ജയ വളര്‍ത്തിയ പാര്‍ട്ടിയെ തോഴി പെരുവഴിയിലാക്കുമോ? പനീര്‍ശെല്‍വത്തിനൊപ്പം ദീപയും ചേരുന്നു, ശശികലയുടെ വഴികള്‍ ദുര്‍ഘടം

jaya650അജിത്ത് ജി. നായര്‍
ജയലളിതയുടെ മരണത്തോടെ തമിഴ്ജനതയ്ക്ക് നഷ്ടമായത് ഒരു മുഖ്യമന്ത്രിയെ മാത്രമല്ല അവരുടെ അമ്മയെ കൂടിയാണ്. ജയലളിതയെ എന്തുകൊണ്ട് തമിഴ്ജനത സ്‌നേഹിച്ചു എന്നതിന്റെ  ദൃഷ്ടാന്തമാണ് തമിഴ്‌നാട്ടില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍. ജയലളിതയുടെ മരണം തമിഴ്ജനതയെ അക്ഷരാര്‍ഥത്തില്‍ അനാഥരാക്കിയിരിക്കുകയാണ്. ജയലളിതയുടെ പിന്തുടര്‍ച്ചാവകാശത്തിനു വേണ്ടി മുന്‍ മുഖ്യമന്ത്രി ഒ.പനീര്‍ ശെല്‍വവും ജയയുടെ തോഴി ശശികലാ നടരാജനും പോരടിക്കുമ്പോള്‍ നഷ്ടം തമിഴ്‌നാടിനു തന്നെയാണ്.

എംജിആര്‍ എന്ന സിംഹത്തില്‍ നിന്നും ജയലളിത എന്ന പെണ്‍പുലി എഐഡിഎംകെ എന്ന പാര്‍ട്ടിയെ ഏറ്റെടുക്കുമ്പോള്‍ തമിഴര്‍ ഭയപ്പെട്ടിരുന്നില്ല. കാരണം ജയലളിതയില്‍ അവര്‍ക്കുള്ള വിശ്വാസം അത്ര വലുതായിരുന്നു.  കരുണാനിധിയുടെ നേതൃത്വത്തിലുള്ള  ഡിഎംകെയോട് ഒറ്റയ്ക്കു നിന്നു പൊരുതിയാണ് ജയ എഐഡിഎംകെയെ തമിഴ്‌നാട്ടിലെ അനിഷേധ്യ ശക്തിയായി വളര്‍ത്തിയത്.

ജയയുടെ മരണത്തോടെ എഐഎഡിഎംകെ എന്ന സാമ്രാജ്യത്തിന്റെ നാശത്തിനു നാന്ദി കുറിക്കപ്പെട്ടിരിക്കുകയാണ്. ജയലളിതയുടെ ഉറ്റതോഴിയെന്നു പറയപ്പെടുന്ന ശശികലാ നടരാജനാണ് പ്രശ്‌നങ്ങളുടെ തുടക്കക്കാരി എന്നു പറഞ്ഞാല്‍ തെറ്റില്ല. ജയയുടെ മരണത്തിനു ശേഷം ചിന്നമ്മ എന്നു വിളിപ്പേരുള്ള ശശികല പാര്‍ട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുത്തു. ജയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു മുതല്‍ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത് ശശികലയും അവരുടെ ബന്ധുക്കളുമായിരുന്നു. കാര്യങ്ങള്‍ കൈവിട്ടു പോകരുതെന്ന ശശികലയുടെ നിശ്ചയധാര്‍ഢ്യമായിരുന്നു ഇതിനു പിന്നില്‍.

