ചെന്നൈ: ജയലളിതയുടെ മരണശേഷം തമിഴ്നാട്ടില്‍ ഉയര്‍ന്ന ഏറ്റവും പ്രധാന ചോദ്യം ആരാവും അടുത്ത മുഖ്യമന്ത്രി എന്നതായിരുന്നു. ഏറെ വാദപ്രതിവാദങ്ങള്‍ക്കു ശേഷം തോഴി ശശികല മുഖ്യമന്ത്രിയാകുമെന്ന് ഞായറാഴ്ച പ്രഖ്യാപിച്ചതു മുതല്‍ ഈ അനശ്ചിതത്വം തീര്‍ന്നെന്നാണ് ഏവരും കരുതിയത്. ഫെബ്രുവരി ഏഴിന് താന്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്ന് ശശികല പറഞ്ഞതോടെ ഏവരും ഉറപ്പിച്ചു ശശികല തന്നെ തമിഴ്നാടിനെ നയിക്കും എന്ന്. എന്നാല്‍ ഇപ്പോള്‍ ചെന്നൈയില്‍ നിന്നും ലഭിക്കുന്ന വിവരമനുസരിച്ച് ശശികലയുടെ ഭര്‍ത്താവ് നടരാജന് മുഖ്യമന്ത്രിയാവുമെന്നാണ് സൂചന.
ആ പഴയ സ്വത്തു സമ്പാദനക്കേസ് വീണ്ടും പൊങ്ങിവന്നത് ശശികലയുടെ മുഖ്യമന്ത്രി പദവിയ്ക്ക് വിലങ്ങു തടിയായിരിക്കുകയാണ്. തമിഴ് നാടിന് ഒരു മുഖ്യമന്ത്രിയെ ഒഴിച്ചുകൂടാനാവാത്ത സാഹചര്യത്തില്‍ ആരാകും അടുത്ത മുഖ്യമന്ത്രി എന്ന ചോദ്യം ഇതിനകം ഉയര്‍ന്നു കഴിഞ്ഞു. ശശികലയ്ക്ക് മുഖ്യമന്ത്രിയാകാന്‍ സാധിച്ചില്ലെങ്കില്‍ ഭര്‍ത്താവ് നടരാജന് നറുക്കു വീഴുമെന്നാണ് ഏവരും കരുതുന്നത്. ഇനി മറ്റൊരാളെ ഇക്കാര്യത്തില്‍ ആശ്രയിക്കാന്‍ ശശികലയ്ക്കു താത്പര്യമില്ലെന്നും കേസിന്റെ വിധിവന്നതിനു ശേഷം നടരാജനില്‍ നിന്നു ശശികല മുഖ്യമന്ത്രി പദം ഏറ്റെടുക്കുമെന്നുമുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.