ജനങ്ങളും പോലീസുമായുള്ള ബന്ധത്തില്‍ വലിയ അഴിച്ചുപണി! മുഴുവന്‍ പോലീസ് സ്‌റ്റേഷനുകളും ജനമൈത്രി പോലീസ് സ്‌റ്റേഷനുകളാക്കും

വെബ് ഡെസ്ക്
police-station
കോട്ടയം: സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സ്‌റ്റേഷനുകളും ജനമൈത്രി പോലീസ് സ്‌റ്റേഷനുകളാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. അതിന്‍റെ പ്രാഥമിക നടപടികള്‍ സ്വീകരിക്കാന്‍ പോലീസ് നേതൃത്വം ജില്ലാ പോലീസ് മേധാവികള്‍ക്കു നിര്‍ദേശം നല്‍കി. ഒരോ പ്രദേശത്തെയും ഓരോ ബീറ്റ് ആയി തിരിക്കും. ഇവയുടെ ചുമതല പോലീസുകാര്‍ക്കു വീതിച്ചു നല്‍കും. തന്‍റെ ബീറ്റില്‍ ഉള്‍പ്പെട്ട വീടുകള്‍ പോലീസുകാര്‍ നിര്‍ബന്ധമായും സന്ദര്‍ശിച്ചിരിക്കണം. ജനങ്ങളുമായി സംവദിക്കുകയും അവരുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും മനസിലാക്കുകയും വേണം. ജനങ്ങളും പോലീസുമായുള്ള ബന്ധത്തില്‍ വലിയ അഴിച്ചുപണിയാണ് ഇതുവഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജനങ്ങളോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന പോലീസ് സംവിധാനം കൊണ്ടുവരികയാണ് ലക്ഷ്യം.

ഇനി ഓഫീസ് ജോലി മാത്രമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടാവുകയില്ല. പോലീസ് ചീഫ്, ഡിവൈഎസ്പി തുടങ്ങിയവരുടെ ഓഫീസുകളില്‍ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരും നിശ്ചിത സമയങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കേണ്ടി വരും.

ഇപ്പോള്‍ത്തന്നെ നിരവധി പോലീസ് സ്‌റ്റേഷനുകള്‍ ജനമൈത്രി പോലീസ് സ്‌റ്റേഷനുകളായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുവഴി സമൂഹത്തിനു പ്രയോജനപ്രദമായ പലകാര്യങ്ങളും ചെയ്യാനും പോലീസിനു കഴിയുന്നുണ്ട്. പാലിയേറ്റീവ് കെയര്‍ മുതല്‍ പഠനസഹായം വരെയുള്ള കാര്യങ്ങള്‍ പോലീസും ജനങ്ങളും കൈകോര്‍ത്തു ചെയ്യുന്നു. ഇത്തരം സഹകരണം സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കും. ജനമൈത്രി സംവിധാനം വ്യാപകമാക്കുന്നതിനൊപ്പം പോലീസുകാര്‍ക്കു പ്രത്യേക പരിശീലനങ്ങളും നല്‍കാനാണ് തീരുമാനം.

Related posts