നികുതി ഒഴിവുകളിൽ പുതിയ ആനൂകൂല്യങ്ങളൊന്നുമില്ല. രണ്ടര ലക്ഷം മുതൽ അഞ്ചു ലക്ഷം വരെയുള്ള നികുതിനിരക്ക് പത്തു ശതമാനത്തിൽനിന്ന് അഞ്ചു ശതമാനമാക്കി കുറച്ചു. ഇതുമൂലം മൂന്നു ശതമാനം സെസ് ഉൾപ്പെടെ പരമാവധി 12,875 രൂപ വരെ നികുതിദായകർക്ക് ആദായനികുതിയിൽ കുറവു ലഭിക്കും.
87 എ വകുപ്പനുസരിച്ച് അഞ്ചു ലക്ഷം രൂപ വരെ വരുമാനമുണ്ടായിരുന്ന നികുതിദായകർക്ക് ലഭിച്ചിരുന്ന റിബേറ്റ് മൂന്നര ലക്ഷം രൂപ വരെ വരുമാനമുള്ളവർക്കായി കുറച്ചു. അതോടൊപ്പം 5,000 രൂപ വരെ ലഭിച്ചിരുന്ന റിബേറ്റ് 2500 രൂപയാക്കി നിജപ്പെടുത്തിയിട്ടുണ്ട്. മൂന്നര ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ഈ ബജറ്റ് അനുസരിച്ച് 100 ശതമാനം നികുതിയിളവ് അല്ലെങ്കിൽ 2,500 രൂപ ഇവയിലേതാണോ കുറവ് അതാണ് ആനുകൂല്യമായി ലഭിക്കുന്നത്.
50 ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുള്ള വ്യക്തികൾക്കും ഹിന്ദു അവിഭക്തകുടുംബങ്ങൾക്കും എഒപികൾക്കും മറ്റും നികുതിക്കു പുറമേ പത്തു ശതമാനം സർചാർജ് ഉണ്ടായിരിക്കുന്നതാണ്. വരുമാനം ഒരു കോടിയിൽ കവിഞ്ഞാൽ സർചാർജ് നിരക്ക് 15 ശതമാനമായി വർധിക്കുന്നതാണ്. നിലവിലും 15 ശതമാനം സർചാർജാണുള്ളത്.
2015-16 സാന്പത്തികവർഷത്തിൽ 50 കോടിയിൽ കൂടുതൽ വാർഷിക വിറ്റുവരവില്ലാത്ത എല്ലാ ഇന്ത്യൻ കന്പനികൾക്കും നികുതിനിരക്ക് 25 ശതമാനമാക്കി കുറച്ചിട്ടുണ്ട്.രണ്ടു കോടിയിൽ താഴെ വിറ്റുവരവുള്ളതും 44 എഡി വകുപ്പനുസരിച്ച് അനുമാനനികുതി അടയ്ക്കുന്നതുമായ നികുതിദായകർ വിറ്റുവരവ് അക്കൗണ്ട് പേയി ചെക്കായോ ഡ്രാഫ്റ്റ് ആയോ അല്ലെങ്കിൽ ഇലക്ട്രോണിക് മാർഗത്തിലൂടെ ബാങ്ക് വഴി നടത്തുകയോ ആണെങ്കിൽ വരുമാനം ആറു ശതമാനം മാത്രമാക്കി എസ്റ്റിമേറ്റ് ചെയ്യാവുന്നതാണ്. എന്നാൽ, ഭാഗികമായി കാഷ് സ്വീകരിച്ചാൽ അവയ്ക്കു നിലവിലെ നിരക്കായ എട്ടു ശതമാനം തന്നെ എസ്റ്റിമേറ്റ് ചെയ്യേണ്ടതുണ്ട്.
