സിനിമാലോകം ചതിക്കുഴികളുടേതാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. നടിയാകാനായി ഇറങ്ങിത്തിരിച്ച് ജീവിതം നഷ്ടപ്പെടുത്തിയ ഒരുപാട് പെണ്‍കുട്ടികളുടെ കഥകള്‍ നാം കേള്‍ക്കാറുണ്ട്. വിദ്യാ ബാലന് ഉള്‍പ്പെടെയുള്ള പല നടിമാരും ഇത്തരം മോശം അനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ കസബയിലൂടെ മലയാളത്തിലെത്തി മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനംകവര്‍ന്ന നേഹ സക്സേന തനിക്കുണ്ടായ ഞെട്ടിക്കുന്ന അനുഭവങ്ങള്‍ പരസ്യമാക്കിയിരിക്കുന്നു. കാസ്റ്റിങ് കൗച്ചിന്റെ പേരില്‍ തനിക്കുണ്ടായ അനുഭവങ്ങളെക്കുറിച്ച് ഒരു ടിവി ഷോയില്‍ സംസാരിക്കുകയായിരുന്നു അവര്‍ നേഹയുടെ വാക്കുകള്‍ ഇങ്ങനെ.
സിനിമ എന്റെ ജീവനായിരുന്നു. ചെറുപ്പം മുതലേ സിനിമാ നടിയാകണം എന്നായിരുന്നു ആഗ്രഹം. എന്നാല്‍ അമ്മയ്ക്കാകട്ടെ ഞാന്‍ കോര്‍പറേറ്റ് മേഖലയില്‍ ജോലി ചെയ്യുന്നതിനോടായിരുന്നു താത്പര്യം. സിനിമ എന്ന വലിയ ലോകത്തെ അമ്മയ്ക്ക് പേടിയായിരുന്നു. ഞാന്‍ ജനിക്കുന്നതിന് മുന്‍പേ അച്ഛന് മരിച്ചു, അമ്മയാണ് എനിക്കെല്ലാം. അതുകൊണ്ട് തന്നെ ഞാന്‍ അമ്മയുടെ ആഗ്രഹപ്രകാരം കോര്‍പറേറ്റ് മേഖലയില്‍ ജോലി ചെയ്തു. അമ്മയ്ക്ക് സുഖമില്ലാതെയായപ്പോഴാണ് ഞാന്‍ നാട്ടിലേക്ക് തിരിച്ചെത്തിയത്. തുടര്‍ന്ന് ഒരുവിധം അമ്മയുടെ സമ്മതത്തോടെ മോഡലിങ് രംഗത്ത് എത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.
പലപ്പോഴും എന്നെ കഥ പറയാന്‍ വിളിക്കും. ഞാന്‍ കരാറില്‍ ഒപ്പുവയ്ക്കുകയും ചെയ്യും. എന്നാല്‍ പിന്നീടാണ് പ്രശ്നങ്ങള്‍ തുടങ്ങുക. ഒന്നോ രണ്ടോ ദിവസം കഴിഞ്ഞ് സിനിമാ ചര്‍ച്ചയ്ക്കാണെന്നും പറഞ്ഞ് വിളിയ്ക്കും. അവിടെ അവരുമായി സഹകരിച്ചില്ലെങ്കില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയേ രക്ഷയുള്ളൂ. തെറ്റ് ചെയ്യാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു. തുടരെ തുടരെ ഓഡിഷന് പങ്കെടുക്കുകയും അവസാന നിമിഷം വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തത് കാരണം അവസരങ്ങള്‍ നഷ്ടപ്പെടുകയും ചെയ്ത ധാരാളം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒടുവില്‍ ഞാന്‍ ഓഡീഷന് പോകുന്നത് നിര്‍ത്തി. എനിക്ക് എന്റെ കഴിവില്‍ വിശ്വാസമുള്ളത് കൊണ്ട് ധൈര്യമായി നോ പറയാന്‍ സാധിച്ചു. പ്രശസ്തിയ്ക്കും പണത്തിനും വേണ്ടി ചിലര്‍ എന്തിനും തയ്യാറാകും. അത് വളരെ തെറ്റാണ്. തെറ്റായ കാര്യത്തിന് നോ പറയാനുള്ള ധൈര്യം പെണ്കുട്ടികള്ക്കുണ്ടാകണമെന്നും നേഹ പറയുന്നു. മലയാളത്തില്‍ കൂടുതല്‍ സജീവമാകാനുള്ള ഒരുക്കത്തിലാണ് 25കാരിയായ ഈ സുന്ദരി.