തൃശൂര്‍: ഗിന്നസ് രാജു മാസ്റ്ററും 176 ശിഷ്യന്മാരും ലോക റിക്കാര്‍ഡിനായി 53 മീറ്റര്‍ നീളത്തില്‍ ഒരു വേദിയുണ്ടാക്കി. ശ്രുതിയും ലയവും ഈണവും ഇഴചേര്‍ത്ത് അവര്‍ അവിടം സംഗീതസാന്ദ്രമാക്കി. മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഗാനങ്ങളും ശാസ്ത്രീയ സംഗീതവും സമന്വയിപ്പിച്ച് ഒരുമണിക്കൂര്‍ സമയം അവര്‍ അവതരിപ്പിച്ച സംഗീതവിരുന്നു ലോക റിക്കാര്‍ഡ് ശ്രമത്തിലേക്കു സ്വരം ചേര്‍ക്കുകയാണ്.
ലോകത്തിലെ ഏറ്റവും നീളം കൂടിയ സ്‌റ്റേജില്‍ സംഗീത വിരുന്നൊരുക്കി ഗിന്നസ്, ലിംക റിക്കാഡുകള്‍ നേടാന്‍ അയ്യന്തോള്‍ മ്യൂസിക് സെന്‍റര്‍ സ്കൂള്‍ ഓഫ് മ്യൂസിക് വിദ്യാര്‍ഥികളാണ് അരണാട്ടുകര നേതാജി ഗ്രൗണ്ടില്‍ അണിനിരന്നത്. 53 മീറ്റര്‍ നീളത്തില്‍ മൂന്നു വരികളായി 66 ഓര്‍ഗണ്‍, 56 ഗിറ്റാര്‍, 54 വയലിന്‍ എന്നിങ്ങനെ സംഗീത ഉപകരണങ്ങള്‍ ഉപയോഗിച്ച് 176 കുട്ടികള്‍ റിക്കാര്‍ഡ് പ്രകടനം കാഴ്ചവച്ചത്.
വയലിന്‍, ഗിറ്റാര്‍, ഓര്‍ഗന്‍ എന്നീ ക്രമത്തില്‍ ഓരോന്നും പത്തുമിനിറ്റുവീതമാണു വിദ്യാര്‍ഥികള്‍ വായിച്ചത്. താളത്തിന്‍റെ അകന്പടിയില്ലാതെ ഇന്‍സ്ട്രക്ടര്‍ രാജു മാസ്റ്റര്‍ നല്കികൊണ്ടിരുന്ന ആംഗ്യസന്ദേശവും ടൈമിംഗും മനസിരുത്തിയാണ് വിദ്യാര്‍ഥികള്‍ പ്രകടനം നടത്തിയത്. “ഞാനും ഞാനുമെന്‍റാളും…’, “മിനുങ്ങും മിന്നാമിനുങ്ങേ…’, “തും പാസ് ആയേ…’, “സുന്‍ രഹാ ഹെ ന തൂ…’ എന്നു തുടങ്ങുന്ന പ്രശസ്ത ഗാനങ്ങളും വിഖ്യാത ഇംഗ്ലീഷ് ഗാനങ്ങളുമടക്കം 11 പാട്ടുകളും കര്‍ണാട്ടിക് സംഗീതത്തിലെ ചില കീര്‍ത്തനങ്ങളും കുട്ടികള്‍ വായിച്ചു.
റിക്കാര്‍ഡ് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികളായ ചാള്‍സണ്‍ ഏഴിമല, സാജു വേലിക്കുന്നേല്‍, സുജിഷ, അബ്ദുള്‍ റസാഖ് എന്നിവര്‍ റിക്കാര്‍ഡ് പ്രകടനത്തിനു വിധികര്‍ത്താക്കളും എംഎസ്എംഇ ഡവലപ്‌മെന്‍റ് ഇന്‍സ്റ്റിറ്റിയൂട്ടിലെ അസി. ഡയറക്ടര്‍മാരായ കെ.സി. ജോണ്‍സണ്‍, ശിവചരണ്‍ മീന, പി.ബി. സുരേഷ്ബാബു എന്നീ ഗസറ്റഡ് ഉദ്യോഗസ്ഥര്‍ സാക്ഷികളുമായി. ഇവര്‍ നല്കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും ലോക റിക്കാര്‍ഡ് അംഗീകാരം നിര്‍ണയിക്കപ്പെടുക. ലോക റിക്കാര്‍ഡ് സംഗീതവിരുന്ന് മേയര്‍ അജിത ജയരാജന്‍ ഗിറ്റാറില്‍ താളമിട്ട് ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഷീല വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. മുന്‍ സ്പീക്കര്‍ തേറന്പില്‍ രാമകൃഷ്ണന്‍ മുഖ്യാതിഥിയായി. കൗ ണ്‍സിലര്‍മാരായ പ്രിന്‍സി രാജു, ഫ്രാന്‍സിസ് ചാലിശേരി, ലാലി ജെയിംസ്, എം.എല്‍. റോസി, മുന്‍ കൗണ്‍സിലര്‍ ഫ്രാന്‍സിസ് തേറാട്ടില്‍, ഫാ. ജോ സഫ് മുരിങ്ങാ ത്തേരി എന്നിവര്‍ ആശംസകള്‍നേര്‍ന്നു. 2011 നവംബറില്‍ 136 കുട്ടികളെ ഒരുമിച്ച് ചേര്‍ത്ത് ഓര്‍ഗണില്‍ സംഗീതവിരുന്ന് ഒരുക്കി ഗിന്നസ് ബുക്കിലും ലിംക ബുക്ക് ഓഫ് റിക്കാര്‍ഡ്‌സിലും രാജു മാസ്റ്ററും കുട്ടികളും ഇടംനേടിയിരുന്നു.