കൊച്ചി: അന്താരാഷ്ട്ര സ്പൈസസ് സമ്മേളനം 12, 13, 14 തിയതികളിൽ കോവളത്തെ ഹോട്ടൽ ലീലയിൽ സംഘടിപ്പിക്കുമെന്ന് ഓൾ ഇന്ത്യ സ്പൈസസ് എക്സ്പോർട്ടേഴ്സ് ഫോറം (എഐഎസ്ഇഎഫ്) ചെയർമാൻ പ്രകാശ് നന്പൂതിരി പത്രസമ്മേളനത്തിൽ അറിയിച്ചു. കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സിന്റെ പങ്കാളിത്തത്തോടെ നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം 12ന് വൈകുന്നേരം അഞ്ചിന് നെസ്ലെ ഇന്ത്യ ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സുരേഷ് നാരായണൻ നിർവഹിക്കും.
സുഗന്ധവ്യഞ്ജന കർഷകരുടെ ജീവിത നിലവാരം ഉയർത്തുക, സുഗന്ധവ്യഞ്ജന വ്യവസായ മേഖല നേരിടുന്ന വെല്ലുവിളികൾ തരണം ചെയ്യുക, ഭക്ഷ്യസുരക്ഷാ പ്രശ്നങ്ങൾക്കു പരിഹാരം തേടുക, സുസ്ഥിര വികസനം സാധ്യമാക്കുക തുടങ്ങിയ വിഷയങ്ങൾ സംബന്ധിച്ച ചർച്ചകളും സെമിനാറുകളും മൂന്നു ദിവസമായി നടക്കുന്ന സമ്മേളനത്തിലുണ്ടാകും.
ഈ മേഖലയിൽ സമഗ്ര സംഭാവനങ്ങൾ നല്കിയ വ്യക്തികളെ സമ്മേളനത്തിൽ ആദരിക്കും. തുടർന്ന് സുഗന്ധവ്യഞ്ജനങ്ങളെ നേരിട്ടറിയാൻ സ്പൈസ് ടൂറും സംഘടിപ്പിക്കും.
പത്രസമ്മേളനത്തിൽ എഐഎസ്ഇഎഫ് വൈസ് ചെയർമാൻ രാജീവ് പാലിഷ, ബിസിനസ് ആൻഡ് കോണ്‍ഫറൻസ് കമ്മിറ്റി ചെയർമാൻ രാംകുമാർ മേനോൻ എന്നിവരും പങ്കെടുത്തു.