തിരുവനന്തപുരം: പുരോഗമന ചിന്തയ്‌ക്കൊപ്പം ഗുണ്ടായിസവും ഒപ്പം കൂട്ടുന്നവര്‍ എന്ന വിശേഷണം പണ്ടേ എസ്എഫ്‌ഐയ്ക്ക് കൈമുതലായുള്ളതാണ്. ലോ അക്കാദമി സമരത്തില്‍ മാനേജ്‌മെന്റിനനുകൂലമായ നിലപാടെടുത്തു എന്ന ആക്ഷേപം മാറിവരുന്നതിനു മുമ്പേ എസ്എഫ്‌ഐ അടുത്ത വള്ളിക്കെട്ടു പിടിച്ചിരിക്കുകയാണ്. എസ്എഫ്‌ഐയുടെ ഉരുക്കുകോട്ടയായ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലാണ് സംഭവം. പെണ്‍സുഹൃത്തുക്കള്‍ക്കൊപ്പം നാടകം കാണാന്‍ എത്തിയ യുവാവിനു മുമ്പിലാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സദാചാര ഗുണ്ടകളായി അവതരിച്ചത്.
ഇതേ കോളജിലെ വിദ്യാര്‍ഥിനികളായ അസ്മിതയ്ക്കും സൂര്യഗായത്രിയ്ക്കുമൊപ്പം നാടകം കാണാനെത്തിയ തൃശ്ശൂര്‍ സ്വദേശി ജിജീഷാണ് കുട്ടി സഖാക്കളുടെ കൈക്കരുത്ത് അനുഭവിച്ചറിഞ്ഞത്. പെണ്‍കുട്ടികള്‍ക്കൊപ്പമിരുന്നതാണ് എസ്എഫ്‌ഐ പ്രവര്‍ത്തകരെ പ്രകോപിതരാക്കിയതെന്ന് ജിജീഷ് പറയുന്നു. ” പെണ്‍കുട്ടികള്‍ക്കൊപ്പമല്ലാതെ നിനക്ക് ഇരിക്കാന്‍ പറ്റില്ലേ എന്നു ചോദിച്ചാണ് എസ്എഫ്‌ഐക്കാര്‍ അടുത്തേക്കു വന്നത്. കോളജിനു പുറത്തുള്ള ഒരാള്‍ ഇങ്ങനെ ഇരിക്കണ്ട എന്നു പറയുകയും ചെയ്തു. പോകാന്‍ നില്‍ക്കുകയാണെന്നു പറഞ്ഞപ്പോള്‍ നില്‍ക്കണ്ടാ എന്നു പറഞ്ഞു തല്ലുകയായിരുന്നു. ഓടിയപ്പോള്‍ ഗേറ്റ് പൂട്ടി. പിന്നീട് നിലത്തിട്ട് ചവിട്ടുകയും ചെയ്തു” ജിജീഷ് പറയുന്നു.
ജിജീഷിനെ തല്ലുന്നത് എതിര്‍ക്കാന്‍ ശ്രമിച്ചതോടെയാണ് കുട്ടിസഖാക്കള്‍ പെണ്‍കുട്ടികള്‍ക്കു നേരെ തിരിയുന്നത്. തങ്ങളെ പിടിച്ച് തള്ളിയെന്നും പച്ചത്തെറി വിളിച്ചെന്നും പെണ്‍കുട്ടികള്‍ പറയുന്നു. വൈസ് പ്രിന്‍സിപ്പലും മറ്റു കുട്ടികളും ഇത് നോക്കി നിന്നെന്നും പെണ്‍കുട്ടികള്‍ പറയുന്നു. സ്ഥലത്തെത്തിയ പോലീസ് അക്രമകാരികള്‍ക്കെതിരേ നടപടിയെടുത്തില്ലയെന്നും പകരം ഇത് യൂണിവേഴ്‌സിറ്റി ക്യാമ്പസാണെന്ന് അറിയില്ലേയെന്ന് തങ്ങളോടു ചോദിച്ചതായും വിദ്യാര്‍ഥിനികള്‍ ആരോപിക്കുന്നു.
എസ്എഫ്‌ഐയുടെ ആക്രമണത്തില്‍ പരിക്കേറ്റ ജിജീഷിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജിജീഷിന്റെ നെഞ്ചിലും പുറത്തും മര്‍ദ്ദനമേറ്റ പാടുകളുണ്ട്. അക്രമകാരികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസിന്റെ ഭാഗത്തു നി്ന്നുമുണ്ടായത്. കോളേജില്‍ നിന്നു പുറത്തെത്തി പെണ്‍കുട്ടികളെ ശല്യം ചെയ്തയാളെ പൊലീസില്‍ ഏല്‍പ്പിച്ചുവെന്നു പറഞ്ഞാണ് എസ്എഫ്‌ഐ സംഭവത്തെ ന്യായീകരിക്കുന്നത്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.