തിരുവനന്തപുരം: പാൽ വില ലിറ്ററിനു നാലു രൂപ കൂട്ടാൻ മിൽമ ഭരണസമിതി തീരുമാനിച്ചു. നീല കവർ പാലിന് (ടോണ്‍ഡ് മിൽക്ക്) 21 രൂപയും മഞ്ഞ കവർ (ഡബിൾ ടോണ്‍ഡ്) പാലിന് 19.50 രൂപയുമായാണു വർധിപ്പിച്ചത്. പുതുക്കിയ നിരക്കുകൾ നാളെ നിലവിൽ വരും.
തൈര് വില 450 ഗ്രാം പാക്കറ്റിന് 22 രൂപയും 500 ഗ്രാം പാക്കറ്റിന് 25 രൂപയുമായി ഉയരും. മൂന്നു ശതമാനം കൊഴുപ്പും 8.5 ശതമാനം എസ്എൻഎഫുമുള്ള ഹോമോജെനൈസ്ഡ് നീല കവർ പാലിന്റെ വില 19 രൂപയിൽ നിന്ന് 21 രൂപയായാണ് ഉയരുക. ഒന്നര ശതമാനം കൊഴുപ്പും ഒൻപതു ശതമാനം എസ്എൻഎഫുമുള്ള മഞ്ഞക്കവർ പാൽ വില 17.50 രൂപയിൽനിന്ന് 19.50 രൂപയായി ഉയരും.
എറണാകുളം മേഖലാ യൂണിയൻ വിൽക്കുന്ന 3.5 ശതമാനം കൊഴുപ്പും 8.5 ശതമാനം എസ്എൻഎഫുമുള്ള ഓറഞ്ച് നിറത്തിലുള്ള കവർ പാലിന്റെ വില 20 രൂപയിൽ നിന്ന് 22 രൂപയായി ഉയരും. മലബാറിൽ വിൽക്കുന്ന 4.5 ശതമാനം കൊഴുപ്പുള്ള പച്ചകവർ പാലിനു രണ്ടു രൂപ കൂടി 22 രൂപയായി മാറും.
മിൽമ പാലിന്റെ വില ലിറ്ററിന് 36ൽ നിന്ന് 40 രൂപയായി വർധിപ്പിക്കുമ്പോൾ അധികമായി ലഭിക്കുന്ന നാലു രൂപയിൽ ഏറ്റവും കുറഞ്ഞത് 3.35 രൂപ ക്ഷീരകർഷകനും 16 പൈസ ക്ഷീരസംഘത്തിനും 16 പൈസ വിതരണ ഏജന്റിനും 0.75 പൈസ ക്ഷീരകർഷക ക്ഷേമനിധി ബോർഡിന് അംശാദായമായും കിട്ടും. ബാക്കി തുക ഡെയറികളുടെ പ്രവർത്തനത്തിനും ക്ഷീര സംഘങ്ങൾക്കുമായും നൽകും. പാലിന്റെ കൊഴുപ്പിനുസരിച്ചു കർഷകർക്കു കൂടുതൽ വില ലഭിക്കുമെന്നും മിൽമ ചെയർമാൻ പി.ടി. ഗോപാലകൃഷ്ണക്കുറുപ്പ് അറിയിച്ചു.
ക്ഷീരസംഘങ്ങളിൽനിന്നു കർഷകർക്കു ലഭിക്കുന്ന വില ലിറ്ററിന് 30.12 രൂപയിൽ നിന്ന് 34.14 രൂപയായി ഉയരും. പാലിന്റെ കൊഴുപ്പിന്റെ അളവിന് ആനുപാതികമായി ഇതിൽ വ്യത്യാസമുണ്ടാകും. സംഘങ്ങൾക്ക് ഇപ്പോൾ മിൽമയിൽ നിന്നു ലഭിക്കുന്ന തുക 31.50 രൂപയിൽ നിന്ന് 35.87 രൂപയായി വർധിക്കും.
പുതിയ വില രേഖപ്പെടുത്തിയ കവർ ലഭ്യമാകുന്നതുവരെ പഴയ വില രേഖപ്പെടുത്തിയ പാക്കറ്റുകളാകും വിപണിയിലെത്തുന്നത്. മിൽമയ്ക്കു മറ്റു സംസ്ഥാനങ്ങൾ നൽകിയിരുന്ന പാലിന്റെ വിലയും വർധിപ്പിച്ചിട്ടുണ്ട്. കർണാടക ലിറ്ററിന് ഒരു രൂപയും തമിഴ്നാട് ലിറ്ററിന് 1.32 രൂപയുമാണ് വർധിപ്പിച്ചത്. പല സംസ്ഥാനങ്ങളും പാൽ കമ്മിയിലേക്കു നീങ്ങുകയാണ്.
ഒരു ലിറ്റർ പാൽ ഉത്പാദിപ്പിക്കാൻ കർഷകനു സ്വന്തം ജോലിക്കൂലി ഉൾപ്പെടെ 42.45 രൂപ ചെലവാകുന്നതായാണു കണക്ക്. മിൽമ പാൽ വില ഉയർത്തിയിട്ടും 34.14 രൂപയാണു കർഷകന് സംഘങ്ങളിൽ നിന്നു ലഭിക്കുന്നത്. 2014-ലാണ് മിൽമ അവസാനമായി പാൽ വില വർധിപ്പിച്ചത്. കഴിഞ്ഞ രണ്ടുവർഷത്തിനിടെ കാലിത്തീറ്റ, പുല്ല് തുടങ്ങിയവയ്ക്കു പല തവണ വില കൂടി. അതിനൊപ്പം പാൽ വില കിട്ടാത്തതിനാൽ കർഷകർ ഈ രംഗം വിടുകയാണ്. മിൽമയുടെ പാൽ സംഭരണ ചാർട്ടുകൾ മിൽമയുടെ വെബ് സൈറ്റായ www.milma.com ൽ ലഭ്യമാണ്.