തിരുവനന്തപുരം: കേരളത്തിലെ സ്വർണ വ്യാപാരികൾക്കുമേൽ അടിച്ചേൽപ്പിച്ചിട്ടുള്ള പർച്ചേസ് ടാക്സ് പിൻവലിക്കണമെന്നു ധനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടതായി കേരള ജ്വല്ലേഴ്സ് അസോസിയേഷൻ കോ-ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.സംസ്ഥാനത്തുടനീളം ഒട്ടേറെ വ്യാപാരികൾക്കു വാങ്ങൽ നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ് ലഭിച്ചിട്ടുണ്ട്.
ഉപയോക്താക്കളിൽനിന്നു പിരിച്ചെടുക്കാത്ത വാങ്ങൽ നികുതി വ്യാപാരിയുടെ മൂലധനത്തേക്കാൾ കൂടുതലാണ്. ജിഎസ്ടി നടപ്പിലാക്കുമ്പോൾ സ്വർണത്തിന് 1.25 ശതമാനം നികുതിയായി നിർണയിക്കണമെന്നു കേരളം ജിഎസ്ടി കൗണ്‍സിലിൽ ആവശ്യപ്പെടണമെന്നു ധനമന്ത്രിയോട് അഭ്യർഥിച്ചതായും ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്നു മന്ത്രി ഉറപ്പുനൽകിയതായും കോ-ഓർഡിനേറ്റർ അബ്ദുൾ നാസർ പത്രസമ്മേളനത്തിൽ അറിയിച്ചു.
കമ്മിറ്റി ഭാരവാഹികളായ ബി. ഗിരിരാജൻ, ഡോ. ബി. ഗോവിന്ദൻ, സുരേന്ദ്രൻ കൊടുവള്ളി തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.