, പ്രഫ. ടി.കെ. തോമസ്, വത്സല വർഗീസ്, അത്സ അനൂപ്, ഷിജി ഗോപകുമാർ, ഷൈബി രാജു, റീജ ഷാജു, സേവ് പിറവം പുഴ ഭാരവാഹികളായ ജെയിംസ് ഓണശേരിൽ, ജോമോൻ പടവെട്ടിയിൽ, ബെസിൽ തോട്ടപ്പിള്ളിൽ, ഷാരോണ്‍ ഏലിയാസ്, വർഗീസ് പോൾ എന്നിവർ പങ്കെടുത്തിരുന്നു.