ന്യൂഡല്‍ഹി: മരണം എത്തുന്ന നേരത്ത് ഒടുവിലായി അകത്തേക്കെടുക്കുന്ന ശ്വാസം ഇന്ത്യയില്‍ നിന്നായിരക്കണമെന്ന് വാംഗ് ക്വി മനസില്‍ കുറിച്ചിട്ടിട്ടുണ്ട്. എങ്കിലും ഒരു യുദ്ധത്തിനു പിന്നാലെ അബദ്ധത്തില്‍ അതിര്‍ത്തി കടന്നുപോരേണ്ടി വന്ന സ്വന്തം രാജ്യത്തേക്ക് ഒരിക്കലെങ്കിലും ഒന്നു പോയി വരണം.
ജനിച്ച മണ്ണ് എന്ന സ്വപ്നം മാത്രം കണ്ട് ഇന്ത്യയില്‍ ജീവിക്കുന്ന ചൈനക്കാരന്റെ മോഹം സഫലമാകാന്‍ ഒരുങ്ങുന്നത് അരനൂറ്റാണ്ടു പിന്നിട്ട കാത്തിരിപ്പിനൊടുവിലാണ്. ചൈനയില്‍ വാംഗ് ക്വിയായി ജനിച്ച് ഇന്ത്യയില്‍ രാജ് ബഹാദൂറായി ജീവിച്ച ആ മനുഷ്യന്‍ ഇപ്പോള്‍ തിരികെ മടങ്ങാമെന്ന വാര്‍ത്ത ഉടന്‍ കേള്‍ക്കാനാകുമെന്ന പ്രതീക്ഷകള്‍ക്കൊപ്പമാണ്.
ജന്‍മനാടു കാണാനുള്ള വാംഗ് ക്വി എന്ന 78 വയസുകാരന്‍റെ ആഗ്രഹങ്ങള്‍ക്കു 55 വയസ് പ്രായമുണ്ട്. അഭയാര്‍ഥിയായി കഴിയുന്ന വാംഗ് ക്വിക്കും ബന്ധുക്കള്‍ക്കും ജന്‍മനാട്ടിലേക്കു പോയി വരാനാകുമെന്ന് ഇന്നലെയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. വാംഗ് ക്വിയുടെ ചൈനയിലേക്കുള്ള യാത്രക്കായി ഡല്‍ഹിയിലെ ചൈനീസ് എംബസിയിലും ബെയ്ജിംഗിലെ ഇന്ത്യന്‍ എംബസിയിലും ഇതു സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നു. എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നാണ് ഇന്നലെ വിദേശകാര്യമന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞത്. അതിര്‍ത്തിക്കപ്പുറത്തേക്കു പരന്നു കിടക്കുന്ന വാംഗ് ക്വിയുടെ മോഹങ്ങള്‍ക്കു മേല്‍ ഇനി സാങ്കേതിക തടസങ്ങളുടെ ചുവപ്പുനാട കുരുക്കാകില്ലെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ഇന്ത്യയില്‍ അഭയാര്‍ഥിയായി എത്തിയ ശേഷം വാംഗ് ക്വി തുടര്‍ച്ചയായി ചൈനയിലെ ബന്ധുക്കള്‍ക്കു കത്തുകളെഴുതിയിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. 1982ലാണ് ആദ്യമായി ഈ മനുഷ്യനെ തേടി ഒരു മറുപടിക്കത്ത് വരുന്നത്. അഭയാര്‍ഥി ജീവിതത്തിന്‍റെ നീണ്ട 40 വര്‍ഷങ്ങള്‍ക്കൊടുവില്‍ ആദ്യമായി അമ്മയോട് ഫോണില്‍ സംസാരിക്കുന്നത് 2002ലും. 2006ല്‍ സ്വന്തം മകനെ ഒരുനോക്കു കാണണമെന്ന മോഹം ബാക്കിയാക്കി ആ മാതാവ് അതിര്‍ത്തിക്കപ്പുറം അന്ത്യശ്വാസം വലിച്ചു.
