ഇപ്പോള്‍ ഭരിക്കുന്നത് ജനങ്ങള്‍ക്ക് താത്പര്യമുള്ള സര്‍ക്കാരല്ല; ജയലളിതയ്ക്ക് ഭൂരിപക്ഷം നല്‍കിയത് വീട്ടുവേലക്കാരിയെ മുഖ്യമന്ത്രിയാക്കാനല്ല: സ്റ്റാലിന്‍

M.K.Stalin_050217

ചെന്നൈ: എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ.ശശികലയെ തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരുന്നതിനെതിരേ ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്‍റും പ്രതിപക്ഷ നേതാവുമായ എം.കെ.സ്റ്റാലിന്‍ രംഗത്ത്. ജയലളിതയ്ക്ക് ജനങ്ങള്‍ ഭൂരിപക്ഷം നല്‍കിയത് വീട്ടുവേലക്കാരിയെ മുഖ്യമന്ത്രിയാക്കനല്ലെന്നാണ് സ്റ്റാലിന്‍ പ്രതികരിച്ചത്.

ജയലളിതയുടെ മരണത്തിന് ശേഷം എഐഎഡിഎംകെയില്‍ അധികാരത്തിന് വേണ്ടിയുള്ള ശീതയുദ്ധമാണ് നടക്കുന്നത്. അതിനാല്‍ സംസ്ഥാന ഭരണം സ്തംഭിച്ചിരിക്കുകയാണ്. ജനങ്ങള്‍ക്ക് താത്പര്യമുള്ള സര്‍ക്കാരല്ല ഇപ്പോള്‍ ഭരിക്കുന്നതെന്ന് ഉറപ്പാണ്. കാരണം, ജയലളിത മുഖ്യമന്ത്രിയാകാനാണ് അണ്ണാ ഡിഎംകെയ്ക്ക് തമിഴ്‌നാട് ഭൂരിപക്ഷം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് താന്‍ എത്തിയത് പാര്‍ട്ടിയില്‍ ഒരു തരത്തിലുള്ള തര്‍ക്കത്തിനും ഇടയാക്കിയിട്ടില്ലെന്നും ഇത് സംബന്ധിച്ചുള്ള മാധ്യമവാര്‍ത്തകള്‍ എല്ലാം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ താനായിരിക്കും ഡിഎംകെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി എന്ന പ്രചരണം അടിസ്ഥാനമില്ലാത്തതാണെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

Related posts