തൃശൂർ: അവർ 19 പേരുണ്ട്. തൃശൂരിലെ പേരുകേട്ട സർക്കാർ സ്കൂളായ ഗവ.മോഡൽ ഹൈസ്കൂൾ ഫോർ ഗേൾസിലെ പത്താംക്ലാസുകാർ. അവരിപ്പോൾ സ്കൂൾ വിട്ടാൽ വീട്ടിലേക്ക് പോകുന്നില്ല. പത്താംക്ലാസിൽ മികച്ച വിജയം നേടാനായി അവർ സ്കൂൾ വിട്ട ശേഷം സ്കൂളിൽ തന്നെ താമസിച്ച് പഠിക്കുകയാണ്. രാവിനെ പകലാക്കിക്കൊണ്ട് , ഇവർക്കെല്ലാ പിന്തുണയുമേകി രക്ഷകർത്താക്കളും അധ്യാപകരും കൂടെയുണ്ട്.
പത്തുദിവസമാണ് ഇത്തരത്തിൽ രാത്രി കാല ക്ലാസ് നടത്തുന്നത്. 11ന് അവസാനിക്കും. വൈകീട്ട് ആറിന് ആരംഭിക്കുന്ന ക്ലാസുകൾ രാത്രി പന്ത്രണ്ട ിനപ്പുറത്തേക്ക് നീളുന്നുണ്ട ്. ക്ലാസ് എന്നതിനേക്കാൾ കന്പൈൻഡ് സ്റ്റഡിയാണ് ഇവരുടേത്. പരസ്പരം ചോദിച്ചും പറഞ്ഞും മനസിലാക്കിയുമുള്ള പഠനം. ഒരു അധ്യാപികയും രണ്ട ് രക്ഷിതാക്കളുമാണ് രാത്രിയിൽ ഇവർക്ക് കൂട്ടായി ഒപ്പമുള്ളത്. പഠനത്തിൽ മുന്നിൽ നിൽക്കുന്ന കുട്ടികൾ മറ്റു കുട്ടികളെ പഠിപ്പിക്കുന്നുമുണ്ട ്. എല്ലാറ്റിനും പൂർണപിന്തുണയുമായി സ്കൂൾ ഹെഡ്മാസ്റ്റർ വി.സി.മുരളീധരനുമുണ്ട്.
അമ്മമാരുടേയും അധ്യാപികമാരുടേയും മേൽനോട്ടത്തിലുള്ള പഠനക്ലാസ് തങ്ങൾക്ക് നല്ല സഹായകമാകുന്നുണ്ടെ ന്ന് കുട്ടികൾ പറയുന്നു. സ്വസ്ഥമായ ഗൃഹാന്തരീക്ഷത്തിന്റെ അഭാവവും ടിവി സീരിയലുകൾ പഠനസമയം അപഹരിക്കുന്നുവെന്ന കണ്ടെ ത്തലുമാണ് സ്കൂളിൽ തന്നെ കുട്ടികളെ നിർത്തി പഠിപ്പിക്കാൻ പ്രേരിപ്പിച്ചതെന്ന് ഹെഡ്മാസ്റ്റർ വി.സി.മുരളീധരൻ പറഞ്ഞു.
സ്വകാര്യ സ്കൂളുകളിൽ ഇത്തരം പഠനരീതികൾ പതിവാണെങ്കിലും സർക്കാർ സ്കൂളുകളിൽ ഇത്തരം രാത്രികാല ക്ലാസുകൾ അപൂർവമാണ്. കഴിഞ്ഞതിന്റെ മുൻവർഷം നൂറു ശതമാനം വിജയം നേടിയ മോഡൽ ഗേൾസ് ഹൈസ്കൂൾ ഇത്തവണ ആ വിജയം ആവർത്തിക്കാനുള്ള ശ്രമത്തിലാണ്. രാത്രികാല ക്ലാസിൽ 19 കുട്ടികൾക്കുമുള്ള ഭക്ഷണം സ്പോണ്സർ ചെയ്തിരിക്കുന്നത് അമ്മമാരും അധ്യാപികമാരുമാണ്. പ്രഭാതഭക്ഷണവും നൽകുന്നുണ്ട ്. രാത്രിയിൽ കുട്ടികൾക്ക് ഉറങ്ങാൻ സ്മാർട്ട് ക്ലാസ് റൂമിൽ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
പുതിയ പഠനാന്തരീക്ഷം തങ്ങൾക്ക് കൂടുതൽ ഉണർവും ഉത്തേജനവും ആത്മവിശ്വാസവും പകരുന്നതാണെന്ന് വിദ്യാർഥിനികൾ പറഞ്ഞു. മുന്പും മോഡൽ ഗേൾസ് ഹൈസ്കൂളിൽ ഇതുപോലെ രാത്രികാല ക്ലാസ് നടത്തിയിട്ടുണ്ട്. അന്ന് 15 ദിവസമാണ് നടത്തിയത്. കുട്ടികളുടെ പഠനം വിലയിരുത്താനും പ്രോത്സാഹിപ്പിക്കാനുമായി ഡിഇഒ അടക്കമുള്ളവർ സ്കൂളിലെത്തുന്നുണ്ട ്. സർക്കാർ സ്കൂളുകൾ തയാറാകുന്പോൾ 127 വർഷത്തെ ചരിത്രസ്മൃതികളുറങ്ങുന്ന മോഡൽ ഗേൾസ് ഹൈസ്കൂൾ സർക്കാർ സ്കൂളുകൾക്ക് മാതൃകയാവുകയാണ്.