മാവേലിക്കര: പോലീസ് സ്റ്റേഷനിൽ ഗൃഹനാഥനു മർദനമേറ്റതായി പരാതി. ചെട്ടികുളങ്ങര കണ്ണംമംഗലം വടക്കുംമുറി കരിന്പിൻതറയിൽ വീട്ടിൽ രാജു(47)വിനാണ് മർദനമേറ്റത്. അയൽപക്കത്തെ വീട്ടുകാരെ അസഭ്യം പറഞ്ഞുവെന്ന് ആരോപിച്ച് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയ രാജുവിനെ മാവേലിക്കര എസ്.ഐ.അജീബ് ജാതിപേര് വിളിച്ച് അധിക്ഷേപിക്കുകയും ക്രൂരമായി മർദ്ദിച്ച് അവശനാക്കുകയുമായിരുന്നെന്ന് പത്രസമ്മേളനത്തിൽ ബന്ധുക്കളും കെപിഎംഎസ് നേതാക്കളും ആരോപിച്ചു.
കഴിഞ്ഞ മൂന്നിനായിരുന്നു സംഭവം. വീടിനു സമീപം നിന്ന് അസഭ്യം പറഞ്ഞുവെന്ന രാജുവിന്റെ അയൽവാസിയുടെ പരാതിയിൻമേലാണ് മാവേലിക്കര പോലീസ് സ്റ്റേഷനിലേക്ക് രാജുവിനെ വിളിച്ചുവരുത്തിയത്. ഒത്തു തീർപ്പിനെന്ന് പറഞ്ഞു വിളിച്ച് വരുത്തിയ ശേഷം പരാതിക്കാരുടെ മുൻപിലിട്ട് അസഭ്യം പറയുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. സ്റ്റേഷനുള്ളിൽ നിന്ന് കരച്ചിൽ കേട്ട് കൂടെയെത്തിയ ഭാര്യയും അമ്മയും സഹോദരിയും സ്റ്റേഷനുള്ളിലേക്ക് കയറിച്ചെന്നെങ്കിലും എസ്ഐ വിരട്ടി ഓടിച്ചുവെന്നും ഇവർ പറഞ്ഞു.
തുടർന്ന് സ്റ്റേഷനിൽ നിന്നും വിട്ടയക്കപ്പെട്ട രാജു വീട്ടിൽ എത്തി വൈകുന്നേരത്തോടെ ദേഹാസ്വാസ്യം ഉണ്ടായതിനെ തുടർന്ന് മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. പോലീസിന്റെ ഈ പീഡനത്തിനെതിരെ മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷൻ, പോലീസ് കംപ്ലയിന്റ്സ് അഥോറിറ്റി, പട്ടികജാതി ക്ഷേമവകുപ്പ്, ഡിജിപി എന്നിവർക്ക് പരാതി നൽകിയിരിക്കുകയാണെന്ന് ഇവർ പത്രസമ്മേളനത്തിൽ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ കെപിഎംഎസ് ഭാരവാഹികളായ സോമൻ, കെ.വാസു എന്നിവരും ബന്ധുക്കളായ കാർത്ത്യായനിയമ്മ, മഞ്ചു, രാജമ്മ എന്നിവരും പങ്കെടുത്തു.