ലണ്ടൻ: ഇംഗ്ലീഷ് ക്രിക്കറ്റ് ടീം നായകസ്ഥാനം അലിസ്റ്റര്‍ കുക്ക് ഒഴിഞ്ഞു. 59 ടെസ്റ്റുകളില്‍ ഇംഗ്ലണ്ടിനെ നയിച്ച കുക്ക് ഇന്ത്യയില്‍ ദയനീയമായി പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് രാജിവച്ചത്. വളരെ വിഷമകരമായ ദിവസം എന്നാണ് രാജിവച്ച മുഹൂര്‍ത്തത്തെ കുക്ക് വിശദീകരിച്ചത്. യോര്‍ക്ഷയര്‍ ബാറ്റ്സ്മാന് ജോ റൂട്ടായിരിക്കും ഇനി ഇംഗ്ലീഷ് നായകനാകുകയെന്നു സൂചനയുണ്ട്.
ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനായി ഏറ്റവുമധികം റണ്‍സ് (11,057) നേടിയ കുക്ക് 2012 ഓഗസ്റ്റിലാണ് നായകസ്ഥാനത്തെത്തുന്നത്. 2013ലും 2015ലും സ്വന്തം നാട്ടില്‍ ഓസ്ട്രേലിയയ്ക്കെതിരേ നടന്ന ആഷസ് പരമ്പര സ്വന്തമാക്കിയ കുക്ക് ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളെയും സ്വന്തം നാട്ടില്‍ തോല്‍പ്പിച്ചു. 5-0നായിരുന്നു കുക്കിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട് ഓസീസിനെ പരാജയപ്പെടുത്തിയത്. അതുപോലെ 28 വര്‍ഷത്തിനു ശേഷം ഒരു ഇംഗ്ലീഷ് ടീം ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര ജയിച്ചതും കുക്കിന്റെ കീഴിലായിരുന്നു.
ഇംഗ്ലീഷ് ടീമിന്റെ നായകനായി ഇത്രയും കാലം തുടരാന്‍ സാധിച്ചത് വലിയ ബഹുമതിയായി കണക്കാക്കുന്നു. സ്ഥാനത്തുനിന്ന് മാറുന്നത് വേദനാജനകമായ കാര്യമാണ്. എന്നാല്‍, ഈമാറ്റം ശരിയായ സമയത്താണെന്നു വിചാരിക്കുന്നു -32കാരനായ കുക്ക് പറഞ്ഞു. ഇംഗ്ലണ്ടിനെ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ നയിച്ചു എന്ന റിക്കാര്‍ഡ് കുക്കിന്റെ പേരിലാണ്.
അതുപോലെ നായകനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ താരവും കുക്ക് തന്നെ. 2012ലെ വിസ്ഡന് ക്രിക്കറ്റര്‍ ഓഫ് ദ ഇയറായി തെരഞ്ഞെടുക്കപ്പെട്ട കുക്ക് 2013ല്‍ ഐസിസിയുടെ ലോക ഇലവന്റെ നായകനുമായി. ടെസ്റ്റില്‍ ആദ്യം 10000, 11000 റണ്‍സ് പിന്നിടുന്ന ഇംഗ്ലീഷ് ബാറ്റ്സ്മാന് കൂടിയാണ് അദ്ദേഹം.
കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ നാലാമതാണ് കുക്ക്. മുന്നിലുള്ള സച്ചിനേക്കാള്‍ 4864 റണ്‍സ് മാത്രം പിന്നിലാണ് കുക്ക് ഇപ്പോള്‍. ഓസ്ട്രേലിയയ്ക്കെതിരായ ആഷസ് പരമ്പരയ്ക്കു മുന്നോടിയായി പുതിയ ടീമിനെയും നായകനെയും ഇംഗ്ലണ്ട് ആന്‍ഡ് വെയ്ൽസ് ക്രിക്കറ്റ് ബോര്‍ഡ് ഉടന്‍ പ്രഖ്യാപിക്കും.