ഒഴിവായത് വലിയൊരു ദുരന്തം! എയര്‍ ഇന്ത്യ വിമാനത്തില്‍ പക്ഷി ഇടിച്ചു; കേരള എംപിമാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

airindia

ജോര്‍ജ് കള്ളിവയലില്‍

ന്യൂഡല്‍ഹി: കേരളത്തില്‍നിന്നുള്ള പാര്‍ലമെന്‍റ് അംഗങ്ങള്‍ അടക്കം നിറയെ യാത്രക്കാരുമായി കൊച്ചിയിലേക്കു പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനത്തില്‍ പക്ഷിയിടിച്ചു. വിമാനം പറന്നുയരുന്നതിനു തൊട്ടു മുന്പായതിനാല്‍ വലിയ ദുരന്തത്തില്‍ നിന്നു വിഐപികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ കഷ്ടിച്ചു രക്ഷപ്പെട്ടു.

ഇന്നു വൈകുന്നേരം 6.30ന് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. പറന്നുയരുന്നതിനായി റണ്‍വേയിലൂടെ വേഗത്തില്‍ നീങ്ങുന്നതിനിടെ സഡന്‍ ബ്രേക്കിട്ടു വിമാനം നിര്‍ത്തുകയായിരുന്നു. റണ്‍വേയില്‍ വിമാനം നീങ്ങിത്തുടങ്ങിയ ശേഷമായിരുന്നതിനാല്‍ യാത്രക്കാര്‍ സീല്‍റ്റ് ബല്‍റ്റ് ധരിച്ചിരുന്നു. അതിനാല്‍ ബ്രേക്കിട്ടെങ്കിലും ആര്‍ക്കും തന്നെ പരിക്കു പറ്റിയില്ല. പറന്നുയര്‍ന്ന ശേഷമായിരുന്നു പക്ഷി ഇടിച്ചതെങ്കില്‍ വലിയ അപകടം സംഭവിക്കാമായിരുന്നുവെന്നു വ്യോമയാന വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. സംഭവത്തെ തുടര്‍ന്ന് വിമാനത്തിന്‍റെ കൊച്ചി യാത്ര വൈകി.

എംപിമാരായ പ്രഫ. കെ.വി. തോമസ്, ജോസ് കെ. മാണി, ഇന്നസന്‍റ് എന്നിവരും നിരവധി മലയാളി യാത്രക്കാരും വിമാനത്തിലുണ്ടായിരുന്നു. പ്രഫ. തോമസിന്‍റെ ഭാര്യ ഷേര്‍ലിയും ഇന്നസെന്റിന്റെ ഭാര്യ ആലീസും ഒപ്പമുണ്ടായിരുന്നു.

വിമാനത്താവളത്തിനു സമീപവും ഡല്‍ഹിയിലെ മറ്റു സ്ഥലങ്ങളിലുമുള്ള മല്‍സ്യ, മാംസ മാര്‍ക്കറ്റുകളിലെ ശുചിത്വമില്ലായ്മ മൂലം തലസ്ഥാനത്ത് പരുന്തും കാക്കകളും പെരുകുന്നതാണ് അപകടത്തിലേക്കു നയിച്ചത്.

 

Related posts