അടുത്തിടെയാണ് ആ ആരോപണവുമായി സൈനു പള്ളിത്താഴത്ത് രംഗത്തെത്തിയത്. 1991ല്‍ പുറത്തിറങ്ങിയ ഭരതം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ കഥ തന്റേതാണെന്നും അത് അടിച്ചുമാറ്റിയാണ് മോഹന്‍ലാലും സംവിധായകന്‍ സിബി മലയിലും സൂപ്പര്‍ഹിറ്റ് ചിത്രമൊരുക്കിയതെന്നുമായിരുന്നു ആരോപണം. സൈനുവിന്റെ ആരോപണം സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായതോടെയാണ് സിബി വിവാദങ്ങളെക്കുറിച്ച് പ്രതികരണവുമായി രംഗത്തെത്തിയത്. തന്റെ കുടുംബത്തില്‍ നടന്ന അടുത്തറിയാവുന്ന ഒരു സംഭവത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രൂപപ്പെടുത്തിയ കഥയാണ് ഭരതമെന്നാണ് സിബിയുടെ വിശദീകരണം.
സൈനുവിന്റെ കഥയായിരുന്നുവെങ്കില്‍ ഇത്രനാള്‍ അയാള്‍ എവിടെയായിരുന്നുവെന്ന് സിബി ചോദിക്കുന്നു. എനിക്കറിയാവുന്ന സംഭവത്തെ അടിസ്ഥാനമാക്കിയൊരുക്കിയ ചിത്രത്തിന്റെ കഥ എങ്ങനെ സൈനുവിന്റേതാകും? സിനിമ പുറത്തിറങ്ങി ഇത്രയും വര്‍ഷങ്ങള്‍ക്കുശേഷം ഭരതത്തിന്റെ കഥ തന്‍റേതാണെന്നു പറഞ്ഞ് ഒരാള്‍ രംഗത്തു വന്നതിനു പിന്നില്‍ മറ്റെന്തോ ഉദ്ദേശ്യമാണ്. അദ്ദേഹത്തിന്റെ ആരോപണങ്ങളിലൊന്നും സത്യമില്ല.
മോഹന്‍ലാലിനു അദ്ദേഹത്തിന്റെ കഥ മോഷ്ടിക്കേണ്ട ആവശ്യമില്ല. പ്രചരിക്കുന്നതെല്ലാം അവാസ്തവമായ കാര്യങ്ങളാണ്. സൈനു സംവിധാനം ചെയ്ത ചിത്രത്തിന്‍റെ നിലവാരവും ഭരതത്തിന്റെ നിലവാരവും നോക്കൂ. മാധ്യമ ശ്രദ്ധ നേടിയെടുക്കാനുള്ള ചില ശ്രമങ്ങള്‍ നടത്തിയതായി മാത്രമെ ഇതിനെ കാണാനാകൂ- സിബി പറയുന്നു.