സ്വന്തം ലേഖിക
കോഴിക്കോട്: കാൻസർ രോഗികൾക്കൊരു കൈതാങ്ങുമായി കോഴിക്കോട് കുടുംബശ്രീമിഷൻ . കോഴിക്കോട് കോർപറേഷൻ കുടുംബശ്രീയുടെ സമഗ്ര കാൻസർ പദ്ധതി ’ജീവനം’ വഴിയാണ് നഗരസഭ പരിധിയിലുള്ള രോഗികൾക്ക് കാൻസർ മരുന്നുകൾ സൗജന്യമായി നൽകുന്നത്. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി സ്ത്രീകളിൽ അമിതമായി കണ്ടുവരുന്ന അണ്ഡാശയ- സ്തനാർബുദ കാൻസറിനാണ് ജീവനം ഡ്രഗ്ഗ് ബാങ്ക് എന്ന പദ്ധതി പ്രകാരം മരുന്നുകൾ വിതരണം ചെയ്യുന്നത്. പഴയ കോർപറേഷൻ കെട്ടിടത്തിലാണ് പ്രവർത്തനം.
സംസ്ഥാനത്ത് ആദ്യമായി കോഴിക്കോട് കോർപറേഷൻ കുടുംബശ്രീയാണ് ഇത്തരമൊരു കാരുണ്യപ്രവർത്തനത്തിലേർപെടുന്നത്. ബിപിഎൽ കുടുംബാഗങ്ങൾക്കും, വരുമാനം 50,000 രൂപയിൽ താഴെയുള്ളവർക്കുമാണ് പദ്ധതി പ്രകാരം മരുന്നുകൾ ലഭിക്കുക. മൂന്നു ഘട്ടങ്ങളിലായി നടത്തിയ പരിപാടിയുടെ മൂന്നാം ഘട്ടമാണ് നവംബറിൽ ആരംഭിച്ചത്. ആദ്യഘട്ടം 2011 ൽ കേന്ദ്ര പദ്ധതിയായ എസ്ജഐസ്ആർവൈ യുമായി സഹകരിച്ചായിരുന്നു ആരംഭിച്ചത്്.
2013-ൽ ആരംഭിച്ച രണ്ടാം ഘട്ടം നഗരസഭയുടെ ഫണ്ട് വിനിയോഗിച്ചാണ് നടത്തിയത്. എന്നാൽ മൂന്നാംഘട്ടത്തിന്റെ ഫണ്ടും നിർവഹണവും പൂർണ്ണമായും കൈകാര്യം ചെയ്യുന്നത് കുടുംബശ്രീ തനിച്ചാണ് എന്നതാണ് മറ്റൊരു പ്രത്യേകത.പക്ഷെ മൂന്നാംഘട്ടത്തിൽ മരുന്നുകൾക്കായി രജിസ്റ്റർ ചെയ്തിട്ടുള്ള രോഗികളുടെ എണ്ണം താരതമ്യേന വളരെ കുറവാണ്. ആദ്യത്തെ രണ്ടു ഘട്ടങ്ങളിലും 250 ൽ പരം ആളുകൾ മരുന്നുകൾക്കായി എത്തിയെങ്കിൽ ഇപ്പോൾ എണ്ണം 50 ലും താഴെയാണ്.
പദ്ധതിക്ക് വേണ്ടത്ര പ്രചാരം ലഭിക്കാത്തതാണ് ആവശ്യക്കാർ ഏറെയുണ്ടായിട്ടും ആരും എത്താത്തതെന്ന് കോഴിക്കോട് കുടുംബശ്രീ മെംബർ സെക്രട്ടറി റംസി ഇസ്മെയിൽ പറയുന്നത്. ഇതിനായി വരും ദിവസങ്ങളിൽ ക്യാന്പുകളും മറ്റും നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കാൻസർ ചികിത്സയുടെ ഒന്നാം ഘട്ട മരുന്നുകളാണ് ഇവിടെ വിതരണം ചെയ്യുന്നത്. മരുന്നിലുള്ള അപേക്ഷയോടൊപ്പം തിരിച്ചറിയിൽ കാർഡ്, വാർഡ് കൗണ്സിലറുടെയോ ഡിഎസിയുടെയോ ശിപാർശ കത്ത് എന്നിവയും ഹാജരാക്കണം.
ഒരു തവണ രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ പിന്നെ സ്ഥിരമായി ഇവിടെനിന്നും മരുന്നുകൾ ലഭിക്കും. ലഭ്യമായ ഫണ്ടുപയോഗിച്ച് സർക്കാർ അംഗീകൃത ഏജൻസികളിൽ നിന്നാണ് കാൻസർ മരുന്നുകൾ കുടുംബശ്രീക്കാർ ഇവിടെയെത്തിക്കുന്നത്. ജീവിതശൈലിരരോഗങ്ങൾക്കുള്ള മരുന്നുകളും ഇവിടെ നിന്നും സൗജന്യമായി നൽകുന്നുണ്ട്. കൂടാതെ വീൽചെയർ പോലുള്ള മെഡിക്കൽ ഉപകരണങ്ങളും ഇവിടെനിന്നും ലഭിക്കും.വൈകുന്നേരം മൂന്നു മുതൽ അഞ്ചു വരെയാണ് പ്രവർത്തന സമയം.