കുന്നംകുളം: മാധ്യമങ്ങളും ജഡജിമാരും തമ്മിലാണ് ഇപ്പോൾ കേരളത്തിൽ തർക്കം നിലനിൽക്കുന്നതെന്ന് മാധ്യമ നിരൂപകൻ അഡ്വ. ജയശങ്കർ പറഞ്ഞു. കുന്നംകുളം വിവേകാനന്ദ കോളജിൽ യൂണിയന്റെ സഹകരണത്തോടെ പ്രസ് ഫോറം സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉന്നത നീതിപീഠമായ ഹൈക്കോടതിയിൽ ഉൾപ്പെടെ നിർഭയമായി വാർത്തകൾ ശേഖരിക്കാൻ മാധ്യമങ്ങൾക്ക് കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. കന്പോള മൂലധനത്തിന്റെ തള്ളിക്കയറ്റം ഇന്ത്യൻ ജുഡീഷ്വറിയെ അപചയപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ലോ അക്കാദമി സമരം വിജയിപ്പിച്ചത് മാധ്യമങ്ങളാണ്.
സമരം കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ കോളജ് പ്രിൻസിപ്പൽ ഡോ. കെ. കൃഷ്ണകുമാരി അധ്യക്ഷയായിരുന്നു. മാധ്യമചരിത്രം ഡോക്യുമെന്ററി പ്രദർശനവും ഉണ്ടായിരുന്നു.