ആലക്കോട്: ടെലിവിഷൻ പരസ്യം കണ്ട് വീട്ടുപകരണങ്ങൾ ബുക്ക് ചെയ്തവർക്ക് തപാലിൽ ലഭിച്ചത് ഉപകരണങ്ങളുടെ പകുതിഭാഗം മാത്രം. ജനുവരി 26ന് പ്രത്യേക ഓഫർ എന്ന പേരിൽ 999 രൂപയ്ക്ക് പാത്രങ്ങളും ചപ്പാത്തി മേക്കറും ബുക്കു ചെയ്ത് നിരവധി പേരാണു തട്ടിപ്പിനിരയായത്.
തലേദിവസം വരെ 1,999 രൂപയ്ക്ക് നൽകിയിരുന്ന വീട്ടുപകരണങ്ങൾ 999 രൂപയ്ക്ക് നൽകുന്ന പരസ്യം ടെലിവിഷൻ വഴി പ്രചരിപ്പിക്കുകയും ഒരു പ്രശസ്ത കന്പനി പരസ്യത്തിന്റെ മറവിൽ ഓർഡർ പിടിക്കുകയുമായിരുന്നു.
എന്നാൽ 999 രൂപയ്ക്ക് ബുക്ക് ചെയ്ത സാധനം വീട്ടിലെത്തിയപ്പോൾ പോസ്റ്റൽ ചാർജ് 399 രൂപയും അധികമായി നൽകേണ്ടിവന്നു. 1,398 രൂപ നൽകി സാധനം കൈപ്പറ്റിയവർ പായ്ക്കറ്റ് തുറന്നപ്പോഴാണ് ഞെട്ടിയത്. പരസ്യത്തിൽ കണ്ട ഉപകരണമേ അല്ല എത്തിയത്. മാത്രമല്ല പ്രത്യേകം ഭാഗങ്ങളായി വേർതിരിച്ചെത്തിയ ഉപകരണങ്ങൾക്കു പകുതി ഭാഗവുമില്ല.
പരസ്യത്തിൽ കണ്ട സ്റ്റീൽ ഉപകരണം വീട്ടിലെത്തിയപ്പോൾ പ്ലാസ്റ്റിക്കുമായി. വഞ്ചിതരായവർ പരസ്യത്തിൽ കണ്ട നന്പറിൽ വിളിച്ച് പരാതി പറഞ്ഞപ്പോൾ വീണ്ടും 399 രൂപ നൽകി മടക്കി അയയ്ക്കാനാണ് കന്പനി ആവശ്യപ്പെട്ടത്.മലയോരമേഖലയിൽ ഇത്തരത്തിൽ പരസ്യം കണ്ട് പണം നൽകി വഞ്ചിതരായവർ നിരവധിയാണ്. ഇതോടെ കന്പനിക്കെതിരേ നിയമനടപടിക്ക് ഒരുങ്ങുകയാണ് പണം നഷ്ടപ്പെട്ടവർ.