പഴങ്ങളും പച്ചക്കറികളും മനുഷ്യശരീരത്തിന് എത്രത്തോളം ആവശ്യകമാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ഈ ആധുനിക കാലഘട്ടത്തില്‍ മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന ബഹുഭൂരിപക്ഷം പഴങ്ങളിലും പച്ചക്കറികളിലും വിഷാംശമല്ലാതെ മറ്റൊന്നും കാണാന്‍ വഴിയില്ല. ഇവയിലടങ്ങിയിരിക്കുന്ന രാസവസ്തുക്കളാണ് അവ കഴിക്കുന്നവരുടെ ആരോഗ്യത്തിന് ഭീഷണിയുയര്‍ത്തുന്നത്. ജനിതകപ്രക്രിയകളിലൂടെ ഉത്പാദിപ്പിക്കുന്നവയും ഇക്കൂട്ടത്തിലുണ്ടെന്ന് പരാതികളേറെയാണ്. പഴങ്ങളോ പച്ചക്കറികളോ വാങ്ങുമ്പോള്‍ അതിനുമുകളില്‍ കുറേ അക്കങ്ങള്‍ എഴുതിയ സ്റ്റിക്കര്‍ എല്ലാവരും കണ്ടിട്ടുണ്ടാകും. എന്നാല്‍ ഇത് എന്താണെന്ന കാര്യത്തില്‍ പലര്‍ക്കും ഒരു പിടിയുമുണ്ടാകില്ല. ഇത്തരം സ്റ്റിക്കറുകള്‍ ഇവയുടെ ഗുണനിലവാരം പറഞ്ഞു തരികയാണ് ചെയ്യുന്നത്.
ഒരു പരിധിവരെ ഈ സ്റ്റിക്കറുകളിലൂടെ വിഷമുള്ള പഴങ്ങളെ തിരിച്ചറിയാം. സ്റ്റിക്കറുകള്‍ ഒട്ടിച്ചിരിയ്ക്കുന്നത് പ്രധാനമായും പഴ വര്‍ഗങ്ങളിലാണ്. പിഎല്‍യു കോഡ് അഥവാ െ്രെപസ് ലുക്ക്അപ്പ് നമ്പര്‍ എന്നാണ് ഇത് അറിയപ്പെടാറുള്ളത്. പഴങ്ങളും പച്ചക്കറികളും എങ്ങനെ ഉത്പാദിപ്പിച്ചുവെന്ന് പറയുന്നതാണ് ഈ കോഡ്. പിഎല്‍യു കോഡിനെക്കുറിച്ച് അറിഞ്ഞാല്‍ പഴങ്ങള്‍ ജനിതക വിളകളാണോ, രാസവളങ്ങള്‍ ഉപയോഗിച്ച് ഉത്പാദിപ്പിച്ചതാണോ, ജൈവികമായി വിളവെടുത്തതാണോ എന്നീ കാര്യങ്ങള്‍ മനസ്സിലാക്കാം. ജിഎംഒ അഥവാ ജെനറ്റിക്കലി മോഡിഫൈഡ് ഓര്‍ഗാനിസംസ് എന്നാണ് ഇതിന്റെ മുഴുവന്‍ നാമം. ജനിതക ഘടനയില്‍ മാറ്റങ്ങള്‍ വരുത്തി കൃത്രിമമായി ഉല്‍പാദിപ്പിയ്ക്കുന്ന ഇത്തരം പഴങ്ങള്‍ ക്യാന്‍സറടക്കമുള്ള പല മാരകരോഗങ്ങള്‍ക്കും കാരണമാകാറുണ്ട്.
പിഎല്‍യു കോഡിന് പിന്നില്‍ ചില രഹസ്യങ്ങളുണ്ട്. സ്റ്റിക്കറിലെ പിഎല്‍യു കോഡ് മൂന്നിലോ നാലിലോ ആരംഭിക്കുന്ന നാലക്ക സംഖ്യയാണെങ്കില്‍ പഴങ്ങള്‍ കീടനാശിനി ഉപയോഗിച്ച് വിളവെടുത്തതാണെന്ന് മനസ്സിലാക്കാം. പലപ്പോഴും നാലക്കത്തില്‍ അവസാനിക്കുന്ന പിഎല്‍യു കോഡിലൂടെ പച്ചക്കറി അല്ലെങ്കില്‍ പഴം ഏതാണെന്ന് അറിയാന്‍ സാധിക്കും. ഉദാഹരണത്തിന് 4011 ആയിരിക്കും വാഴപ്പഴത്തിന്റെ പിഎല്‍യു കോഡ്. എട്ട് എന്ന സംഖ്യയില്‍ തുടങ്ങുന്ന നമ്പരുള്ള സ്റ്റിക്കര്‍ ഒട്ടിച്ചിരിയ്ക്കുന്നത് ജനിതക മാറ്റം വരുത്തിയ പഴങ്ങളിലും പച്ചക്കറികളിലും ആണ്. ഇത് കഴിയ്ക്കുന്നത് അപകടമാണ് എന്ന മുന്നറിയിപ്പായും വായിക്കാം.
എട്ടില്‍ ആരംഭിക്കുന്ന അഞ്ചക്ക പിഎല്‍യു കോഡുള്ള പഴങ്ങളും പച്ചക്കറികളും ജനിതക വിളകളായിരിക്കും. 84011 ആണ് ജനിതക മാറ്റം വരുത്തിയ വാഴപ്പഴത്തിന്റെ പിഎല്‍യു കോഡ്. ജനിതക വിളകളുടെ ഉപയോഗം പലപ്പോഴും അര്‍ബുദരോഗത്തിലേക്ക് നയിച്ചേക്കും. ഒമ്പതില്‍ തുടങ്ങുന്ന അഞ്ചക്ക പിഎല്‍യു കോഡ് ജൈവവിളകളെയാണ് സൂചിപ്പിക്കുന്നത്. ഉദാഹരണത്തിന് ജൈവവളങ്ങളിട്ട് ഉത്പാദിപ്പിച്ച വാഴപ്പഴത്തിന്റെ പിഎല്‍യു കോഡ് 94011 ആണ്. പഴങ്ങളും പച്ചക്കറികളും വാങ്ങുമ്പോള്‍ ഭംഗി നോക്കിയല്ല വാങ്ങേണ്ടത്. മറിച്ച് അതില്‍ നല്‍കിയിരിക്കുന്ന ഇത്തരം വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം.