സ്വന്തം ലേഖകൻ
കോഴിക്കോട്: സദാചാര ഗുണ്ടായിസം കാന്പസിനകത്തും പുറത്തും വച്ചുപൊറുപ്പിക്കില്ലെന്ന് എസ്എഫ്ഐ അഖിലേന്ത്യ ജനറൽ സെക്രട്ടറി വിക്രം സിംഗ്. എസ്എഫ്ഐ സദാചാര ഗുണ്ടായിസത്തിനെതിരാണെന്നും അതിൽ ഒരു കാലത്തും മാറ്റമുണ്ടാവില്ലെന്നും വിക്രം സിംഗ് “രാഷ്ട്ര ദീപിക’യോട് പറഞ്ഞു. സംഘടനയിൽ സദാചാര ബോധം വച്ചുപുലർത്തുന്നവരെ പുറത്താക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എതിരാളികളെ ലൈംഗികമായി അധിക്ഷേപിക്കുന്നതും സംഘടനാ നയമല്ല. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ നടപടിയെടുക്കണമെന്ന് കീഴ്കമ്മിറ്റികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളോട് മാന്യമായി പെരുമാറണമെന്നതാണ് എസ്എഫ്ഐ നിലപാട്. അതിൽനിന്നും വ്യതിചലിക്കുന്നവർ സംഘടന വിട്ടു പോകുന്നതാണ് നല്ലത്. ഇത്തരക്കാരെ കണ്ടെത്തി നടപടി സ്വീകിരക്കാൻ സംസ്ഥാന കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
യൂണിവേഴ്സിറ്റി കോളജിൽ നടന്ന സംഭവം ദൗർഭാഗ്യകരമാണ്. സംഭവത്തിൽ പങ്കുള്ള പ്രവർത്തകർക്കെതിരെ നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും വിക്രം സിംഗ് കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം നാടകം കാണാനായി യൂണിവേഴ്സിറ്റി കോളജിലെത്തിയ ജിജേഷിന് മർദനമേറ്റിരുന്നു. സദാചാര പോലീസ് ചമഞ്ഞാണ് കാന്പസിലെ എസ്എഫ്ഐ പ്രവർത്തകർ ജിജേഷിനെ മർദിച്ചത്. സംഭവത്തിൽ എസ്എഫ്ഐ മുൻ യൂണിറ്റ് സെക്രട്ടറി അടക്കം 13 പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
സംഭവം വിവാദമായതോടെ പ്രവർത്തകരെ പുറത്താക്കി മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് എസ്എഫ്ഐ. സംഭവവുമായി ബന്ധപ്പെട്ട് കേസിലെ പ്രതികളെ പരസ്യമായി തള്ളിപ്പറയാൻ നേതൃത്വം ഇതുവരെ തയാറായിരുന്നില്ല. കേന്ദ്ര കമ്മിറ്റിയിൽ തികഞ്ഞ അതൃപ്തിയുണ്ടെങ്കിലും കേരളത്തിലെ നേതാക്കൻമാർക്ക് സംഭവത്തിലെ പ്രതികളെ തള്ളിപ്പറയാൻ താത്പര്യമില്ലെന്നാണ് വിവരം.