തലശേരി: ദേശീയപാതയില്‍ തലായിയില്‍ ദളിത് യുവാക്കളെ ഉടുമുണ്ടഴിച്ച് മര്‍ദിച്ച സംഭവത്തില്‍ രണ്ട് ആര്‍എസ്എസുകാര്‍ അറസ്റ്റില്‍. ടെമ്പിള്‍ഗേറ്റ് അടിയേരി ഹൗസില്‍ എ. ശ്രീജേഷ് (36), നങ്ങാറത്ത്പീടിക ശിവദത്തില്‍ ടി.കെ. വികാസ് (37) എന്നിവരേയാണ് ഇന്നലെ രാവിലെ പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജനുവരി 19ന് ഉച്ചയ്ക്ക് 12ന് ബൈക്കില്‍ ചുവപ്പു മുണ്ടുടുത്ത് യാത്രചെയ്യുമ്പോഴാണ് ദളിതരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരുമായ കുട്ടിമാക്കൂലിലെ പ്രിന്‍സ്, വിപിനേഷ് എന്നിവരെ ഉടുമുണ്ടഴിച്ചു മര്‍ദിച്ച് നടുറോഡിലൂടെ നടത്തിയത്.
മര്‍ദനദൃശ്യം നവമാധ്യമങ്ങളിലൂടെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തന്നെ പ്രചരിപ്പിച്ചതോടെയാണ് ദളിത് മര്‍ദനത്തെക്കുറിച്ച് പുറംലോകമറിഞ്ഞത്. കുട്ടിമാക്കൂലില്നിന്ന് ബൈക്കില്‍ മാഹിയിലെ ബന്ധുവീട്ടിലേക്ക് യാത്രചെയ്യുമ്പോഴാണ് ദളിത് യുവാക്കള്‍ മര്‍ദനത്തിനിരയായത്. മുപ്പതോളം വരുന്ന ആര്‍എസ്എസ് സംഘം വാഹനം വളഞ്ഞ് പുറത്തേക്ക് വലിച്ചിട്ട് മര്‍ദിക്കുകയായിരുന്നുവെന്നാണ് ഇവരുടെ പരാതി. ഉടുമുണ്ടു പറിച്ച് തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ മുകളിലേക്ക് എറിയുകയും ചെയ്തു.
ഉടുമുണ്ടില്ലാതെയാണ് ഇവരെ റോഡിലൂടെ അര്‍ധനഗ്നരാക്കി നടത്തിച്ചത്. മുണ്ട് ചോദിച്ചപ്പോള്‍ പറയന്മാര്ക്ക് എന്ത് മുണ്ടെടാ എന്നു പറഞ്ഞ് അധിക്ഷേപിച്ചതായും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. അക്രമികളില്‍ നിന്നു രക്ഷപ്പെട്ട ഇരുവരും ഏതാനും മീറ്റര്‍ അകലെയുള്ള മറ്റൊരു വീട്ടില്‍ നിന്നു മുണ്ടു വാങ്ങിയുടുത്താണ് നാട്ടിലെത്തിയത്. ദളിത് പീഡനത്തില്‍ പ്രതിഷേധിച്ച് പട്ടികജാതി ക്ഷേമസമിതി മഞ്ഞോടിയില്‍ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചിരുന്നു.
പട്ടികജാതിവര്‍ഗ കമ്മീഷന് പരാതിയും നല്‍കിയിരുന്നു. ദളിത് പീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി 10 ആര്എസ്എസ്ബിജെപിക്കാര്ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഡിവൈഎസ്പി പ്രിന്‍സ് ഏബ്രഹാമിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.