ന്യൂഡൽഹി: കറൻസി റദ്ദാക്കലിനു ശേഷം ഡിജിറ്റൽ ഇടപാടുകൾ കുത്തനെ ഉയർന്നു, ഡിജിറ്റൽ പേമെന്റ് കമ്പനികൾ കൂണുപോലെ മുളച്ചുപൊന്തി. കറൻസി റദ്ദാക്കൽ കഴിഞ്ഞ് രണ്ടു മാസം പിന്നിടുന്പോൾ ഡിജിറ്റൽ ഇടപാടുകളിൽ 10 ശമതാനം കുറവു വന്നതായി റിപ്പോർട്ട്.
ആവശ്യത്തിന് കറൻസി ജനങ്ങളിലെത്തിയത് ഡിജിറ്റൽ ഇടപാടുകളെ ജനപ്രീതി കുറച്ചിട്ടുണ്ട്. കാർഡ് ഇടപാടുകൾക്ക് സേവനദാതാക്കൾ സർവീസ് ചാർജ് ഈടക്കാൻ തുടങ്ങിയതും തിരിച്ചടിയായി.
വ്യാപാരികൾക്കും ഇടപാടുകാർക്കും നിരവധി ഇൻസെന്റീവ് പദ്ധതികൾ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സ്വീകാര്യതയുടെ ഗ്രാഫ് താഴേക്കുതന്നെ. റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കനുസരിച്ച് ഡിസംബറിനെ അപേക്ഷിച്ച് ജനുവരിയിൽ ഡിജിറ്റൽ ഇടപാടുകളുടെ എണ്ണം 10.2 ശതമാനം താഴ്ന്നു.
ഡിസംബറിൽ 102.77 കോടി ഇടപാടുകൾ നടന്നപ്പോൾ ജനുവരിയിൽ എണ്ണം 92.29 കോടിയായി താഴ്ന്നു. മൂല്യത്തിൽ ഏഴു ശതമാനം താഴ്ചയുണ്ടായി. 105.40 കോടി രൂപയിൽനിന്ന് 98 ലക്ഷം കോടി രൂപയായി. ഡിജിറ്റൽ വാലറ്റ്, മൊബൈൽ ബാങ്കിംഗ്, ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഇടപാടുകൾ, യുപിഐ, യുഎസ്എസ്ഡി എന്നിവയെല്ലാം ചേർത്ത കണക്കാണിത്.