മഞ്ചേരി: ലോക്സഭാംഗം ഇ അഹമ്മദ് അന്തരിച്ചതിനെ തുടർന്ന് ഒഴിവു വന്ന മലപ്പുറം മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ അണിയറ പ്രവർത്തനങ്ങൾക്ക് മുസ്്ലിം ലീഗ് തുടക്കം കുറിക്കുന്നു. ഇതിന്റെ മുന്നോടിയായി മഞ്ചേരി നിയോജക മണ്ഡലം മുസ്ലിം ലീഗ് കണ്വെൻഷൻ ഫെബ്രുവരി 10ന് വൈകീട്ട് 6.30ന് മുനിസിപ്പൽ ടൗണ്ഹാളിൽ നടക്കും.
നിയമസഭാ കക്ഷി ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, പാണക്കാട് ശിഹാബ് തങ്ങൾ, കെ.പി.എ.മജീദ്, അഡ്വ.യു.എ.ലത്തീഫ് തുടങ്ങിയവർ പങ്കെടുക്കും. സ്ഥാനാർത്ഥിത്വം സംബന്ധിച്ച് അഭ്യൂഹങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അഡ്വ.യു.എ.ലത്തീഫ്, അഡ്വ. കെ.എൻ.എ. ഖാദർ, അബ്ദുസ്സമദ് സമദാനി, അബ്ദുറഹ്മാൻ രണ്ടത്താണി എന്നിങ്ങനെയാണ് അണികൾക്കിടയിൽ ഉയർന്ന് കേൾക്കുന്ന പേരുകൾ.
എന്നാൽ ഇവരിൽ പലർക്കും ജനപിന്തുണ കുറവാണെന്ന് അണികൾക്കിടയിൽ തന്നെ മുറുമുറുപ്പുണ്ടെന്നതിനാൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ മുനവറലി ശിഹാബ് തങ്ങളോ മുസ്്ലിം ലീഗ് അഖിലേന്ത്യാ ട്രഷറർ പി.കെ.കുഞ്ഞാലിക്കുട്ടിയോ മത്സര രംഗത്തേക്ക് വരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. മുൻ എംപി ഇബ്രാഹിം സുലൈമാൻ സേട്ടുവിന്റെ മകനും മുസ്്ലിം ലീഗ് അഖിലേന്ത്യാ കമ്മിറ്റി ഭാരവാഹിയുമായ സിറാജ് സേട്ടിന്റെ പേരും ഉയർന്നു കേൾക്കുന്നു.
ഇ.അഹമ്മദിന്റെ ഒഴിവ് നികത്താൻ പി.കെ.കുഞ്ഞാലിക്കുട്ടിക്ക് മാത്രമെ ആകൂ എന്ന് വിശ്വസിക്കുന്ന വലിയൊരു വിഭാഗവും മുസ്ലിം ലീഗിനകത്ത് സജീവമാണ്. 2004ലെ തെരഞ്ഞെടുപ്പിൽ അട്ടിമറി വിജയം നേടിയ അഡ്വ.ടി.കെ.ഹംസയെ തുടർന്നു വന്ന തെരഞ്ഞെടുപ്പിൽ ഇ അഹമ്മദ് വൻ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്.
മണ്ഡല വിഭജനം യുഡിഎഫിന് അനുകൂലമായതാണ് ഇടതുമുന്നണിക്ക് വിനയായത്. ഇത് പിന്നീട് വന്ന തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചു. 1,92,000 ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇ.അഹമ്മദ് ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. ഇത് സംസ്ഥാനത്തു തന്നെ റെക്കോർഡായിരുന്നു. ചരിത്ര വിജയം നേടിയ ഇ അഹമ്മദിന്റെ മണ്ഡലത്തിൽ നിലവിലെ സാഹചര്യത്തിൽ വിജയം അനായാസമാണെന്ന് കണ്ട് പല നേതാക്കളും സ്ഥാനാർഥി കുപ്പായം തുന്നിവെച്ചിട്ടുണ്ട്.