കണ്ണുതള്ളല്‍ കൗതുകമാകുന്നു! തുറിച്ചുനോട്ടത്തിലൂടെ ഗിന്നസിലേയ്ക്ക്; പാക് ബാലന്‍ ഇന്റര്‍നെറ്റില്‍ താരം

JRUJRU6RIകണ്ണ് തള്ളിപ്പോയി എന്ന് കേട്ടിട്ടില്ലേ. പാക്കിസ്ഥാന്‍ സ്വദേശിയായ ഒരു പതിനാലുകാരന്റെ കണ്ണ് തള്ളല്‍ കണ്ടാണ് ഇപ്പോള്‍ മറ്റുള്ള ആളുകളുടെ കണ്ണ് തള്ളുന്നത്. കാരണമെന്തെന്നല്ലേ. പത്ത് മില്ലീമീറ്റര്‍ വരെ കണ്ണുകള്‍ പുറത്തേക്ക് തള്ളിപ്പിക്കുന്ന അഹനമ്മദ് ഖാന്‍ എന്ന പതിനാലുകാരനാണ് തന്റെ സവിശേഷ കഴിവിനാല്‍ ലോകത്തെ മുഴുവന്‍ അമ്പരിപ്പിച്ചുകൊണ്ടിരിക്കുന്നത്. പ്രത്യേക കഴിവ് പുറത്തെടുത്ത് ലാഹോറിലെ സഹപാഠികള്‍ക്കിടയില്‍ താരമായ അഹമ്മദ് ഇപ്പോള്‍ ഇന്റര്‍നെറ്റ് സെന്‍സേഷന്‍ ആയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷമാണ് തനിക്കിങ്ങനെയൊരു കഴിവുണ്ടെന്ന അഹമ്മദ് ഖാന്‍ തിരിച്ചറിയുന്നത്. അതേക്കുറിച്ച് അഹമ്മദ് പറയുന്നതിങ്ങനെയാണ്. കഴിഞ്ഞ വര്‍ഷം എന്തോ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ കണ്ണില്‍ തൊട്ടപ്പോള്‍ കൃഷ്ണമണി പുറത്തേക്ക് തള്ളി.

കണ്ണിന് എന്തെങ്കിലും പറ്റിയിട്ടുണ്ടാകുമെന്നാണ് കരുതിയത്. എന്നാല്‍ ആ ധാരണ തെറ്റാണെന്ന് പിന്നീട് മനസിലായി. പിന്നീട് അതൊരു രസമായി തോന്നി. കണ്ണു തുറിപ്പിക്കല്‍ സ്ഥിരമാക്കി. അഹമ്മദ് ഖാന്‍ കണ്ണ് തുറിപ്പിക്കുന്ന വീഡിയോ ഓണ്‍ലൈന്‍ സൈറ്റുകളില്‍ കാട്ടുതീ പോലെ പടര്‍ന്നു. ഓണ്‍ലൈനില്‍ താരമായതോടെ അഭിമുഖം ചോദിച്ച് അഹമ്മദ് ഖാന് പിന്നാലെ പായുകയാണ് പാക് ടിവി ചാനലുകള്‍ ഇപ്പോള്‍. തന്റെ സവിശേഷ സിദ്ധി കാണുമ്പോള്‍ ചില സഹപാഠികള്‍ പേടിച്ചോടാറുണ്ടെന്ന് അഹമ്മദ് പറയുന്നു. പെണ്‍കുട്ടികളുടെ സ്ഥിതിയും അതുതന്നെ. എന്റെ കണ്ണുകള്‍ താഴെ വീഴുമോ എന്നാണ് അവരുടെ ചിന്തയെന്നും അഹമ്മദ് പ്രതികരിച്ചു.

ഗിന്നസ് ബുക്കിലാണ് ഇപ്പോള്‍ അഹമ്മദിന്റെ കണ്ണ്. കണ്ണു തുറിപ്പിക്കാന്‍ തുടങ്ങിയപ്പോഴാണ് സുഹൃത്തുക്കള്‍ ഗിന്നസ് റെക്കോര്‍ഡിനെ കുറിച്ച് പറയുന്നത്. അന്നുമുതല്‍ പുതിയ റെക്കോര്‍ഡ് കുറിക്കില്‍ അഹമ്മദിന്റെ ലക്ഷ്യമായി. കണ്ണുകള്‍ തുറിപ്പിക്കുന്നതിന്റെ റെക്കോര്‍ഡ് നിലവില്‍ യുഎസ് സ്വദേശിനി കിം ഗുഡ്‌മെന്നിന്റെ പേരിലാണ്. 12 മില്ലീമീറ്റര്‍ വരെ പുറത്തേക്ക് കണ്ണുകള്‍ തുറിപ്പിക്കാന്‍ കിമ്മിന് കഴിയും. വിചിത്ര ഹോബി അവസാനിപ്പിക്കണമെന്ന് നേത്രചികിത്സകന്‍ ആദ്യം അഹമ്മദിനെ ഉപദേശിച്ചെങ്കിലും, സവിശേഷ കഴിവിലെ ബാലന്റെ പാടവം കണ്ടതോടെ ഗിന്നസില്‍ കയറാനുള്ള ശ്രമത്തിന് പൂര്‍ണ പിന്തുണ നല്‍കിയിരിക്കുകയാണ് അദ്ദേഹവുമിപ്പോള്‍.

Related posts