കോഴിക്കോട്: റിട്ടയർ ചെയ്ത ജീവനക്കാർ ആധാരം തയ്യാറാക്കിയാൽ അവരുടെ പെൻഷൻ നിർത്തലാക്കുമെന്നുള്ള രജിസ്ട്രേഷൻ മന്ത്രി സുധാകരന്റെ പ്രസ്താവന പ്രതിഷേധാർഹവും ജനാധിപത്യ വിരുദ്ധവുമാണെന്ന് രജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.ഷാഹുൽഹമീദ്, ജനറൽ സെക്രട്ടറി എൻ.കൃഷ്ണൻ നായർ എന്നിവർ ആരോപിച്ചു.
ന്യായാധിപന്മാർ, ഡോക്ടർമാർ, എൻജിനീയർമാർ, അധ്യാപകർ ഉൾപ്പെടെ റിട്ടയർ ചെയ്തവർ അവരുടെ ദീർഘകാല സർവീസിലൂടെ കിട്ടിയ അറിവ് സമൂഹത്തിന് പ്രയോജനകരമായ വിധത്തിൽ പ്രയോജനപ്പെടുത്തുന്നതുപോലെ മാത്രമെ രജിസ്ട്രേഷൻ വകുപ്പിൽ നിന്ന് റിട്ടയർ ചെയ്തവർ ആധാരമെഴുത്ത് മേഖലയിൽ പ്രവർത്തിച്ചുകൊണ്ട് ചെയ്യുന്നുള്ളൂ. ഇതുമൂലം പൊതുജനങ്ങൾക്ക് കിട്ടുന്ന സുതാര്യവും കാര്യക്ഷമവുമായ സേവനങ്ങളിൽ വിറളിപൂണ്ട് തങ്ങളുടെ മേൽക്കോയ്മ നഷ്ടപ്പെടുമെന്ന് ആശങ്കയുള്ളവർ വിളിച്ചുകൂട്ടുന്ന യോഗങ്ങളിൽ കയ്യടി കിട്ടുവാനുള്ള പ്രസ്താവനയായി മാത്രമെ ഇതിനെ കാണുവാൻ കഴിയുകയുള്ളൂവെന്നും അവർ പറഞ്ഞു.
സ്വന്തമായി ആധാരം തയ്യാറാക്കാൻ പൊതുജനങ്ങൾക്ക് അനുമതി നല്കണമെന്ന് വളരെ മുന്പ് തന്നെ ആവശ്യപ്പെടുകയും സർക്കാരിന്റെ നടപടിയെ സ്വാഗതം ചെയ്യുകയും ചെയ്ത സംഘടനയാണ് തങ്ങളുടേതെന്നും ഷാഹുൽ ഹമീദ് ചൂണ്ടിക്കാട്ടി.