ഇഷ്ട താരങ്ങളോടുള്ള ആരാധന മൂത്ത് ചിലര്‍ കാട്ടിക്കൂട്ടുന്ന വിക്രിയകള്‍ കണ്ടാല്‍ വട്ടാണല്ലേ’.. എന്നു ചോദിച്ചുപോകുന്ന നിമിഷങ്ങള്‍ ഉണ്ടാകാറുണ്ട്. അതു പോലുള്ളൊരു സംഭവമാണ് ഇനി പറയാനുള്ളത്. പോപ്പ് സൂപ്പര്‍ താരം ബ്രിട്ട്‌നി സ്പിയേഴ്‌സിനോടുള്ള ആരാധനമൂത്ത് ഒരു യുവാവ് കാട്ടിക്കൂട്ടിയ പരിപാടികള്‍ കേട്ടാല്‍ ആരും അന്തം വിട്ടു പോകും.
സ്വന്തം മുഖം ബ്രിട്ട്‌നിയുടേതുപോലെയാക്കാന്‍ വന്‍തുക മുടക്കി നിരവധി ശസ്ത്രക്രിയകള്‍ക്കുവരെ വിധേയനായിരിക്കുകയാണ് ഈ യുവാവ്. അമേരിക്കയിലെ ലോസ്ഏഞ്ചല്‍സിലാണ് സംഭവം. ബ്രയാന്‍ റെയ് എന്ന 31 കാരനാണ് താരാരാധന മൂത്ത് പൗരുഷമുള്ള തന്‍റെ മുഖം പോലും വേണ്ടന്നു വെച്ചത്.
17ാം വയസിലാണ് ബ്രയാന്‍ ആദ്യമായി രൂപംമാറ്റല്‍ ശസ്ത്രക്രിയയ്ക്കു വിധേയനാകുന്നത്. എന്നാല്‍ താടിയെല്ലിലെ ആ ചെറിയ ശസ്ത്രക്രിയ കൊണ്ട് തനിക്കു പ്രിയതാരത്തിന്‍റെ രൂപം വന്നില്ലെന്നു തിരിച്ചറിഞ്ഞ ബ്രയാന്‍ ശസ്ത്രക്രിയകളുടെ ഒരു പരന്പര തന്നെ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
ചെറുതും വലുതുമായ 90 ശസ്ത്രക്രിയകള്‍ക്കാണ് ഈ യുവാവ് ഇതിനോടകം വിധേയനായത്. നീണ്ട 14 വര്‍ഷത്തിനിടെ പലപ്പോഴായി നടത്തിയ ശസ്ത്രക്രിയകള്‍ക്കെല്ലാംകൂടി ചിലവായത് 80,000 യുഎസ് ഡോളറും. എന്നാല്‍ ഇപ്പോഴും ബ്രയാനു മതിവന്നിട്ടില്ല. മൂക്കും ചുണ്ടുമൊക്കെ ബ്രിട്ട്‌നിയുടേതുപോലയാകാന്‍ വീണ്ടും ശസ്ത്രക്രിയയ്ക്കു വിധേയനാകാന്‍ ഒരുങ്ങുകയാണ് ഈ യുവാവ്….