ലക്ഷ്യം മുഖ്യമന്ത്രിക്കസേര! ശശികല- ഒപിഎസ് പോരാട്ടത്തത്തിന്റെ നാള്‍വഴികളിലൂടെ

sasi

മുമ്പെങ്ങുമില്ലാത്ത സംഭവ വികാസങ്ങള്‍ക്കാണ് ജയലളിതയുടെ മരണത്തോടെ തമിഴ്‌നാട് സാക്ഷ്യം വഹിക്കുന്നത്. ചിന്നമ്മ എന്ന വിളിപ്പേരുള്ള ജയലളിതയുടെ തോഴി വി.കെ ശശികലയും ഇടക്കാല മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വവും ഭരണം പിടിച്ചെടുക്കാനായി പരസ്പരം പോരടിക്കുകയാണ്. ഒരേ പാര്‍ട്ടിയിലെ രണ്ടു നേതാക്കള്‍ മുഖ്യമന്ത്രിക്കസേര ലക്ഷ്യമാക്കി നടത്തുന്ന ഇത്തരം നീക്കങ്ങള്‍ ഒരു പക്ഷെ ഇന്ത്യന്‍ രാഷ്ട്രീയത്തിനു തന്നെ അപരിചിതമായിരിക്കും. എംഎല്‍എമാരെ വീട്ടുതടങ്കലിലാക്കുന്നതും ഗുണ്ടകളെ കാവല്‍ നിര്‍ത്തുന്നതും തമിഴ് രാഷ്ട്രീയത്തേക്ക് രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധ തിരിക്കുകയാണ്. മാധ്യമങ്ങളെപ്പോലും കടത്തിവിടാത്ത ഏകാധിപത്യത്തിലേക്ക് ശശികല നീങ്ങുന്നെന്നാണ് എതിര്‍പക്ഷത്തിന്റെ ആരോപണം. പനീര്‍ശെല്‍വം-ശശികല പോരാട്ടവീഥിയിലെ പ്രധാന സംഭവങ്ങളിലൂടെ…

ശശികലയ്‌ക്കേറ്റ അപ്രതീക്ഷിത തിരിച്ചടി
sasikal1
രണ്ട് പാര്‍ലമെന്റംഗങ്ങള്‍ പനീര്‍ശെല്‍വത്തിനു പിന്തുണ പ്രഖ്യാപിച്ചത് ശശികലയ്‌ക്കേറ്റ വന്‍ തിരിച്ചടിയായിരുന്നു. കൃഷ്ണഗിരിയില്‍ നിന്നുമുള്ള അശോക് കുമാര്‍, നാമയ്ക്കലില്‍ നിന്നുള്ള സുന്ദരം എന്നീ എംപിമാര്‍ക്കു മുമ്പേ രാജ്യസഭാംഗം വി. മൈത്രേയനും പനീര്‍ശെല്‍വത്തിന്റെ ടീമില്‍ എത്തിയിരുന്നു. ശശികലയുടെ മുഖ്യമന്ത്രി സ്ഥാനാരോഹണം നീണ്ടുപോകുന്നതിനനുസരിച്ച് മറുഭാഗത്തേക്ക് എംഎല്‍എമാര്‍ പോകാനുള്ള സാധ്യത കൂടുതലാണെന്നതാണ് ശശികലയെ ഭയപ്പെടുത്തുന്നത്.

എഐഎഡിഎംകെ മന്ത്രിമാരെ ഒളിപ്പിച്ചത് ചോദ്യം ചെയ്യപ്പെടുന്നു
aiadmkmlas11
എഐഎഡിഎംകെയുടെ 120 എംഎല്‍എമാരെ മഹാബലിപുരത്തെ കൂവത്തൂരുള്ള ആഡംബര റിസോര്‍ട്ടില്‍ രഹസ്യമായി പാര്‍പ്പിച്ചത്. ചോദ്യം ചെയ്യപ്പെടുകയാണ്. എംഎല്‍എമാരെ കാണണമെന്ന് ആവശ്യമുന്നയിച്ച് പോലീസുകാരും റെവന്യൂ ഉദ്യോഗസ്ഥരും റിസോര്‍ട്ടില്‍ എത്തുകയും ചെയ്തത് ശശികലയുടെ പ്രതിരോധത്തിനേറ്റ തിരിച്ചടിയായി. അവിടെയെത്തിയ പോലീസ് എംഎല്‍എമാരെ ചോദ്യം ചെയ്തു. നിങ്ങളെ ബലംപ്രയോഗിച്ചു കൊണ്ടുവന്നതാണോ അതോ സ്വമേധയാ എത്തിയതാണോ എന്ന് പേപ്പറില്‍ എഴുതി നല്‍കാനും ആവശ്യപ്പെട്ടു.

ജയലളിതയുടെ ബാല്യകാല സുഹൃത്തുക്കള്‍ പനീര്‍ശെല്‍വത്തിനൊപ്പം
paneer22
ജയലളിതയുടെ ബാല്യകാല സുഹൃത്തുക്കളെ കുഴക്കിയിരുന്ന ഒരു ചോദ്യമായിരുന്നു ശശികലയ്‌ക്കൊപ്പം നില്‍ക്കണമോ അതോ പനീര്‍ശെല്‍വത്തിനു പിന്തുണ നല്‍കണമോയെന്നത്. ഒടുവില്‍ അവര്‍ ജയയുടെ തോഴിയായ ശശികലയെ മറികടന്ന് പനീര്‍ശെല്‍വത്തിനു പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ജയലളിത പനീര്‍ശെല്‍വത്തെ തന്റെ പിന്‍ഗാമിയായി കാട്ടിയത് അദ്ദേഹത്തിലുള്ള വിശ്വാസംമൂലമായിരുന്നെന്ന്് സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ച പാര്‍ക്ക് കോണ്‍വെന്റിലെ ജയയുടെ സുഹൃത്തുക്കള്‍ പറയുന്നു.