ജയലളിതയോട് എന്നും ഭയഭക്തിയോടെ പെരുമാറിയിട്ടുള്ള ഒ.പനീര്‍സെല്‍വത്തെ നിര്‍ബന്ധിപ്പിച്ച് മുഖ്യമന്ത്രി സ്ഥാനം രാജിവയ്പ്പിച്ചതിലൂടെ ശശികലയുടെ ഉദ്ദേശ്യം വ്യക്തമായിരുന്നു. മുഖ്യമന്ത്രിയുടെ അധികാരത്തിന്റെ ശക്തി അടുത്തറിഞ്ഞ ശശികല ഒരിക്കലെങ്കിലും താന്‍ തമിഴ് മുഖ്യമന്ത്രിയാകുന്നതിനെക്കുറിച്ച് ചിന്തിച്ചില്ലെങ്കിലേ അദ്ഭുതമുള്ളൂ. എന്നാല്‍ അമ്മയെ സ്‌നേഹിച്ച പോലെ ചിന്നമ്മയെ സ്‌നേഹിക്കാന്‍ ആളുകള്‍ക്കാവുമായിരുന്നില്ല. പാര്‍ട്ടിയെ വളര്‍ത്താന്‍ അഹോരാത്രം പണിയെടുത്ത പ്രവര്‍ത്തകര്‍ക്ക് പൊട്ടിമുളച്ചപോലെ മുഖ്യധാരയിലേക്കു വന്ന ശശികലയെ അംഗീകരിക്കുക അത്ര എളുപ്പമായിരുന്നില്ല. ഇതിനിടെ ജയലളിതയെ പോയസ് ഗാര്‍ഡനിലെ വസതിയില്‍ ആരോ തള്ളിയിട്ടെന്നും ജയയുടെ മരണത്തില്‍ കലാശിച്ചത് ഈ വീഴ്ചയാണെന്നും പാര്‍ട്ടിയുടെ സ്ഥാപക നേതാവ് പി.എച്ച് പാണ്ഡ്യന്റെ പ്രസ്താവ കൂടിയായപ്പോള്‍ തമിഴ്‌നാട് ഇളകി മറിഞ്ഞു. പിന്നാലെ തന്നെ നിര്‍ബന്ധിപ്പിച്ച് രാജി വയ്പ്പിച്ചതാണെന്നു പറഞ്ഞ പനീര്‍ ശെല്‍വം ജനങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില്‍ രാജി പിന്‍വലിക്കാമെന്നും പറഞ്ഞതോടെ ശശികലയ്ക്ക് അപകടം മണത്തു. കൂടാതെ ജയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച പനീര്‍ ശെല്‍വം ജുഡീഷല്‍ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. പനീര്‍ ശെല്‍വമൊഴികെയുള്ള പാര്‍ട്ടിയുടെ 132 എംഎല്‍എമാരും തനിക്കൊപ്പമാണെന്ന് ശശികല ആവര്‍ത്തിച്ചു പറയുന്നു. എന്നാല്‍ തനിക്കൊപ്പം 22 എംഎല്‍എമാരുണ്ടെന്നാണ് പനീര്‍ശെല്‍വം പറയുന്നത്. പനീര്‍ ശെല്‍വത്തിന്റെ ഒപ്പം ഇത്രയും എംഎല്‍എമാര്‍ അണിനിരന്നാല്‍ ശശികലയുടെ മുഖ്യമന്ത്രി സ്വപ്‌നം മറ്റു പാര്‍ട്ടികളെക്കൂടി ആശ്രയിച്ചിരിക്കും.

തമിഴ്‌നാട്ടില്‍ സ്ഥിതിഗതികള്‍ ഇത്രയും രൂക്ഷമായിട്ടും കേന്ദ്ര സര്‍ക്കാര്‍ ഇടപെടാഞ്ഞത് പലരിലും ചോദ്യമുളവാക്കിയിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ നിന്നും ഒരൊറ്റ അംഗം മാത്രമേയുള്ളൂ എന്നതാണ് ബിജെപി നേതൃത്വം കൊടുക്കുന്ന കേന്ദ്ര സര്‍ക്കാരിനെ ഇരുത്തി ചിന്തിപ്പിക്കുന്നത്. തമിഴ്‌നാട് പ്രശ്‌നത്തില്‍ ഇടപെടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പനീര്‍ശെല്‍വത്തെ മുന്‍നിര്‍ത്തി പിന്‍സീറ്റ് ഡ്രൈവിംഗിനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍ എന്നും ആരോപണമുണ്ട്. ശശികലയുടെ നേതൃത്വത്തിലുള്ള എംഎല്‍എ സംഘത്തെ കാണാന്‍ കൂട്ടാക്കാഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി അനുഭാവ പൂര്‍വമാണ് പനീര്‍ശെല്‍വവുമായി ഇടപെടുന്നത്. രാജി പിന്‍വലിക്കാനുള്ള പനീര്‍ശെല്‍വത്തിന്റെ തീരുമാനത്തിനു പിന്നില്‍ കേന്ദ്രസര്‍ക്കാരാണെന്നും സൂചനയുണ്ട്.

ശശികലയും പനീര്‍ശെല്‍വവും രണ്ടു തട്ടിലായതോടെ എഐഎഡിഎംകെ പിളരുമോയെന്നാണ് തമിഴ്‌ലോകം ഉറ്റുനോക്കുന്നത്. പാര്‍ട്ടി പിളര്‍ന്നാല്‍ ജയലളിതയെന്ന നേതാവിനോടു കാണിക്കുന്ന അനാദരവാകുമത്. ജയലളിതയുടെ സഹോദര പുത്രി ദീപ ഉള്‍പ്പെടെയുള്ള ശശികലാ വിരുദ്ധര്‍ പനീര്‍ശെല്‍വത്തിന്റെ കീഴില്‍ അണിനിരക്കാനുള്ള സാധ്യതയും നില നില്‍ക്കുകയാണ്. വരും നാളുകളില്‍ തമിഴ് രാഷ്ട്രീയം കൂടുതല്‍ പ്രക്ഷുബ്ദമാകുമെന്ന് പ്രതീക്ഷിക്കാം.

Related posts