എടത്വ: നെഞ്ചുവേദനയെ തുടർന്നു വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ അഡ്മിറ്റായിരുന്ന യുവതിയെ രോഗം ഭേദമാകാതെ പറഞ്ഞയച്ചെന്ന് പരാതി. എടത്വ ഗ്രാമപഞ്ചായത്ത് 14–ാം വാർഡ് തൈപ്പറമ്പിൽ ജോമിയുടെ ഭാര്യ സുജാതയാണ് ഡോക്ടർമാർക്കെതിരെ പരാതിയുമായി രംഗത്തുവന്നത്.
നെഞ്ചു വേദനയെത്തുടർന്ന് കഴിഞ്ഞദിവസം രാത്രിയിൽ സുജാതയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നു. രണ്ടുദിവസം കഴിഞ്ഞിട്ടും നെഞ്ചുവേദന ശമിക്കാതെ വന്നതോടെ ബന്ധുക്കൾ ഡോക്ടർമാരോട് അന്വഷിച്ചു.
ഇതിൽ അമർഷംപൂണ്ട ഡോക്ടർമാർ രോഗിയെ ഡിസ്ചാർജ്ജ് എഴുതി പറഞ്ഞുവിടുകയായിരുന്നു. മെഡിക്കൽ കോളജിൽ നിന്ന് കുറിച്ചു നൽകിയ മരുന്നുകൾ കഴിച്ച യുവതിക്ക് അതിയായ തലവേദനവന്നതോടെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ അഭയം തേടി.
മെഡിക്കൽ കോളജിൽനിന്ന് കുറിച്ചുനൽകിയ ചാർജ് ഷീറ്റിൽ രോഗി നിർബന്ധിച്ച് ഡിസ്ചാർജ് എഴുതിവാങ്ങിയെന്ന് രേഖപ്പെടുത്തിയിരുന്നതെന്നും, ശക്തിയേറിയ മരുന്നുകളുടെ ഉപയോഗമാണ് തലവേദനയ്ക്ക് കാരണമെന്നും സ്വകാര്യ ഡോക്ടർ പറഞ്ഞതായി ബന്ധുക്കൾ ആരോപിക്കുന്നു.
ദിവസങ്ങൾക്കു മുമ്പ് ചെക്കിടിക്കാട് സ്വദേശിക്ക് ഇതേ അവസ്ഥ സംഭവിച്ചിരുന്നു. ശക്തിയേറിയ മരുന്ന് ഉപയോഗിച്ച യുവാവിന്റെ മുഖം ചൊറിഞ്ഞുതടിച്ച് നീരുവച്ച് വീർത്തിരുന്നു. പിന്നീട് ഈ യുവാവും മറ്റൊരാശുപത്രിയിലെ ചികിത്സക്ക് ശേഷമാണ് രോഗം ഭേഗമായത്.