ബിസിനസിൽ 10,000 രൂപയിൽ കൂടുതൽ കാഷായി ചെലവാക്കിയാൽ അത് ബിസിനസിലുണ്ടായ ചെലവായി ആദായനികുതി വകുപ്പ് 40 എ(3) അനുസരിച്ച് കണക്കാക്കുന്നതല്ല. നിലവിൽ ഈ തുക 20,000 രൂപയാണ്. ധർമസ്ഥാപനങ്ങൾക്കും മറ്റും നല്കുന്ന സംഭാവന 2000 രൂപയിൽ കൂടുതൽ കാഷായി നല്കിയാൽ അവയ്ക്ക് 80 ജി അനുസരിച്ചുള്ള ആനുകൂല്യം ലഭിക്കുന്നതല്ല. നിലവിൽ 10,000 രൂപയിൽ കൂടുതൽ കാഷായി നല്കിയാലാണ് ആനുകൂല്യം ലഭ്യമല്ലാ ത്തത്.
മൂന്നു ലക്ഷം രൂപയിൽ കൂടുതലുള്ള എല്ലാ ഇടപാടുകളും കാഷായി നടത്തുന്നത് നിയമവിരുദ്ധമാണ്. അവ അക്കൗണ്ട് പേയ് ചെക്കായോ ഡ്രാഫ്റ്റായോ അല്ലെങ്കിൽ ഇലക്ട്രോണിക് മാർഗത്തിലൂടെയോ ബാങ്കിൽകൂടി മാത്രമേ നടത്താവൂ. ഒരു ദിവസം തന്നെ പല ഇടപാടുകളായി മൂന്നു ലക്ഷം രൂപയിൽ കൂടുതൽ ഇടപാട് ഒരു വ്യക്തിയുമായോ സ്ഥാപനവുമായോ കാഷായി നടത്താവുന്നതല്ല.
ആദായനികുതി നിയമം 44 എബി വകുപ്പനുസരിച്ച് നിർബന്ധിത ഓഡിറ്റ് ബാധകമല്ലാത്ത വ്യക്തികളും ഹിന്ദു അവിഭക്ത കുടുംബങ്ങളും പ്രതിമാസം വാടകയായി 50,000 രൂപയിൽ കൂടുതൽ നല്കുകയാണെങ്കിൽ പ്രസ്തുത തുകയിൽനിന്നും അഞ്ചു ശതമാനം സ്രോതസിൽ നികുതിയായി പിടിക്കേണ്ടതുണ്ട്.
20,000 രൂപയിൽ കൂടുതൽ രൂപ വായ്പയായി വാങ്ങുന്പോഴും തിരികെ നല്കുന്പോഴും അക്കൗണ്ട് പേയ് ചെക്കായോ ഡ്രാഫ്റ്റായോ അല്ലെങ്കിൽ ഇലക്ട്രോണിക് മാർഗത്തിലൂടെയോ ബാങ്ക് മുഖാന്തിരം മാത്രമായിരിക്കണം നടത്തേണ്ടത്. അല്ലാത്തപക്ഷം തുല്യ തുക പിഴയായി ഈടാക്കാൻ വ്യവസ്ഥയുണ്ട്.
രാഷ്ട്രീയ പാർട്ടികൾ 2000 രൂപയിൽ കൂടുതൽ തുക കാഷായി വാങ്ങാൻ പാടില്ല. അവർ നിർദിഷ്ട തീയതിക്കകം ആദായനികുതി റിട്ടേണുകൾ സമർപ്പിച്ചാൽ മാത്രമേ ആദായനികുതി ഇളവുകൾ ലഭിക്കൂ. ഇലക്ടറൽ ബോണ്ടുകൾ വാങ്ങുന്നവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തേണ്ടതില്ല.
വസ്തുവില്പനയുടെ സമയത്ത് രണ്ടു വർഷത്തിൽ കൂടുതൽ കൈവശം സൂക്ഷിച്ചിട്ടാണ് വിൽക്കുന്നതെങ്കിൽ അവയ്ക്ക് ദീർഘകാല മൂലധനനേട്ടത്തിന്റെ ആനുകൂല്യം ലഭിക്കുന്നതാണ്. നിലവിൽ ഇതു മൂന്നു വർഷമാണ്. ദീർഘകാല മൂലധനനേട്ടത്തിന് നികുതിനിരക്ക് 20 ശതമാനമാണ്. ഇൻഡക്സേഷനു ശേഷമാണ് മൂലധനനേട്ടം കണക്കാക്കേണ്ടത്. നിലവിൽ ദീർഘകാല മൂലധനനേട്ടത്തിനു ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും തുടർന്നും ലഭിക്കും.
