തമിഴ്നാട്ടിലുയര്ന്നു കൊണ്ടിരിക്കുന്ന ശശികലാ വിരുദ്ധ തരംഗത്തിന് ഊര്‍ജം പകര്‍ന്നു കൊണ്ട് തമിഴ്സിനിമാ ലോകം. കമല്‍ഹാസനു പിന്നാലെ അരവിന്ദ് സ്വാമിയാണ് ഇപ്പോള്‍ ശശികലയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ശശികലയുടെ ഏകാധിപത്യ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ ഇതു രാജഭരണകാലമല്ലെന്നും ഏകാധിപതികളെയല്ല ജനസേവകരെയാണ് തമിഴ്നാടിനാവശ്യമെന്നും സ്വാമി ട്വീറ്റ് ചെയ്തു. തുടര്‍ന്ന് സ്വാമി എംഎല്‍എമാരെ ഫോണില്‍ വിളിക്കുകയും ചെയ്തു. സ്വാമി വിളിച്ചപ്പോള്‍ തങ്ങളുടെ താത്പര്യങ്ങള്‍ക്കനുസരിച്ചല്ല കാര്യങ്ങള്‍ നടക്കുന്നത് എന്ന് പറഞ്ഞ എംഎല്‍എയോട് ആരെങ്കിലും തടവിലാക്കിയിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നു പറഞ്ഞതായി സ്വാമി ട്വിറ്ററില്‍ പങ്കുവയ്ക്കുന്നു.
ഇതിനു പിന്നാലെ ചിന്നമ്മ കരുതല്‍ തടവിലാക്കിയ എംഎല്‍എമാരെ ഫോണില്‍ വിളിക്കാന്‍ ജനങ്ങളോട് ആഹ്വാനവും ചെയ്തു. എഐഎഡിഎംകെയുടെ മുഴുവന്‍ എംഎല്‍എമാരുടെയും പേരും മണ്ഡലവും ഫോണ്‍ നമ്പറും സ്വാമി ട്വിറ്ററില്‍ അറ്റാച്ച് ചെയ്തിട്ടുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി ആരാകണമെന്ന തര്‍ക്കത്തില്‍ വോട്ടു ചെയ്ത എംഎല്‍എമാരെ വിളിച്ച് അഭിപ്രായം തേടുന്നതാണ് ഉചിതമെന്നും സ്വാമി പറയുന്നു. ‘കോള്‍ യുവര്‍ ലോ മേക്കേഴ്സ്’ എന്നു പേരിട്ട ക്യാമ്പയ്ന് സോക്ഷ്യല്‍ മീഡിയയില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എന്നാല്‍ അഭിപ്രായങ്ങള്‍ അറിയിക്കാനായി ജനപ്രതിനിധികളെ വിളിച്ച പലര്‍ക്കും നിരാശയായിരുന്നു ഫലം. ഈയൊരു പരിപാടി അറിഞ്ഞ ശശികല എംഎല്‍എമാരോട് ഫോണ്‍ വാങ്ങിച്ചു വയ്ക്കുകയായിരുന്നു.