സിജോ പൈനാടത്ത്
കൊച്ചി: ചീനവലയുടെ ചിത്രം കൊച്ചിയുടെ മുഖച്ചിത്രമാണ്. വിവരണങ്ങളൊന്നുമില്ലാതെ കൊച്ചിയെ ഇതുകൊണ്ട് അടയാളപ്പെടുത്താനാകും. മത്സ്യബന്ധനത്തിനായുള്ള ഈ പരന്പരാഗത മാർഗം കൊച്ചിയുടെ പൈതൃകത്തിന്റെ സാക്ഷ്യപ്പെടുത്തൽ കൂടിയാണ്. പേരിൽ ചൈനയുണ്ടെങ്കിലും വന്നതു അവിടെനിന്നാണെങ്കിലും പതിനഞ്ചാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിൽ ചീനവലയെ കൊച്ചിയിലെത്തിച്ചതു വ്യാപാരത്തിനായി വന്ന പോർച്ചുഗീസുകാരാണ്.
ചൈനയിലും പോർച്ചുഗീസിലും കന്പോഡിയയിലുമെല്ലാം മത്സ്യബന്ധനത്തിന് ഉപയോഗിച്ചിരുന്ന ഡിപ്നെറ്റുകളാണു ചീനവലയായി ഇന്ത്യയിലേക്കെത്തിയത്. കായലിൽ കരയിൽനിന്ന് അൽപം മാറി വെള്ളത്തിലേക്കിറക്കിയാണു ചീനവലകൾ സ്ഥാപിക്കുന്നത്. തേക്കിൻകഴകൾകൊണ്ടു നിർമിച്ച ചട്ടക്കൂടിന്റെ മേൽഭാഗത്തുനിന്നു കായലിലേക്കു തൂങ്ങിക്കിടക്കുന്ന രീതിയിലാണു ചീനവല.
വെള്ളത്തിനടിയിൽ കുഴിച്ചിട്ട വലിയ തൂണുകളിലാണു ചട്ടക്കൂട് ഘടിപ്പിക്കുക. ചട്ടക്കൂട് ഒരുക്കാൻ ഇപ്പോൾ ചിലർ കന്പിയും ഉപയോഗിക്കുന്നു. എതിർഭാഗത്തു വലിയ കല്ലുകൾ കയറിൽ കെട്ടിയിടുന്നു. ചട്ടക്കൂടിനു മുകളിൽ വല ഉയർത്താനും താഴ്ത്താനും സാധ്യമാകുന്ന തരത്തിലുള്ള കപ്പിയും കയറുകളുമുണ്ട്. ശരാശരി 30-35 അടിയാണു വലിയ ചീനവലകളുടെ ഉയരം. കുന്പിളിന്റെ ആകൃതിയിലാണു വല ഒരുക്കുക. വല ഉയർത്താനും താഴ്ത്താനുമുള്ള റോളറിനോടു ചേർന്നുള്ള കൗസാന്തി (വിചാഗിരി), കഴുക്കോൽ തുടങ്ങി ചീനവലയുടെ ഭാഗങ്ങൾക്കു പോർച്ചുഗീസ് പദങ്ങളാണ് ഉപയോഗിക്കുന്നത്.
അഴിമുഖങ്ങളോടു ചേർന്നുള്ള കനാലിലെ കപ്പൽച്ചാലുകളിലാണു ചീനവലകൾ പ്രധാനമായുമുള്ളത്. ശാരീരികാധ്വാനം കാര്യമായി വേണം ചീനവലകൾ പ്രവർത്തിപ്പിക്കാൻ. ആറു പേർ വലിച്ചുയർത്തേണ്ട വലിയ ചീനവലകൾ മുതൽ ഒരാൾക്കു പ്രവർത്തിപ്പിക്കാവുന്ന ചെറിയ ചീനവലകൾ വരെയുണ്ട്. ചീനവലകൾ പ്രവർത്തിപ്പിക്കാൻ പ്രത്യേക മോട്ടോറുകളും ഇപ്പോഴുണ്ട്.
വേലിയേറ്റ സമയത്താണു (തക്കം) മത്സ്യബന്ധനം നടത്തുക. വെള്ളത്തിൽ താഴ്ന്നു കിടക്കുന്ന വലയിൽ ഒഴുക്കുള്ള സമയത്തു മത്സ്യങ്ങൾ വന്നുകയറുന്നു. വല പെട്ടെന്ന് ഉയർത്തുന്പോൾ മത്സ്യങ്ങൾ കൂട്ടത്തോടെ വലയിൽ കുടുങ്ങുന്നു. മീനുകളെ ആകർഷിക്കാൻ വലയ്ക്കുള്ളിൽ തീറ്റയും വയ്ക്കാറുണ്ട്.വിദേശികളുൾപ്പെടെയുള്ള സഞ്ചാരികൾക്കു ചീനവലയുടെ കാഴ്ചയും ഉപയോഗവും കൗതുകവും ആവേശവുമാകുന്നു.
ചീനവലയുടെ പശ്ചാത്തലത്തിൽ ചിത്രങ്ങളെടുക്കുന്ന ടൂറിസ്റ്റുകൾ കൊച്ചിക്കാർക്കു പതിവുകാഴ്ച. ഫോർട്ടുകൊച്ചിയിലാണു കൂടുതൽ ചീനവലകളുള്ളത്. ഒരു ഡസനോളം വലകൾ ഇവിടെത്തന്നെയുണ്ട്. ഇവയിൽ മിക്കതും ഉപയോഗത്തിലുള്ളതാണ്. വല്ലാർപാടം കണ്ടെയ്നർ റോഡ് വഴി പോകുന്നവർക്കും ചീനവലകൾ പരിചയപ്പെടാം. ചെറായി മേഖലയിലെ ജലാശയങ്ങളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ചീനവലകൾ കാണാം. അഷ്ടമുടി, വേന്പനാട് കായലുകളിലും ചീനവലകളുണ്ട്. ചിലയിടങ്ങളിൽ തീരത്തു മണ്ണടിഞ്ഞു കൂടി ചീനവലകൾ കരയിലായതു കാഴ്ചയുടെ സൗന്ദര്യത്തിനും തൊഴിലാളികളുടെ ഉപജീവനത്തിനും തിരിച്ചടിയായിട്ടുണ്ട്.