തൃശൂര്‍: പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയെ കോപ്പിയടിക്കേസില്‍ കരുതിക്കൂട്ടി കുടുക്കിയതാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്. മാനേജ്മെന്റിന്റെ വിമര്‍ശിച്ചതിന്റെ പേരിലായിരുന്നു പ്രതികാരനടപടി. പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. കോപ്പിയടി കേസില്‍ ജിഷ്ണുവിനെ മനപൂര്‍വം പ്രതിചേര്‍ക്കുകയായിരുന്നു. എന്നാല്‍ പ്രിന്സിപ്പാല് ഇത് എതിര്‍ത്തിരുന്നെന്നും റിപ്പോര്‍ട്ട് പറയുന്നു.
കോപ്പിയടിക്കേസില്‍ ജിഷ്ണുവിനെ കുടിക്കിയതിന്റെ മുഖ്യ സൂത്രധാരന്‍ ചെയര്മാന് പി.കൃഷ്ണദാസ് ആയിരുന്നു. ജിഷ്ണു പരീക്ഷയ്ക്കിരുന്ന രണ്ടു ഹാളിലും പ്രവീണ്‍ എന്ന അധ്യാപകനെയാണ് ചുമതലയേല്‍പ്പിച്ചത്. ജിഷ്ണുവിനെ കോപ്പിയടിയില്‍ കുടുക്കാന്‍ മാനേജ്മെന്റ് പ്രവീണിനെ ചുമതലപ്പെടുത്തുകയായിരുന്നു. ഇത് പ്രവീണ്‍ നടപ്പാക്കി. ജിഷ്ണു കോപ്പിയടിച്ചെന്ന് ആരോപിച്ച് പ്രിന്‍സിപ്പലിനെ സമീപിച്ചപ്പോള്‍ യൂണിവേഴ്സിറ്റിയില്‍ അറിയിക്കേണ്ടതായ കുറ്റമൊന്നും ഇതിലില്ലെന്നായിരുന്നു അദ്ദേഹം നിലപാട് എടുത്തത്. എന്നാല്‍ പ്രവീണ്‍ അടക്കമുള്ള മാനേജ്മെന്റിന്റെ അടുപ്പക്കാരായ ജീവനക്കാര്‍ ജിഷ്ണുവിനെ വൈസ് പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക് കൊണ്ടുപോയി. ഇവിടെവച്ചാണ് ജിഷ്ണുവിനെ മര്‍ദിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.