ചെന്നൈ: രാഷ്ട്രീയ കോലാഹലങ്ങള്‍ തുടരുന്ന തമിഴ്നാട്ടില്‍ വാക്പോരും നാടകീയ നീക്കങ്ങളും തുടരുന്നു. ഇതിനിടെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി വി.കെ.ശശികലയ്ക്ക് പിന്തുണയറിയിച്ച് എംഎല്‍എമാര്‍ വീണ്ടും രംഗത്തെത്തി. തങ്ങളെ ആരും തടഞ്ഞുവച്ചിട്ടില്ലെന്ന് ചില എംഎല്‍എമാര്‍ വ്യക്തമാക്കി. സ്വന്തം ഇഷ്ടപ്രകാരമാണ് ചിലര്‍ റിസോര്ട്ടിലുള്ളതെന്നും ബാക്കിയുള്ളവര്‍ ചെന്നൈയില്‍ തന്നെയുണ്ടെന്നുമാണ് എംഎല്‍എമാര്‍ അറിയിച്ചത്.
തങ്ങള്‍ റിസോര്‍ട്ടില്‍ കഴിയുന്നത് സ്വന്തം ചെലവിലാണെന്നും നിര്‍ദേശം ലഭിച്ചാലുടന്‍ തങ്ങള്‍ രാജ്ഭവനിലെത്തുമെന്നും മുരുകമാരന് എംഎല്‍എ വ്യക്തമാക്കി. ശശികല ജയലളിതയുടെ പിന്‍ഗാമിയാകണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും ആരുടെയും സമ്മര്‍ദമോ ഭീഷണിയോ തങ്ങള്‍ക്കുമേല്‍ ഇല്ലെന്നും മുരുകമാരന് പറഞ്ഞു. മഹാബലിപുരത്തെ കുന്നത്തൂരുള്ള റിസോര്‍ട്ടിലാണ് എംഎല്‍എമാര്‍ ഇപ്പോഴുള്ളത്.