കോട്ടയം: വീടിന്റെ വരാന്തയിൽ പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നു തെളിഞ്ഞു. മകനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കളക്ടറേറ്റിനുസമീപം നേതാജി റോഡിൽ മുൻസിപ്പൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന രാജപ്പ(65)നാണു ചവിട്ടേറ്റ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ടു മകൻ വിനോദി(കമ്മൽ വിനോദ്- 38)നെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ വീടിന്റെ വരാന്തയിലാണു രാജപ്പനെ മരിച്ച നിലയിൽ കണ്ടത്.
പോലീസ് പറയുന്നതിങ്ങനെ. ഞായറാഴ്ച അർധരാത്രി രാജപ്പനും മദ്യപിച്ചു വന്ന വിനോദും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായി. ഇതിനെത്തുടർന്നു വിനോദ് വീട്ടിൽനിന്ന് ഇറങ്ങിപ്പോയി. എന്നാൽ, കുറച്ചു സമയത്തിനുശേഷം തിരിച്ചു വന്ന വിനോദും പിതാവുമായി വീണ്ടും വഴക്കുണ്ടാക്കുകയും രാജപ്പനെ വീട്ടിൽനിന്നു വലിച്ചിറക്കി വരാന്തയിൽ എത്തിച്ചു ക്രൂരമായി മർദിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.
ഇതിനുശേഷം തളർന്നു കിടന്ന രാജപ്പനെ രാത്രിയിൽ വീണ്ടും തടിക്കഷണവുമായി എത്തി ആക്രമിച്ചു. പിന്നീട് തിങ്കളാഴ്ച ഉച്ചവരെ നഗരത്തിൽ കറങ്ങിയ ഇയാൾ ഉച്ചയ്ക്കു വീട്ടിൽ എത്തിയശേഷം അച്ഛൻ മരിച്ചുകിടക്കുന്നതായി പറയുകയായിരുന്നു. തുടർന്ന് ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി. എന്നാൽ, മൃതദേഹത്തിൽ മർദനമേറ്റ പാടുകൾ കണ്ടതിനാൽ ദുരൂഹതയുണ്ടെന്നു കണ്ടു നടത്തിയ അന്വേഷണത്തിലാണ് കൊലപതാക വിവരം അറിവായത്.
വിനോദ് സ്ഥിരമായി മാതാപിതാക്കളെ മർദിച്ചിരുന്നതായി നാട്ടുകാർ മൊഴി നൽകിയതോടെ ഇയാളെ പോലീസ് ചോദ്യംചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു. മർദനത്തിനിടെ നെഞ്ചിനേറ്റ ചവിട്ടാണു മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
ജില്ലാ പോലീസ് മേധാവി എൻ. രാമചന്ദ്രന്റെ നിർദേശപ്രകാരം കോട്ടയം ഡിവൈഎസ്പി ഗിരീഷ് പി. സാരഥി, കോട്ടയം ഈസ്റ്റ് സിഐ അനീഷ് വി. കോര, എസ്ഐ യു. ശ്രീജിത്ത്, ഷാഡോ പോലീസുകാരായ അജിത്ത്, ഷിബുകുട്ടൻ, ബിജുമോൻ നായർ, ഐ. സജികുമാർ എന്നിവരുടെ നേതൃത്വത്തിലാണു പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.