നിലവിലെ നിയമപ്രകാരം 1981നു മുന്പ് വാങ്ങിയതോ ലഭിച്ചതോ ആയ വസ്തുക്കൾ വിൽക്കുന്പോൾ ലഭിക്കുന്ന ദീർഘകാല മൂലധനനേട്ടം കണക്കാക്കുന്നതിന് അടിസ്ഥാനവിലയായി 1981 ഏപ്രിൽ ഒന്നിലെ മതിപ്പു വിലയായിരുന്നു കണക്കിലെടുക്കേണ്ടത്. പുതിയ ബജറ്റനുസരിച്ച് 2001നു മുന്പ് വാങ്ങിയതോ ലഭിച്ചതോ ആയ എല്ലാ വസ്തുക്കളുടെയും അടിസ്ഥാനവില 2001 ഏപ്രിൽ ഒന്നിലെ മതിപ്പുവിലയാക്കി നിജപ്പെടുത്തിയിട്ടുണ്ട്. ഇത് മൂലധനനേട്ടം കണക്കാക്കുന്പോൾ നികുതിദായകർക്ക് ആശ്വാസം നല്കും.കെട്ടിടനിർമാതാക്കൾ വിറ്റുപോകാത്ത ഫ്ലാറ്റുകൾക്കും വീടുകൾക്കും ഇനി മുതൽ നോഷണൽ വാടക വരുമാനമായി കാണിക്കേണ്ടതില്ല.
മാറ്റ് ക്രെഡിറ്റ് 15 വർഷം വരെ ക്യാരി ഫോർവേഡ് ചെയ്ത് കൊണ്ടുപോകാവുന്നതാണ്. നിലവിൽ ഇത് 10 വർഷം വരെ മാത്രമാണ്. നിലവിൽ 10 ലക്ഷം രൂപയിൽ കൂടുതൽ ഡിവിഡന്റ് ലഭിക്കുന്ന എല്ലാ വ്യക്തികളും അവിഭക്ത കുടുംബങ്ങളും മാത്രം ലഭിക്കുന്ന തുകയുടെ 10 ശതമാനം നികുതിയായി നല്കേണ്ടിയിരുന്നത് ഇനി മുതൽ ഇന്ത്യൻ കന്പനി, ആദായനികുതി നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ധർമ സ്ഥാപനങ്ങൾ/വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ ഒഴികെ എല്ലാവർക്കും ബാധകമാക്കി.
നിലവിൽ 50,000 രൂപയിൽ കൂടുതൽ വരുന്ന തുക ബന്ധുക്കളിൽനിന്നല്ലാതെ വ്യക്തികൾ സമ്മാനമായി സ്വീകരിച്ചാൽ ആദായനികുതിനിയമം 56-ാം വകുപ്പനുസരിച്ച് നികുതി ഈടാക്കാവുന്നതാണ്. ഇത് പുതിയ ബജറ്റനുസരിച്ച് എല്ലാവർക്കും ബാധകമാക്കി. സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ക്വാട്ട് ചെയ്യാത്ത ഓഹരികൾ വില്ക്കുന്പോൾ മതിപ്പുവിലയിൽ താഴെയാണ് വില്പനവിലയെങ്കിൽ അടിസ്ഥാനവിലയായി മതിപ്പ് വിലയാണ് എടുക്കേണ്ടത്.
നിർദിഷ്ട തീയതിക്കുള്ളിൽ ആദായനികുതി റിട്ടേണുകൾ സമർപ്പിച്ചില്ലെങ്കിൽ ഫീസ് ഈടാക്കാൻ പുതിയ ബജറ്റിൽ വ്യവസ്ഥയുണ്ട്. കിട്ടാക്കടങ്ങളുടെ പ്രൊവിഷനായി ബാങ്കുകൾക്ക് നല്കിയിരുന്ന ഏഴര ശതമാനം കിഴിവ് പുതിയ ബജറ്റനുസരിച്ച് എട്ടര ശതമാനമാക്കി വർധിപ്പിച്ചിട്ടുണ്ട്.