പാലക്കാട്: പ്രഭാതഭക്ഷണം ഒഴിവാക്കുന്ന ശീലം കൗമാര പ്രായക്കാരിൽ വ്യാപക ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകുന്നതായി ജില്ലാ ആർ.സി.എച്ച്. ഓഫിസർ ഡോ. ജയന്തി.ഇതേ സമയം രാത്രി അമിത ഭക്ഷണം കഴിക്കുന്ന ശീലം ശരീരത്തിൽ അനാവശ്യ കൊഴുപ്പ് അടിഞ്ഞു കൂടാനും അതുമൂലമുള്ള ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്നും അവർ ചൂണ്ടിക്കാട്ടി.
പാലക്കാട് ഫീൽഡ് പബ്ലിസിറ്റി ഓഫിസും കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്തും ചേർന്നു സംഘടിപ്പിച്ച വനിതാ ആരോഗ്യ ബോധവത്കരണ ക്ലാസ് നയിക്കുകയായിരുന്നു ഡോ. ജയശ്രീ. അനാരോഗ്യകരമായ ആഹാര ശീലങ്ങൾ മൂലമുള്ള പ്രശ്നങ്ങൾ പാലക്കാടു ജില്ലയുടെ 14 ബ്ലോക്കുകളിലും കണ്ടുവരുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.കേന്ദ്ര ഫീൽഡ് പബ്ലിസിറ്റി ഡയറക്ടറേറ്റ് കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച ആരോഗ്യ ബോധവത്കരണ കാമ്പയിന്റെ ഭാഗമായിട്ടായിരുന്നുണ് ക്ലാസ്.
ആരോഗ്യ ബോധവത്കരണ കാമ്പയിനിന്റെ സമാപന സമ്മേളനം കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് ഹാളിൽ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീതാ ശിവാനന്ദ് ഉദ്ഘാടനം ചെയ്തു.
കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.കലാധരൻ അധ്യക്ഷത വഹിച്ചു. പി.എൻ.രവീന്ദ്രൻ, സാറാ ഉമ്മ, പാലക്കാട് ഫീൽഡ് പബ്ലിസിറ്റി ഓഫിസർ എം.സ്മിതി, കോട്ടയം ഫീൽഡ് പബ്ലിസിറ്റി ഓഫിസർ സുധ എസ്. നമ്പൂതിരി, ചൈൽഡ് ഡവലപ്മെന്റ് പ്രൊജക്ട് ഓഫിസർ അന്ന ജോബ്, സി. സായിനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.
പ്രചാരണപരിപാടിയുടെ ഭാഗമായി വിവിധ ഗ്രാമങ്ങളിൽ പാലക്കാട്, കോട്ടയം ഫീൽഡ് പബ്ലിസിറ്റി ഓഫിസിന്റെ ആഭിമുഖ്യത്തിൽ പ്രചാരണ, ബോധവത്കരണ ക്ലാസുകളും മത്സരങ്ങളും സംഘടിപ്പിച്ചു. എം.സ്മിതി, സുധ എസ്.നമ്പൂതിരി, സി.സായിനാഥ്, ബാബുരാജ് തുടങ്ങിയവർ ക്ലാസുകൾ നയിച്ചു.