കാളികാവ് : കുടിവെള്ള ക്ഷാമം രൂക്ഷമായതിനെ തുടർന്ന് വാഹനത്തിൽ എത്തിക്കുന്ന കുടിവെള്ളം പൂങ്ങോട് നാല് സെന്റ് കോളനിവാസികൾ വില കൊടുത്തു വാങ്ങി തുടങ്ങി. എണ്‍പതോളം കുടുംബങ്ങൾ താമസിക്കുന്ന ഇവിടെ കോളനിക്കാർക്ക് ഒരിറ്റ് വെള്ളം ലഭിക്കാൻ ദൂര ദിക്കുകളിൽ നിന്നു ഗുഡ്സ് വാഹനത്തിൽ കൊണ്ടുവരുന്ന വെള്ളം മാത്രമാണ് ആശ്രയം. വെള്ളം വില കൊടുത്തു വാങ്ങേണ്ട സാഹചര്യം വന്നതോടെ വനിതകൾ സംഘടിച്ച് സ്വയം കിണർ കുഴിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
കാൽനൂറ്റാണ്ടു മുന്‍പാണ് നാലു ഏക്കർ വരുന്ന കോളനിയിൽ വിവിധ പ്രദേശങ്ങളിൽ നിന്നും ആളുകളെ കൊണ്ടുവന്ന് കുടിയിരുത്തിയത്. ഓരോ കുടുംബത്തിനും നാല് സെന്റ് വീതം ഭൂമി നൽകിയാണ് താമസിപ്പിച്ചത്. തുടക്കത്തിൽ ഇരുപതോളം കുടുംബങ്ങളായിരുന്നു കോളനിയിൽ താമസം തുടങ്ങിയത്. കുടിവെള്ളത്തിനായി കോളനിയിൽ ഒരു പഞ്ചായത്ത് കിണറുണ്ട്. ഈ കിണറിൽ പേരിനു അടിഭാഗത്ത് കുറച്ച് വെളളം മാത്രമാണുള്ളത്.
കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ഒരു പദ്ധതി കൂടി പിന്നീട് സ്ഥാപിച്ചു. എന്നാൽ എണ്‍പതിലേറെ വരുന്ന കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നത്തിനു അതുകൊണ്ടും പരിഹാരമായില്ല. ഇതേ തുടർന്നാണ് കഴിഞ്ഞ ഏതാനും വർഷമായി കോളനിയിലേക്ക് ഗുഡ്സ് വാഹനങ്ങളിൽ വെള്ളം എത്തിക്കുവാൻ തുടങ്ങിയത്. ഒരു ചെറിയ കുടം വെള്ളത്തിനു അഞ്ച് രൂപ കൊടുത്തതാണ് ഇവർ വെള്ളം വാങ്ങുന്നത്.
നാല് സെന്റ് കോളനിയിലെ വെള്ള പ്രശ്നത്തിനു പരിഹാരം തേടി കോളനിയിലെ വീട്ടമ്മമാർ തന്നെയാണ് അവസാനം കിണർ കുഴിക്കാൻ തുടങ്ങിയത്. വാൽപറന്പൻ മൈമൂന, കീടക്കല്ലൻ റുഖിയ, അന്പലപ്പറന്പൻ റംലത്ത്, വെള്ളാഞ്ചോല ആമിന, മംഗലപ്പറന്പൻ ഉമ്മുകുൽസു എന്നിവരുടെ നേതൃത്വത്തിലാണ് കിണർ കുഴിക്കുന്നത്. അടിയന്തിരമായി നാലു സെന്റ് കോളനിയിലെ കുടിവെള്ളക്ഷം പരിഹരിക്കാനുള്ള പദ്ധതി അനുവദിക്കാൻ അധികൃതർ തയാറായില്ലെങ്കിൽ പ്രത്യക്ഷ സമര പരിപാടികൾ ആരംഭിക്കുമെന്ന് കോളനി നിവാസികൾ പറഞ്ഞു.