ചാലക്കുടി: പാലത്തിൽ നിന്നും പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച അമ്മയെയും കൈകുഞ്ഞിനെയും പോലീസ് രക്ഷപ്പെടുത്തി. ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. ഭർത്താവിന്റെ സഹോദരിമാരുമായി വഴക്കുണ്ടായതിനെ തുടർന്നാണ് യുവതി കൈകുഞ്ഞിനെയും കൊണ്ട് ആത്മഹത്യ ചെയ്യാൻ ഇറങ്ങി തിരിച്ചത്. ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് യുവതി സ്വന്തം വീട്ടിലേക്ക് സഹോദരിമാരെ ഫോണിൽ വിളിച്ച് അറിയിക്കുകയും ചെയ്തു.
ഇതേ തുടർന്ന് യുവതിയുടെ പിതാവും സഹോദരിമാരും ചാലക്കുടി പോലീസ് സ്റ്റേഷനിലെത്തി സഹായം തേടി. എസ്ഐ ജയേഷ് ബാലന്റെ നേതൃത്വത്തിൽ തിരുനാൾ തിരക്കിനിടയിലും യുവതിയുടെ പിതാവിനെയും കൊണ്ട് ആത്മഹത്യ ചെയ്യാനിറങ്ങിയ യുവതിയെയും കുഞ്ഞിനെയും തപ്പി നാനാഭാഗത്തും അന്വേഷം തുടങ്ങി.
ട്രാഫിക് എസ് ഐ വി.എസ്. വത്സകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തികൊണ്ടിരുന്ന പോലീസ് സംഘം പാലത്തിന്റെ കൈവരിയിൽ പിടിച്ച് പുഴയിലേക്കു ചാടാൻ നിൽക്കുന്ന അമ്മയെും കുഞ്ഞിനെയും കണ്ടെത്തി അനുനയിപ്പിച്ച് ജീപ്പിൽ കയറ്റി സ്റ്റേഷനിൽ കൊണ്ടുവരികയായിരുന്നു. പിന്നീട് യുവതിയെയും കുഞ്ഞിനെയും പിതാവിനെയും സഹോദരിമാരെയും ഏൽപ്പിച്ചു. സീനിയർ സിപിഒ കൃഷ്ണനുണ്ണി, സിപിഒ ഷിജോ, ഹോംഗാർഡ് ബാബു എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.