അമ്മ ഉപേക്ഷിച്ച ചോരക്കുഞ്ഞിനു രക്ഷകരായി ടെക്കി യുവതികള്‍; കിലോമീറ്ററുകള്‍ താണ്ടി കുഞ്ഞിന്റെ അമ്മയെ കണ്ടെത്തിയ കഥ ഇങ്ങനെ

2017feb7techi

ബംഗളൂരു: നഗരമധ്യത്തിലെ അപ്പാര്‍ട്ട്‌മെന്‍റ് പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട ചോരക്കുഞ്ഞിന് ടെക്കി യുവതികള്‍ രക്ഷകരായി. ഇലക്ട്രോണിക് സിറ്റിക്കു സമീപം ബേഗൂര്‍ റോഡിലെ അപ്പാര്‍ട്ട്‌മെന്‍റിലാണ് സംഭവം.

അപ്പാര്‍ട്ട്‌മെന്‍റിനു സമീപം താമസിക്കുന്ന സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍മാരായ മൈത്രി മഞ്ജുനാഥ, സുഷമ സത്യനാരായണ എന്നിവരാണ് കുഞ്ഞിനെ രക്ഷിച്ചത്. പിന്നീട് ഇരുവരും പോലീസിന്‍റെ സഹായത്തോടെ കുഞ്ഞിന്‍റെ അമ്മയെ കണ്ടെത്തുകയും ചെയ്തു.

കഴിഞ്ഞ ദിവസം രാത്രി 9.30ന് ഓഫീസില്‍ നിന്ന് വീട്ടിലെത്തിയ മൈത്രിയോട് അപ്പാര്‍ട്ട്‌മെന്‍റിലെ കുട്ടികളാണ് കുഞ്ഞിന്‍റെ കാര്യം അറിയിച്ചത്. അപ്പാര്‍ട്ട്‌മെന്‍റിലെ തറയില്‍ ചോരപുരണ്ടു കിടന്ന കുഞ്ഞിനെ കണ്ട മൈത്രി സുഹൃത്ത് സുഷമയുടെ സഹായം തേടി. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് കുഞ്ഞിനെ തുടച്ചു വൃത്തിയാക്കി. 108 ആംബുലന്‍സ് വിളിച്ച ശേഷം ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ അപ്പാര്‍ട്ട്‌മെന്‍റിലുള്ളവരുടെ സഹായം തേടിയെങ്കിലും ആരും മുന്നോട്ടുവന്നില്ലെന്ന് മൈത്രി പറയുന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് കുഞ്ഞിനെ ഇന്ദിരാ ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്ത് സെന്‍ററില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ യുവതികളുടെ പരാതിയില്‍ ഇലക്ടോണിക് സിറ്റി പോലീസ് അന്വേഷണം നടത്തി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിന്‍റെ അമ്മ സമീപത്തെ ചേരിയിലാണ് താമസമെന്ന് കണ്ടെത്തി. സ്ത്രീയെ കണ്ടിരുന്നുവെന്ന അപ്പാര്‍ട്ട്‌മെന്‍റിലെ സുരക്ഷാ ജീവനക്കാരന്‍റെ മൊഴിയും ഇതില്‍ നിര്‍ണായകമായി.

ചേരിയിലെത്തിയ മൈത്രിയും സുഷമയും അവരെ നേരിട്ടു കണ്ടു കുഞ്ഞിനെ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. വിധവയായിരുന്ന സ്ത്രീക്ക് 16ഉം പത്തും വയസുള്ള രണ്ടു കുട്ടികളുണ്ട്. പട്ടിണി മൂലമാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് അവര്‍ വിശദദീകരണം നല്കിയത്. കുഞ്ഞിനെ ഉപേക്ഷിച്ച ശേഷം നാടുവിടാന്‍ തയാറെടുക്കുകയായിരുന്നു അവര്‍. യുവതികളുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് കുഞ്ഞിനെ ഏറ്റെടുക്കാന്‍ അവര്‍ തയാറായി. തുടര്‍ന്ന് പോലീസ് അവരെ ആശുപത്രിയിലെത്തിച്ച ശേഷം കുഞ്ഞിനെ കൈമാറുകയായിരുന്നു.

സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്നു മാത്രമല്ല, മൈത്രിയുടെയും സുഷമയുടെയും പ്രവൃത്തിയെ അഭിനന്ദിക്കുകയും ചെയ്തു.

Related posts