കാട്ടാക്കട: നീല ജലാശയത്തിൽ കുളിയ്ക്കാൻ ഇറങ്ങുന്നവരെ സൂക്ഷിക്കുക. ഇവിടെ ഒളിച്ചിരിക്കുന്നത് കാണാക്കയങ്ങളും മരണകുഴികളും. നെയ്യാർഡാം കാണാൻ എത്തുന്നവരും കണ്ടതിന് ശേഷം കുളിയ്ക്കുന്നതും പതിവായ ഇവിടെ മരണങ്ങളും പിന്നാലെയുണ്ട്. നെയ്യാർഡാമിലെ ഇത്തരത്തിലെ മരണങ്ങൾ അടുത്തിടെ നിരവധി നടന്നു കഴിഞ്ഞു. ഏറ്റവും ഒടുവിൽ ഒരു വർഷത്തിന് മുൻപ് രണ്ടുപേർ മരിച്ചിരുന്നു.
മാത്രമല്ല നിരവധി അപകടങ്ങളും പതിവായി നടക്കുന്നുണ്ട്. അത് ആരും അറിയുന്നില്ലെന്ന് മാത്രം.മനോഹരമായ ഈ നീല ജലാശയത്തിന് പിറകിൽ കാണാക്കയങ്ങളും മരണകുഴികളും ഒളിഞ്ഞിരിപ്പുണ്ട്. അത് ആരും അറിയുന്നില്ലെന്ന് മാത്രം. ഡാമിലെ ഇത്തരം ഭാഗങ്ങളിലാണ് അധികം പേരും കുളിയ്ക്കാൻ ഇറങ്ങുന്നത്. ഇവിടെ ഒഴിഞ്ഞ ഭാഗങ്ങൾ നിരവധിയുണ്ട്. അതിനാൽ നിരവധി പേർ കുളിയ്ക്കാനും ഇവിടെ എത്തും. ഇവിടെയാണെങ്കിൽ കാണാക്കയങ്ങളും ചെളിയും നിറഞ്ഞിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.
കുളിയ്ക്കാൻ എത്തുന്നവരെ നാട്ടുകാർ തന്നെ വിലക്കി വിടും. എന്നാൽ അൽപ്പം ലഹരിയോടെ എത്തുന്നവർ അത് വക വയ്ക്കാറില്ല. കാപ്പുകാട്, കരിമണ്കുളം, നെയ്യ്പ്പാറ, കൊന്പൈക്കാണി, കോലിയക്കോട്, അണമുഖം, കാരികുഴി, മരകുന്നം തുടങ്ങി നെയ്യാർഡാമിലെ 20 ഓളം ഭാഗങ്ങൾ അപകട മേഖലകളാണ്. അവിടങ്ങളിൽ നാട്ടുകാർ കുളിയ്ക്കാൻ എത്താറില്ല.
ഇവിടെ എത്തുന്നത് അധികവും സഞ്ചാരികളാണ്. അതിനാൽ തന്നെ അപകടങ്ങളും മരണങ്ങളും സംഭവിക്കുന്നു. സംഭരണയിൽ ജലനിരപ്പ് കുറഞ്ഞതോടെ ചെളിയാണ് അധികവും. അതിനാൽ ചെളിയിൽ കാൽ പുതഞ്ഞ് അപകടത്തിൽപ്പെടും. ഇത് മനസിലാക്കാതെയാണ് പലരും അപകടത്തിൽപ്പെടുന്നത്. ഡാമിലെ അപകട ഭാഗങ്ങളെ കുറിച്ച് അറിയാവുന്ന അധിക്യതർ അത് തടയാൻ ഒരു നടപടിയും എടുത്തിട്ടില്ല. അപകടമേഖലയിൽ ഇറങ്ങുന്നത് തടയാൻ വേണ്ടി നിയമനടപടിയ്ക്കും ആരും മുതിരുന്നില്ല.
ഈ ഭാഗങ്ങളിൽ അപകട ബോർഡ് വയ്ക്കണമെന്ന് പലവുരു നാട്ടുകാർ പറഞ്ഞെങ്കിലും അത് ബന്ധപ്പെട്ടവർ നടപ്പിലാക്കിയില്ല.പോലീസാകട്ടെ പലപ്പോഴും ഇത് കണ്ടില്ലെന്ന് നടിക്കുന്നു. ലഹരി വസ്തുക്കളുമായി ഡാമിൽ എത്തുന്നവർ പലപ്പോഴും ചേക്കേറുന്നത് ഇത്തരം അപകട മേഖലയിലാണ്.
ഡാമിലെ മണിമേടയ്ക്ക് താഴെയുള്ള ഭാഗത്ത് പട്ടാപ്പകൽ പോലും ഇത്തരം ആളുകൾ കൂട്ടമായി എത്തും. നല്ല ആഴവും കയങ്ങളും ഉള്ള ഭാഗമാണ് ഇവിടം. മൂക്കിന് താഴെ നടക്കുന്ന ഇത് തടയാൻ ജലസേചന വകുപ്പിന് കഴിയുന്നില്ല.