കഴിഞ്ഞ മാസം ബിബിസി ലേഖകന്‍ വിനോദ് ഖരേയുടെ സഹായത്താല്‍ വാംഗ് ക്വി ചൈനയിലുള്ള തന്‍റെ മുതിര്‍ന്ന സഹോദരന്‍ വാംഗ് ഷിയുവാനുമായി വീഡിയോ കോള്‍ വഴി സംസാരിച്ചിരുന്നു. 50 വര്‍ഷങ്ങള്‍ക്കിപ്പുറം ആദ്യമായി നേരില്‍ കാണുന്ന സഹോദരങ്ങള്‍ അന്നു 17 മിനിട്ടു മാത്രമാണു സംസാരിച്ചത്. തനിക്കു വേണ്ടി മാത്രമാണു തന്‍റെ സഹോദരന്‍ ഇത്രകാലം ജീവിച്ചിരുന്നതെന്ന വാംഗ് ക്വിയുടെ വാക്കുകളിലുണ്ട് ഉറ്റവരെ ഒരു നോക്കു കൂടി കാണാനുള്ള മോഹം.
1962ലെ ഇന്ത്യചൈന യുദ്ധത്തിനു ശേഷം ഏതാനും നാളുകള്‍ കഴിഞ്ഞ് 1963 ജനുവരിയിലാണു വാംഗ് ക്വി ഇന്ത്യന്‍ അധികൃതരുടെ പിടിയിലാകുന്നത്. ചൈനീസ് സൈന്യത്തിന്‍റെ ഭാഗമായിരുന്ന വാംഗ് ക്വി വഴിതെറ്റി ഇന്ത്യയിലെത്തുകയായിരുന്നു. ചൈനീസ് സൈന്യത്തിന്‍റെ റോഡ് നിര്‍മാണ വിഭാഗത്തോടൊപ്പമായിരുന്ന ഇയാള്‍ സൈനിക ക്യാന്പിലേക്കുള്ള വഴി തെറ്റി ഏറെ അലഞ്ഞ് ഒടുവില്‍ ആസാമില്‍ വെച്ച് റെഡ്‌ക്രോസ് വാഹനത്തിനു നേര്‍ക്ക് കൈനീട്ടി. വഴിയില്‍ നിന്നു കിട്ടിയ ചൈനക്കാരന്‍ പട്ടാളക്കാരനെ അവര്‍ ഇന്ത്യന്‍ സൈന്യത്തിനു കൈമാറി. ആറു വര്‍ഷക്കാലം യുദ്ധത്തടവുകാരനായി ആസാം, അജ്മീര്‍, ഡല്‍ഹി ജയിലുകളില്‍ കഴിഞ്ഞു. അതിര്‍ത്തി കടന്ന് തടവറയിലായ പട്ടാളക്കാരനെ ഏറ്റെടുക്കാന്‍ പിന്നീട് ചൈനീസ് സര്‍ക്കാരോ എംബസിയോ മുന്‍കൈ എടുത്തില്ല.
ശരണാര്‍ഥിയായി കണക്കാക്കി ഇന്ത്യ വാംഗ് ക്വിക്ക് അഭയം നല്‍കി. ഇന്ത്യയില്‍ പുനരധിവസിപ്പിച്ച അന്നത്തെ സര്‍ക്കാര്‍ പ്രതിമാസം 100 രൂപ പെന്‍ഷനും അനുവദിച്ചു. പിന്നീട് അദ്ദേഹത്തെ പുനര്‍വസിപ്പിക്കുന്നതിനായി ഡല്‍ഹി, ഭോപ്പാല്‍, ജബല്‍പൂര്‍ പോലീസ് അധികാരി കള്‍ക്ക് കൈമാറിയിരുന്നു.
ഒടുവില്‍ മദ്ധ്യപ്രദേശിലെ നക്‌സല്‍ ബാധിത മേഖലയായ ബാലാഘാട്ട് ജില്ലാ പോലീസ് എസ്പിക്കു കൈമാറി. ജയില്‍ മോചിതനായ ശേഷം അദ്ദേഹത്തിന്‍റെ പരിശ്രമ ഫലമായി അവിടെ ഒരു തടിമില്ലില്‍ വാച്ച് മാനായി വാംഗ് ക്വി ജോലി ചെയ്യാന്‍ തുടങ്ങി. മധ്യപ്രദേശിലെ തിരോഡിയില്‍ ചൈന, പാക്കിസ്ഥാന്‍, ബംഗ്‌ളാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള യുദ്ധത്തടവുകാരോടൊപ്പമായി വാംഗ് ക്വിയുടെ ജീവിതവും. എന്നാല്‍, പൗരത്വമോ മറ്റ് രേഖകളോ വാംഗ് ക്വിക്കു ലഭിച്ചിരുന്നില്ല.
