കോഴിക്കോട്: മെഡൽ ലക്ഷ്യവുമായി രണ്ടു മലയാളികളടക്കം മൂന്ന് ഇന്ത്യൻ ട്രാക്ക് സൈക്ലിംഗ് താരങ്ങൾ വിദേശത്തേക്ക്. കോഴിക്കോട് തിരുവമ്പാടി സ്വദേശിനി അലീന റെജി, തിരുവനന്തപുരം സ്വദേശിനി നയന രാജേഷ്, ആൻഡമാൻ നിക്കോബാർ സ്വദേശിനി ഡെബോറ ഹാരോൾഡ് എന്നീ പെൺകൊടികൾ, കൊളംബിയയിലും അമേരിക്കയിലെ ലോസ് ആഞ്ചലസിലും നടക്കുന്ന ടിസോട്ട്-യുസിഐ ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കുവേണ്ടി ട്രാക്കിലിറങ്ങും.
ഇന്ത്യൻ ചീഫ് സൈക്ലിംഗ് കോച്ച് ആർ.കെ. ശർമ, ടീം മാനേജർ ഗൗതമണി ദേവി എന്നിവർക്കൊപ്പം മൂവരും നാളെ രാത്രി ഡൽഹിയിൽനിന്നു കൊളംബിയയ്ക്കു പുറപ്പെടും. യൂണിയൻ സൈക്ലിസ്റ്റ്സ് ഇന്റർനാഷണൽ( യുസിഐ) , പ്രമുഖ സ്വിസ് വാച്ച് കമ്പനിയായ ടിസോട്ട് എന്നിവ സംഘടിപ്പിക്കുന്ന വേൾഡ്കപ്പ് ചാമ്പ്യൻഷിപ്പ് 17 മുതൽ 19 വരെ കൊളംബിയയിലെ ‘ദി അൽസൈഡ്സ് നിയേറ്റോ പറ്റീനോ വെലോഡ്രോമിലും’. 25, 26 തീയതികളിൽ ലോസ് ആഞ്ചലസിലെ ‘സ്റ്റബ്ഹബ്സ് വെലോ സ്പോട്സ് സെന്ററി’ ലുമാണു നടക്കുക.
പതിനേഴുകാരിയായ അലീനയും പതിനെട്ടുകാരിയായ നയനയും 21 വയസുള്ള ഡെബോറയും സീനിയർ വിഭാഗത്തിലാണു രണ്ടിടത്തും മത്സരിക്കുക. കഴിഞ്ഞ ദിവസം ഡൽഹിയിൽ സമാപിച്ച ഏഷ്യൻ സൈക്ലിംഗ് ചാന്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ മത്സരിച്ച ജൂണിയർ താരം അലീന ഇന്ത്യക്കുവേണ്ടി രണ്ടു വെങ്കലം നേടിയിരുന്നു. ഇതും, അടുത്തിടെ തിരുവനന്തപുരത്ത് നടന്ന ദേശീയ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിലെ സുവർണ നേട്ടവുമാണു ജൂണിയറായിട്ടും അലീന ഇന്ത്യൻ വനിതാ ടീമിലേക്കു തെരഞ്ഞെടുക്കപ്പെടാൻ കാരണം. തിരുവനന്തപുരത്തെ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത മൂന്ന് ഇനങ്ങളിലും അലീന സ്വർണം നേടി.
ഇന്ത്യക്കു പുറമേ ഓസ്ട്രേലിയ, കാനഡ, ചൈന, കൊളംബിയ, ഫ്രിയൂലി, സ്പെയിൻ, ഫിൻലൻഡ്, ഫ്രാൻസ്, ഗാസ്പ്രോം റസ്വെലോ, ബ്രിട്ടൻ, ജർമനി, അയർലൻഡ്, ഇറ്റലി, ജപ്പാൻ, കൊറിയ, ലിത്വാനിയ, ടാൻസാനിയ, ന്യൂസിലൻഡ്, പോളണ്ട്, റഷ്യ, തായ്വാൻ, യുക്രെയ്ൻ, അമേരിക്ക, തുടങ്ങി മുപ്പതോളം രാജ്യങ്ങൾ ലോക കപ്പിൽ പങ്കെടുക്കുന്നുണ്ട്. പതിന്നാലാം തവണയാണു കൊളംബിയ വേൾഡ്കപ് സൈക്ലിംഗിന് ആതിഥ്യമരുളുന്നത്.
കോഴിക്കോട് തിരുവമ്പാടിയിലെ കുടിയേറ്റ കർഷകരായ പുതുപ്പറമ്പിൽ റെജി പി. ചെറിയാൻ – മിനി ദമ്പതികളുടെ രണ്ടാമത്തെ പുത്രിയായ അലീന കഴിഞ്ഞ അഞ്ചു വർഷത്തിനിടെ രാജ്യാന്തര തലത്തിൽ നിരവധി തവണ ഒന്നാം സ്ഥാനം നേടി. തിരുവനന്തപുരം പോത്തൻകോട് സ്വദേശിനിയായ നയന രാജേഷും നിരവധി തവണ ഇന്ത്യക്കുവേണ്ടി സ്വർണം കൊയ്തു. കേരള ട്രാക്ക് സൈക്ലിംഗ് ചീഫ് കോച്ച് ചന്ദ്രൻ ചെട്ട്യാരാണ് ഇവരുടെ മുഖ്യപരിശീലകൻ.