രംഗീലയെടുത്തത് ഊര്‍മിളയുടെ സൗന്ദര്യം പകര്‍ത്താനെന്ന് രാംഗോപാല്‍ വര്‍മ. വര്‍മയുടെ രംഗീലയിലൂടെ ഇന്ത്യന്‍ യുവത്വത്തിന്‍റെ മനസില്‍ ചേക്കേറിയതാണ് ഊര്‍മിള. മാദകത്വത്തിന്‍റെ പര്യായമായാണ് പിന്നീട് കുറേക്കാലം ഊര്‍മിള അറിയപ്പെട്ടത്. തൊണ്ണൂറുകളില്‍ ഇന്ത്യയുടെ സെക്‌സ് സിംബല്‍ എന്ന പട്ടവും രംഗീല ഊര്‍മിളയ്ക്ക് ചാര്‍ത്തിക്കൊടുത്തു.എന്നാല്‍, രംഗീലയുടെ പിറവിക്ക് പിന്നില്‍ ഏറെയൊന്നും അറിയപ്പെടാത്തൊരു രഹസ്യമുണ്ട്. വര്‍ഷങ്ങള്‍ക്കുശേഷം സംവിധായകന്‍ രാംഗോപാല്‍ വര്‍മ തന്നെയാണ് ആ രഹസ്യം പുറത്തുവിട്ടിരിക്കുന്നത്. ഊര്‍മിളയുടെ സൗന്ദര്യം പകര്‍ത്തുക എന്ന ഒരൊറ്റ ഉദ്ദേശ്യത്തിലാണ് രംഗീലയെടുത്തത് എന്നാണ് വര്‍മ ബ്ലോഗില്‍ കുറിച്ചിരിക്കുന്നത്. സിനിമയില്‍ എത്തിയശേഷം എന്നില്‍ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞ ആദ്യത്തെ പെണ്‍കുട്ടിയാണ് ഊര്‍മിള. അവളുടെ സൗന്ദര്യത്തില്‍ ഭ്രമിച്ചുപോവുകയായിരുന്നു ഞാന്‍.
ഊര്‍മിളയുടെ സൗന്ദര്യം എക്കാലത്തേക്കും വേണ്ടി പകര്‍ത്തിവയ്ക്കുകയും അവരെ രതിബിംബങ്ങളുടെ അളവുകോലാക്കുകയും ചെയ്യുക എന്നതായിരുന്നു രംഗീല എടുക്കുന്‌പോള്‍ എന്‍റെ പ്രധാന ഉദ്ദേശ്യം. രംഗീലയുടെ സെറ്റില്‍ വച്ച് ഊര്‍മിളയെ കാമറയിലൂടെ കണ്ടതില്‍ പരം ഒരു മികവ് സിനിമയില്‍ ഞാന്‍ പിന്നീട് അനുഭവിച്ചിട്ടില്ല.ഊര്‍മിളയെ ഇങ്ങിനെ സുന്ദരിയാക്കിയത് ഞാനാണെന്ന് ഇതിന് അര്‍ഥമില്ല. അവളൊരു മനോഹരമായ പെയിന്‍റിംഗാണ്. ഞാന്‍ അത് ഒരു ഫ്രെയിമിലാക്കി. അത്രയേയുള്ളൂ വര്‍മ പറയുന്നു.
രാംഗോപാല്‍ വര്‍മയുമായി ഏറെക്കാലം അടുപ്പം പുലര്‍ത്തിയ ഊര്‍മിള പിന്നീട് പിരിയുകയും കഴിഞ്ഞ വര്‍ഷം ബിസിനസുകാരനും മോഡലുമായ അക്തര്‍ മിറിനെ വിവാഹം കഴിക്കുകയും ചെയ്തു. വിവാഹത്തിന് ഊര്‍മിളയെ അഭിനന്ദിച്ചവരില്‍ രാംഗോപാല്‍ വര്‍മയും ഉണ്ടായിരുന്നു.