താനൊരു ചൈനക്കാരനാണെന്നും പേര് വാംഗ് ക്വി എന്നാണെന്നുമുള്ള വാംഗ് ക്വിയുടെ വാക്കുകള്‍ ആരും കണക്കിലെടുത്തില്ല. ഇയാള്‍ ഒരു നേപ്പാളിയെന്ന് നാട്ടുകാര്‍ ഉറപ്പിച്ചു. രാജ് ബഹാദൂര്‍ എന്ന് വിളിക്കാന്‍ എളുപ്പമുള്ള ഒരു പേരും നല്‍കി. ബാലാഘട്ട് സ്വദേശിയായ സുശീലയെ വിവാഹം കഴിച്ചതോടെ അഭയാര്‍ഥിയായി വന്ന വാംഗ് ക്വി ഇന്ത്യയുടെ മരുമകനുമായി. വാംഗ് ക്വി എന്ന രാജ് ബഹാദൂറിനു നാലു മക്കളായിരുന്നു. മൂത്തമകന്‍ മകന്‍ ശ്യാം 28ാമത്തെ വയസില്‍ അസുഖം വന്നു മരിച്ചു. രണ്ടാമത്തെയാള്‍ വിഷ്ണു വാംഗും രണ്ടു പെണ്‍മക്കളുമുണ്ട്.
2008ല്‍ ഡല്‍ഹിയില്‍ താമസത്തിനെത്തിയ ഒരു ചൈനീസ് സ്വദേശിയാണ് വാംഗ് ക്വിയെ ഇന്ത്യയിലെ ചൈനീസ് എംബസിയുമായി ബന്ധപ്പെടുത്തുന്നത്. അടുത്ത വര്‍ഷം വാംഗ് ക്വിയുടെ ബന്ധു ടൂറിസ്റ്റായി ഇന്ത്യയിലെത്തി അദ്ദേഹത്തെ കണ്ടു. ബന്ധുക്കള്‍ മടങ്ങി ചൈനയില്‍ ചെന്ന ശേഷം അവിടുത്തെ പ്രാദേശിക നേതാക്കളുടെ സഹായത്തോടെ നടത്തിയ നീക്കങ്ങളുടെ ഫലമായി ചൈനീസ് സര്‍ക്കാര്‍ അദ്ദേഹത്തിനു പുതിയ പാസ്‌പ്പോര്‍ട്ട് അനുവദിച്ചു. എന്നാല്‍, ഇന്ത്യയില്‍ നിന്നുള്ള യാത്രാ രേഖകള്‍ ലഭിക്കാതിരുന്നതിനാല്‍ പോകാന്‍ കഴിഞ്ഞില്ല. യാത്രാ തടസം ഒഴിവാക്കി കിട്ടുന്നതിനായി പ്രധാനമന്ത്രിക്കും, വിദേശ മന്ത്രി സുഷമാ സ്വരാജിനും അദ്ദേഹം കത്തുകളെഴുതിയിരുന്നു. ഇതിനൊടുവിലാണ് വാംഗിനു ചൈനയിലേക്കു പോകാമെന്നു വിദേശകാര്യ മന്ത്രാലയം ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. വാംഗ് ക്വിയോടൊപ്പം മകന്‍ വിഷ്ണു, മകള്‍ അനിത വാംഗ്‌ഡേ, മരുമകള്‍ നേഹ വാംഗ്, പേരക്കുട്ടി ഖനക് വാംഗ് എന്നിവര്‍ക്കും ചൈനയില്‍ പോയി വരാന്‍ അനുമതി ലഭിക്കും.
ചൈനയിലെ ഷാംഗ്‌സി പ്രവിശ്യയിലാണു തന്‍റെ വീടെന്നു മാത്രമാണ് വാംഗിന് ഇപ്പോള്‍ അറിയാവുന്നത്. മരിക്കും മുന്‍പ് ഒരു തവണ ബന്ധുക്കളെ കാണണം. അഭയം തന്ന ഇന്ത്യയാണ് ഇന്ന് മാതൃ രാജ്യം. ഭാര്യയും മക്കളും ഇവിടെയുള്ളപ്പോള്‍ മടങ്ങി വരിക തന്നെ ചെയ്യും. ഈ മണ്ണിലാകും തന്‍റെ അന്ത്യമെന്ന് വാംഗ് ക്വി മനസില്‍ കുറിച്ച് ഉറപ്പിച്ചു വെച്ചിട്ടുണ്ട്.
സെബി മാത്യു