ക്രിസ്മസ് കാലത്തായിരുന്നു മലയാള സിനിമയെ പ്രതിസന്ധിയിലാക്കി എ ക്ലാസ് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് സമരം പ്രഖ്യാപിച്ചത്. തിയറ്ററുകളില്‍ നിന്ന് ഉടമകള്‍ക്കു ലഭിക്കുന്ന വരുമാന വിഹിതം വര്‍ധിപ്പിക്കുക, തിയറ്റര്‍ വിഹിതം നിലവിലെ 40-60 എന്ന ശതമാനക്കണക്കില്‍ നിന്ന് 50-50 ശതമാനത്തിലേക്ക് മാറ്റുക എന്നിവയായിരുന്നു എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ ആവശ്യം. ലിബര്‍ട്ടി ബഷീറായിരുന്നു സംഘടനയുടെ പ്രസിഡന്റ്. രണ്ടാഴ്ച്ചക്കാലം തിയറ്ററുകളെ വിജനമാക്കിയ സമരം പക്ഷേ എട്ടുനിലയില്‍ പൊട്ടി. നടന് ദിലീപിന്റെ നേതൃത്വത്തില്‍ തിയറ്റര്‍ ഉടമകളുടെ പുതിയ സംഘടനയും നിലവില്‍ വന്നു. അനവസരത്തില്‍ സമരത്തിന് ആഹ്വാനം നടത്തിയ എക്സിബിറ്റേഴ്സ് ഫെഡറേഷനിലെ അംഗങ്ങള്‍ക്ക് കാര്യമായ തട്ടുകേടു കിട്ടിയില്ലെങ്കിലും പണികിട്ടിയ ഒരാളുണ്ട്, മറ്റാരുമല്ല ലിബര്‍ട്ടി ബഷീറിന് തന്നെ.
ദിലീപിന്റെ നേതൃത്വത്തിലുള്ള പുതിയ സംഘടനയിലേക്ക് തിയറ്റര്‍ ഉടമകള്‍ പോയതോടെ ബഷീര്‍ ഒറ്റപ്പെട്ടു. ഇപ്പോള്‍ പുതിയ റിലീസിംഗ് ചിത്രങ്ങള്‍ ബഷീറിന്റെ തിയറ്ററിന് നല്‍കുന്നതുമില്ല. തന്മൂലം നീലചിത്രങ്ങളും പഴയ ഹിറ്റ് സിനിമകളും കളിക്കേണ്ട ഗതിയിലാണ് കണ്ണൂരിലെ ലിബര്‍ട്ടി തിയറ്ററിന്. തങ്ങളുടെ വ്യവസ്ഥകള്‍ രേഖാമൂലം അംഗീകരിക്കുന്നത് വരെ സിനിമകള്‍ നല്‍കില്ലെന്നായിരുന്നു സമരത്തിന് അവസാനംകണ്ട ചര്‍ച്ചയില്‍ നിര്‍മാതാക്കളും വിതരണക്കാരും നിലപാടെടുത്തത്. ലിബര്‍ട്ടി ബഷീര്‍ അടക്കമുള്ള ചുരുക്കം തീയേറ്റര്‍ ഉടമകള്‍ ഇനിയും കരാര്‍ അംഗീകരിക്കാത്തതിനാല്‍ അവര്‍ക്കുള്ള വിലക്ക് തുടരുകയാണ്.
കണ്ണൂരില്‍ ലിബര്‍ട്ടി ബഷീറിന്റെ ഉടമസ്ഥതയില്‍ തീയേറ്റര്‍ സമുച്ചയത്തില്‍ അഞ്ച് സ്ക്രീനുകളാണുള്ളത്. ഇതില്‍ ലിബര്‍ട്ടി പാരഡൈസില്‍ ഇപ്പോള്‍ പ്രദര്‍ശനമില്ല. ലിറ്റില്‍ പാരഡൈസിലും ലിബര്‍ട്ടി മൂവി ഹൗസിലും മിനി പാരഡൈസിലുമൊക്കെ ഒരുകാലത്ത് സി ക്ലാസ് തീയേറ്ററുകാര്‍ പ്രദര്‍ശിപ്പിച്ചിരുന്ന തരം സിനിമകളാണ്. സെമിപോണ്‍ വിഭാഗത്തില്‍പ്പെടുത്താവുന്ന തമിഴ്, ഇംഗ്ലീഷ് സിനിമകള്‍. എല്ലാം പഴയവ തന്നെ. പതിമൂന്നാംപക്കം പാര്‍ക്കാം, സീക്രട്ട് ഗേള്‍സ് 009, പാരെ വെള്ളയ്യ ദേവ, പൊല്ലാത്തവള്‍ എന്നീ സിനിമകള്‍. ലിബര്‍ട്ടി സ്യൂട്ട് എന്ന സ്ക്രീനില്‍ മാത്രമാണ് പുതിയ ചിത്രമുള്ളത്. ബോളിവുഡില്‍ നിന്നുള്ള ഷാരൂഖ് ഖാന്റെ റയീസ്. പുതിയ സംഘടനയിലേക്ക് ചേര്‍ന്നാല്‍ മാത്രമേ സിനിമാ റിലീസുകള്‍ നല്‍കൂ എന്ന നിലപാടിലാണ് പുതിയ സംഘടനയിലെ നേതാക്കള്‍. എന്നാല്‍ അതിന് ഞാന്‍ വഴങ്ങില്ല. എന്റെ തീരുമാനത്തില്‍ ഉറച്ച് നില്ക്കും. പുതിയ സിനിമകള്‍ റിലീസ് ചെയ്യാത്തതുകൊണ്ട് നഷ്ടവും സംഭവിച്ചിട്ടില്ല- ബഷീര്‍ രാഷ്ട്രദീപികഡോട്ട്കോമിനോട് പറഞ്ഞു.