ന്യൂഡല്‍ഹി: ഇന്ത്യ-ബംഗ്ലാദേശ് ഏകടെസ്റ്റിനുള്ള ടീമില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഇടങ്കയ്യന്‍ ലെഗ്സ്പിന്നര്‍ കുല്‍ദീപ് യാദവ് ഇടംപിടിച്ചു. ലെഗ് സ്പിന്നര്‍ അമിത് മിശ്രയുടെ പരിക്കാണ് യാദവിനെ തുണച്ചത്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി-20 മത്സരത്തിനിടെയാണ് മിശ്രയുടെ കാല്‍മുട്ടിന് പരിക്കേറ്റത്. ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് സ്പിന്നര്‍ ജയന്ത് യാദവിനും ടീമിലിടം കണ്ടെത്താനായില്ല.
22കാരനായ കുല്‍ദീപ് 22 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 18.94 ശരാശരിയില്‍ 81 വിക്കറ്റ് നേടിയിട്ടുണ്ട്. രഞ്ജിട്രോഫിയില്‍ ഈ സീസണില്‍ എട്ടു മത്സരങ്ങളില്‍ നിന്ന് 35 വിക്കറ്റുകളായിരുന്നു കൂല്ദീപിന്റെ സമ്പാദ്യം. 79 റണ്‍സ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.
ഇതു കൂടാതെ 35.84 റണ്‍സ് ശരാശരിയില്‍ 466 റണ്‍സ് എടുക്കാനും കുല്‍ദീപിനു കഴിഞ്ഞിരുന്നു. ഒരു സെഞ്ചുറിയും അഞ്ച് അര്‍ധസെഞ്ചുറിയും കുല്‍ദീപിന്റെ ബാറ്റില്‍ നിന്നു പിറന്നു.ഈ പ്രകടനം ഇറാനി ട്രോഫിയില്‍ റെസ്റ്റ് ഓഫ് ഇന്ത്യ ടീമില്‍ ഇടം നേടാനും കുല്‍ദീപിനെ സഹായിച്ചു.