കാലം കടന്നു പോകുന്തോറും പ്രായം എന്നത് ഒന്നിനും ഒരു തടസമല്ലെന്ന് ഊട്ടിയുറപ്പിക്കുകയാണ് ലോകത്ത് നടക്കുന്ന ചില സംഭവങ്ങള്‍. ഒരു സ്ത്രീ വിവാഹിതയാകേണ്ടത് ഏത് പ്രായത്തിലാണെന്ന ചോദ്യത്തിന് വ്യത്യസ്തമായ ഉത്തരങ്ങളാവും ലഭിക്കുക. എന്നാല്‍ വാല്ഡിമിറ റോഡ്രിഗസ് ഡി ഒലിവെറ എന്ന ബ്രസീലുകാരി വിവാഹിതയാകാന്‍ തീരുമാനിച്ചത് 106ാമത്തെ വയസ്സിലാണ്. 106ാം വയസ്സില്‍ വിവാഹിതയാകുകയോ? എന്നല്ലേ? ഇതൊന്നുമല്ല രസകരമായ കാര്യം. ഈ മുത്തശ്ശി വധുവിന്റെ വരന്റെ പ്രായമെത്രയാണെന്നതാണ്. 66 കാരനായ അപാരെസിഡോ ഡിയാസ് ജേക്കബ്ബാണ് വാല്ഡിമിറയുടെ ഭാവി ഭര്‍ത്താവ്. ഇരുവരുടെയും ആദ്യ വിവാഹമാണിതെന്നതും ശ്രദ്ധേയം. തെക്ക് കിഴക്കന്‍ ബ്രസീലിലെ പിരാസുനുങ്ങയിലെ വൃദ്ധസദനത്തിലെ അന്തേവാസികളാണ് ഇരുവരും.
2014ലാണ് ഇരുവരും പരിചയപ്പെടുന്നത്. കൗമാര പ്രായക്കാരേക്കാള്‍ വേഗത്തിലായിരുന്നു ഇവരുടെ പരിചയം സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വളര്‍ന്നത്. അങ്ങനെ മൂന്നു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ അവര്‍ വിവാഹിതരാകാന്‍ തീരുമാനിച്ചു. എന്നാല്‍ ഇരുവരുടെയും ശാരീരിക അവസ്ഥകള്‍ പരിഗണിച്ച് വിവാഹിതരാകാനും സ്വന്തമായി വീടെടുത്ത് മാറാനുമുള്ള തീരുമാനത്തെ ഡോക്ടര്‍മാര്‍ എതിര്‍ത്തു. എന്നാല്‍ ദൈവം ഇവരുടെ കൂടെ നിന്നു. നിങ്ങളുടെ സ്വപ്നം ഞങ്ങള്‍ സാക്ഷാത്ക്കരിക്കും എന്ന വാഗ്ദാനവുമായി പ്രോജക്ട് ഡ്രീംസ് എന്ന സന്നദ്ധ സംഘടന ഇവരുടെ വൃദ്ധ മന്ദിരം സന്ദര്‍ശിച്ചത്.
വാല്ഡിമിറയുടെയും അപെരാസിഡോയുടെയും ആഗ്രഹം അറിഞ്ഞതോടെ, വിവാഹിതരാകാന്‍ സാധിച്ചില്ലെങ്കില്‍ കൂടിയും ഇരുവരുടെയും സ്വപ്നം വിവാഹനിശ്ചയത്തിലൂടെ സാക്ഷാത്കരിക്കാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെ വാല്ഡിമിറയും അപെരാസിഡോയും കാത്തിരുന്ന ആ സുന്ദരസുദിനമെത്തി. 150 ഓളം അതിഥികളാണ് വിവാഹനിശ്ചയത്തിന് എത്തിയത്. തൊഴില്‍രഹിതനും ഭിന്നശേഷിക്കാരനുമായ അപെരാസിഡോ പത്തൊമ്പത് വര്‍ഷമായി വൃദ്ധസദനത്തിലെ താമസക്കാരനാണ്. പങ്കാളിയ്ക്ക് വേണ്ടി മരിക്കാന്‍ പോലും തയാറാകുമെന്നാണ് ഇരുവരും വിവാഹശേഷം പ്രതികരിച്ചത്. മറ്റ് തിരക്കുകളൊന്നും തന്നെ ഇല്ലാത്തതിനാല്‍ പരസ്പരം സ്നേഹിച്ചും സേവിച്ചും സമയം ചെലവഴിക്കുകയാണ് ഈ നവ ദമ്പതികള്‍.