കാഞ്ഞിരപ്പള്ളി: പണത്തിന്റെ കൊഴുപ്പിലോ താരങ്ങളുടെ പകിട്ടിലോ അല്ല ഒരു കലാസൃഷ്ടിയുടെ മികവ്, മറിച്ച് പ്രതിഭയുടെ കൈയൊപ്പിലാണ്. ഈ യാഥാർഥ്യം ലോകത്തോട് ഒരിക്കൽകൂടി വിളിച്ചുപറയുകയാണ് കാഞ്ഞിരപ്പള്ളിക്കാരൻ ക്രിസ്റ്റിൻ ജോസ് സാലസ് എന്ന കൊച്ചുപ്രതിഭ.
സിംബയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മീഡിയ ആൻഡ് കമ്യൂണിക്കേഷൻ വിദ്യാർഥിയായ ക്രിസ്റ്റിൻ വെറും 180 രൂപ മുതൽ മുടക്കിൽ നിർമിച്ച ടൈം ഇൻ എ ബോക്സ് എന്ന ഇംഗ്ലീഷ് ഷോർട്ട് ഫിലിം കണക്ട് മീഡിയ ദേശീയ ഷോർട്ട് ഫിലിം മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. 450ലേറെ ഷോർട്ട് ഫിലിമുകളാണു മത്സരത്തിനെത്തിയതെന്നറിയുമ്പോഴാണ് കാഞ്ഞിരപ്പള്ളി ചിറക്കടവ് കുന്നപ്പള്ളി പരേതനായ ജോസ് സാലസിന്റെയും നിർമലയുടെയും മകൻ ക്രിസ്റ്റിൻ എന്ന സി.ജെ.സാലസിന്റെ മികവ് തിരിച്ചറിയുന്നത്. ആറു ഷോർട്ട് ഫിലിമുകളാണു ഫൈനൽ റൗണ്ടിൽ എത്തിയത്.
പ്രമുഖ സംവിധായകരായ ആനന്ദ് നാരായൺ മഹാദേവൻ, വിവേക് വസ്വാനി, മിലാസ് സവേരി എന്നിവരാണ് വിജയികളെ തെരഞ്ഞെടുത്തത്. ക്രിസ്റ്റിന്റെ ടൈം ഇൻ ബോക്സും ഇനെർഷ്യ എന്ന ഷോർട്ട് ഫിലിമും ഒന്നാം സ്ഥാനം പങ്കിടുകയായിരുന്നു. ലക്ഷക്കണക്കിനു രൂപ മുടക്കി ഷോർട്ട് ഫിലിമുകൾ നിർമിക്കുന്നതിനിടയിലാണ് വെറും 180 രൂപയുടെ മുടക്കിൽ ക്രിസ്റ്റിൻ ഒരുക്കിയ ടൈം ഇൻ ബോക്സ് വിസ്മയം സൃഷ്ടിച്ചത്.
സിനിമാരംഗത്തെ പ്രഗല്ഭരുടെ വരെ മനം കവർന്ന 180 രൂപയുടെ അദ്ഭുതം ക്രിസ്റ്റിന് നിരവധി ഭാഗ്യങ്ങളാണു സമ്മാനിച്ചിരിക്കുന്നത്. വിജയികൾക്ക് അവരുടെ അടുത്ത ഫിലിം ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിൽ സൗജന്യമായി ഷൂട്ട് ചെയ്യാനുള്ള അവസരം ലഭിക്കും. ഇതിനു സിനിമാരംഗത്തെ പ്രഗല്ഭരുടെ സഹായവും കിട്ടും.
ഒരു മനുഷ്യന്റെ തീരുമാനമെടുക്കൽ പ്രക്രിയയിലെ വിവിധ തലങ്ങളാണ് ഇനെർഷ്യ ദൃശ്യവത്കരിച്ചത്. അതേസമയം, ടൈം ഇൻ ബോക്സ് ജിം ക്രോസിന്റെ സംഗീതത്തെ അധികരിച്ചുള്ളതാണ്. ഒരാൾ സുഹൃത്തിനെ സൂക്ഷിക്കാൻ ഏല്പിക്കുന്ന ഒരു പെട്ടിയെ ചുറ്റിപ്പറ്റിയുള്ള കഥയാണിത്. പിന്നീട് ഈ ബോക്സ് തിരികെ വാങ്ങുമ്പോൾ അതിലെ ഉള്ളടക്കം അവരുടെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങളാണ് ഈ ഷോർട്ട് ഫിലിമിൽ ദൃശ്യവത്കരിച്ചത്.
