പ്രകൃതി ഒരുക്കുന്ന കാഴ്ചകള്‍ എപ്പോഴും കൗതുകകരവും അതേസമയം അത്ഭുതം വിരിയിക്കുന്നതുമാണ്. പ്രത്യേകിച്ച് മഞ്ഞുകാലത്തെ കാഴ്ചകള്‍ ശരീരത്തിനും മനസിനും കുളിര്മ്മയേകാറുണ്ട്. നോര്‍ത്തേണ്‍ ബവേറിയില്‍ ഒരിടത്ത് മീന്‍പിടിക്കാനെത്തിയ പൊന്മാന് മഞ്ഞുകട്ടയില്‍ ഉറഞ്ഞുപോയപ്പോള്‍ അതൊരു ശില്പമായി. നോര്‍ത്തേണ്‍ ബവേറിയയിലെ വീസെന്ഡോഫ്റ്റിലാണ് രണ്ട് പൊന്മാനുകളെ മഞ്ഞുകട്ടയില്‍ ഉറഞ്ഞ് ജീവന് നഷ്ടപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വെള്ളത്തിന്റെ ആഴത്തിലേക്ക് പറന്നിറങ്ങിയ പൊന്മാനുകള് വെള്ളം കട്ടിയായപ്പോള്‍ അതിനുള്ളില്‍ അകപ്പെടുകയായിരുന്നു.
കഴിഞ്ഞ ദിവസം വീസെന്ഡോഫ്റ്റിലെത്തിയ വനപാലകരാണ് ഇത്തരത്തിലൊരു സംഭവം കണ്ടെത്തിയത്. മഞ്ഞുകട്ടയില്‍ ഉറഞ്ഞ നിലയില്‍ പൊന്മാനെ വനപാലകര്‍ മുറിച്ചെടുത്ത് സൂക്ഷിച്ചിട്ടുണ്ട്. ഇത്തരത്തിലൊന്ന് താന്‍ മുന്‍പെങ്ങും കണ്ടിട്ടില്ലെന്ന് വനപാലകനായ പീറ്റര്‍ പ്രൊയബ്സറ്റില് പറഞ്ഞു. അപകടം സംഭവിച്ചതാണെങ്കിലും മഞ്ഞുകട്ടയില്‍ ഉറച്ച നിലയിലുള്ള പൊന്മാന് കാഴ്ചക്കാര്‍ക്ക് നവ്യാനുഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിലപ്പെട്ടതെന്തെങ്കിലും ത്യജിച്ചോ, ത്യാഗം അനുഷ്ഠിച്ചോ മാത്രമേ നല്ല കലാസൃഷ്ടിയെ രൂപപ്പെടുത്തിയെടുക്കാനാവുകയുള്ളു എന്ന പരമമായ സത്യത്തെ ഒരിക്കല്‍ക്കൂടി ഊട്ടിയുറപ്പിക്കുകകൂടിയായിരുന്നു പ്രകൃതി എന്ന നിത്യസത്യം.