ശശികലയുടെ വിശ്വസ്തന്‍ ഒപിഎസ് പക്ഷത്തേക്കു ചാടി

വി.കെ ശശികലയുടെ വിശ്വസ്തനെന്നു കരുതപ്പെട്ടിരുന്ന എഐഎഡിഎംകെ മന്ത്രി കെ. പാണ്ഡ്യരാജന്‍ പനീര്‍ശെല്‍വത്തെ പിന്തുണച്ചത് ചിന്നമ്മയുടെ പത്തിയ്‌ക്കേറ്റ അടിയായിരുന്നു. അമ്മയുടെ ഓര്‍മയും എഐഎഡിഎംകെയുടെ ഐക്യവും കാത്തു സൂക്ഷിക്കാന്‍ വേണ്ടി എല്ലാ ജനങ്ങളുടെയും പ്രതിനിധിയായാണ് താന്‍ ഈ തീരുമാനം കൈക്കൊള്ളുന്നതെന്നും പാണ്ഡ്യരാജന്‍ ട്വിറ്ററില്‍ കുറിച്ചു. തമിഴ്‌നാട്ടിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പാണ്ഡ്യരാജന്‍ അടുത്ത കാലംവരെ പനീര്‍ശെല്‍വത്തിന്റെ കടുത്ത വിമര്‍ശകനായിരുന്നു എന്നതാണ് വിരാധാഭാസം.

ഗവര്‍ണര്‍ക്ക് ശശികലയുടെ കത്ത്
sasikalagoverner_01102017
ഭൂരിപക്ഷം തെളിയിക്കാന്‍ തനിക്ക് അവസരം തരണമെന്നാവശ്യപ്പെട്ടുകൊണ്ട് ശശികല ഗവര്‍ണര്‍ക്ക് കത്തെഴുതി. തനിക്കു ഭൂരിപക്ഷമുണ്ടെന്നും മന്ത്രിസഭ രൂപീകരിക്കാന്‍ തന്നെ അനുവദിക്കണമെന്നും കത്തില്‍ പറയുന്നു. എംഎല്‍എമാരുടെ പേരുവിവരങ്ങളും ഒപ്പും കൈമാറുകയും ചെയ്തു.

എംഎല്‍എമാരെ കടത്തിയതില്‍ വിശദീകരണം ആവശ്യപ്പെട്ട് കോടതി

എംഎല്‍എമാരെ അന്യായമായി കടത്തിക്കൊണ്ടു പോയതിനും അതില്‍ 20പേര്‍ ഉപവാസം കിടന്നതിനും വ്യക്തമായ വിശദീകരണം മദ്രാസ് ഹൈക്കോടതി ശശികലയോട് ആവശ്യപ്പെട്ടു

മധുസൂദനനെ പുറത്താക്കി

എഐഎഡിഎംകെ പാര്‍ട്ടിയിയിലെ പ്രസീഡിയം ചെയര്‍മാനായിരുന്ന ഇ. മധുസൂദനനെ പനീര്‍ശെല്‍വത്തിനു വേണ്ടി ചരടുവലി നടത്തിയെന്നാരോപിച്ച് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ കെ.എ സെങ്കോട്ടയനെ ഈ സ്ഥാനത്ത്് പകരം അവരോധിച്ചു.

മധുസൂദനന്റെ മറുപാര

ശശികലയുടെ പാര്‍്ട്ടി മേധാവിത്വം ചോദ്യം ചെയ്തു കൊണ്ട് മധുസൂദനന്‍ തെരഞ്ഞെടുപ്പ് കമ്മീഷനു കത്തയച്ചു. പാര്‍ട്ടി അംഗത്വം പോലുമില്ലാത്ത് ശശികല എങ്ങനെ തുടര്‍ച്ചയായി അഞ്ചുവര്‍ഷം പാര്‍ട്ടിയ്ക്കു വേണ്ടി പ്രവര്‍ത്തിച്ച ആള്‍ക്കുമാത്രം നല്‍കാവുന്ന ജനറല്‍ സെക്രട്ടറി സ്ഥാനത്തെത്തിയെന്നും മധുസൂദനന്‍ ചോദിക്കുന്നു.

ഉന്നത പോലീസുദ്യോഗസ്ഥര്‍ ഗവര്‍ണറെ കണ്ടു

ഉന്നത പോലീസ് അധികാരികള്‍ സംസ്ഥാനത്തെ രാഷ്ട്രീയ അനശ്ചിതാവസ്ഥയെപ്പറ്റി ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവുമായി ചര്‍ച്ച നടത്തി. ചര്‍ച്ച 45 മിനിറ്റ് നീണ്ടു.

ശശികലയ്ക്കാശ്വാസമായി എംഎല്‍എമാരുടെ വാക്കുകള്‍

എംഎല്‍എമാരെ കടത്തിക്കൊണ്ടു പോയെന്ന ആരോപണം നാനാവഴിയ്ക്കു നിന്നു ശക്തമാകുമ്പോള്‍, തങ്ങളെ ആരും തട്ടിക്കൊണ്ടു പോയതല്ലെന്നും തങ്ങള്‍ സ്വമേധയാ പോയതാണെന്നുമുള്ള എംഎല്‍എമാരുടെ പ്രസ്താവന ശശികലയ്ക്ക് ആശ്വാസമേകുകയാണ്.

Related posts