ഷോർട്ട് ഫിലിമിനെക്കുറിച്ചു ചിന്തിച്ചപ്പോൾ പണമായിരുന്നു ഏറ്റവും വലിയ പ്രശ്നമെന്ന് എസ്ഐഎംസിയിലെ ആദ്യവർഷ എംബിഎ വിദ്യാർഥിയായ ക്രിസ്റ്റിൻ പറയുന്നു. ആകെ മുതൽ മുടക്കായി ഉണ്ടായിരുന്ന 500 രൂപയിൽ താഴെയുള്ള തുകയിൽ അഭിനേതാക്കളെയും മറ്റും കണ്ടെത്തുകയെന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി.
ഇതൊരു സമയം പാഴാക്കൽ ആയിത്തീരുമോയെന്ന് ആദ്യം ആശങ്കപ്പെട്ടു. എങ്കിലും ഇതുപോലൊരു അവസരം ഇനി കിട്ടിയെന്നു വരില്ലെന്നു കണ്ടപ്പോൾ രണ്ടും കല്പിച്ച് ഇറങ്ങി. സൗജന്യമായി അഭിനയിക്കാനും മറ്റും കൂട്ടുകാർകൂടി എത്തിയതോടെ സ്വപ്നം യാഥാർഥ്യമായി.
കുറഞ്ഞ ചെലവിൽ എങ്ങനെയൊരു ഫിലിം നിർമിക്കാമെന്നു നിന്നെ കണ്ടു പഠിച്ചെന്നു സംവിധായകൻ ആനന്ദ് മഹാദേവൻ പറഞ്ഞതു വലിയൊരു ബഹുമതിയായി കരുതുന്നുവെന്ന് ക്രിസ്റ്റിൻ അഭിമാനത്തോടെ പറയുന്നു. ഒരു ഫീച്ചർ ഫിലിം നിർമിക്കുകയെന്ന സ്വപ്നത്തിലേക്കു ധൈര്യപൂർവം നടന്നുകയറാൻ ഈ അവാർഡ് വലിയ ആവേശം നൽകിയിരിക്കുകയാണെന്ന് ഈ വിദ്യാർഥി പറയുന്നു.
ക്രിസ്റ്റിന്റെ സഹോദരി കാതറിൻ റാന്നി സിറ്റാഡൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്. അമ്മ നിർമല കറിക്കാട്ടൂർ സിസിഎം ഹൈസ്കൂൾ അധ്യാപികയാണ്. തികച്ചും ഗ്രാമാന്തരീക്ഷത്തിൽ പഠിച്ചുവളർന്ന ക്രിസ്റ്റിന്റെ നേട്ടം ഏവർക്കും പ്രചോദനമാണെന്ന് സന്തോഷം പങ്കിട്ട് ബന്ധുക്കളും നാട്ടുകാരും പറയുന്നു.
16 മിനിറ്റ് കഥാചിത്രത്തിന്റെ കഥയും നിർമാണവും സംവിധാനവും ക്രിസ്റ്റീൻ തന്നെയാണ് നിർവഹിച്ചത്. ബാംഗളൂരിൽ പഠിക്കുമ്പോൾ ഒരു മുറിയുടെ സ്വകാര്യതയിൽ രണ്ടു സുഹൃത്തുക്കളെ കഥാപാത്രങ്ങളാക്കി ചിത്രീകരിച്ചതാണ് ഈ കഥാചിത്രം. ചിത്രീകരണത്തിനു ഡിജിറ്റൽ കാമറ സുഹൃത്തിൽ നിന്ന് വാങ്ങി. പടം പിടിക്കാൻ 90 രൂപ വിലയുള്ള രണ്ടു ലൈറ്റുകൾ വാങ്ങിയതു മാത്രമാണു ക്രിസ്റ്റിനുണ്ടായ നിർമാണച്ചെലവ്.