കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ എസ്എഫ്ഐ പ്രവർത്തകർ പ്രിൻസിപ്പലിന്റെ കസേര കത്തിച്ച സംഭവത്തിൽ കൂടുതൽ എസ്എഫ്ഐക്കാർക്ക് ബന്ധമുണ്ടെന്നു അന്വേഷണ കമ്മീഷൻ റിപ്പോർട്ട്. കോളജിലെ മൂന്ന് എസ്എഫ്ഐ പ്രവർത്തകർക്ക് സംഭവത്തിൽ ബന്ധമുണ്ടെന്നായിരുന്നു പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. സംഭവം നടന്നത് ഇടത് അധ്യാപക സംഘടനയിലെ (എകെപിസിടിഎ) അധ്യാപകന്റെ സാന്നിധ്യത്തിലാണെന്നും റിപ്പോർട്ടിലുണ്ട്.
സംഭവദിവസം കോളജിൽ പ്രിൻസിപ്പലിനെതിരേ എസ്എഫ്ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധത്തെത്തുടർന്നാണ് കസേര കത്തിക്കൽ ഉണ്ടായതെന്നും പ്രതിഷേധ സമരത്തിൽ കോളജിലെ ഏഴ് അധ്യാപകരും പുറത്തുനിന്നുള്ള നാല് അധ്യാപകരും പങ്കെടുത്തെന്നും മൂന്നംഗ അന്വേഷണ കമ്മീഷൻ കണ്ടെത്തി. പ്രിൻസിപ്പലിനെതിരേ പ്രതിഷേധം സംഘടിപ്പിക്കുന്ന വിവരം ഇടത് അനുകൂല അധ്യാപക സംഘടനാ ഭാരവാഹികൾക്ക് നേരത്തെ അറിയാമായിരുന്നെന്നും പരാമർശമുണ്ട്. അതേസമയം, അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ഇന്ന് കോളജ് ഗവേണിംഗ് കൗണ്‍സിൽ ചർച്ച ചെയ്യും.
ഇന്നു രാവിലെ 11 ന് കോളജിലാണ് ഗവേണിംഗ് കൗണ്‍സിൽ യോഗം നടക്കുന്നത്. നേരത്തെ അന്വേഷണ റിപ്പോർട്ട് സർക്കാർ തലത്തിൽ ചർച്ച ചെയ്യണമെന്ന ആവശ്യം തള്ളിയിരുന്നു. ഗവേണിംഗ് കൗണ്‍സിലിൽ ഇടത് അനുഭാവമുള്ള അംഗങ്ങൾ കൂടുതലുള്ളതിനാൽ കുറ്റക്കാർക്കെതിരേ നടപടിയുണ്ടാകില്ലെന്നതിനാലാണ് സർക്കാർ തലത്തിൽ റിപ്പോർട്ട് ചർച്ചചെയ്യണമെന്ന ആവശ്യം ഉയർന്നത്. കോളജിലെ മുതിർന്ന രണ്ട് അധ്യാപകരും സൂപ്രണ്ടും ഉൾപെടുന്ന കമ്മിറ്റിയാണ് അന്വേഷണം നടത്തിയത്. ്